കണക്ക്, സയൻസ് അധ്യാപകർക്ക് ബ്രിട്ടനിൽ അവസരം; ഇന്ത്യക്കാർക്കു മുന്തിയ പരിഗണന
Mail This Article
ലണ്ടൻ ∙ പതിനായിരം പൗണ്ട് (10.1 ലക്ഷം രൂപ) പ്രത്യേക ധനസഹായത്തോടെ ബ്രിട്ടനിലേക്ക് കണക്ക്, സയൻസ് അധ്യാപകരെ എത്തിക്കാനുള്ള പദ്ധതിയിൽ ഇന്ത്യക്കാർക്കു മുന്തിയ പരിഗണന നൽകും. ഇന്ത്യയ്ക്കു പുറമേ നൈജീരിയ, ഘാന, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളിൽ നിന്നും നൂറുകണക്കിന് അധ്യാപകരെ നിയമിക്കുമെന്ന് ‘ദ് ടൈംസ്’ ദിനപത്രം റിപ്പോർട്ട് ചെയ്തു.
പുനരധിവാസച്ചെലവുകൾ വഹിച്ച് ബ്രിട്ടനിലേക്ക് അധ്യാപകരെ എത്തിക്കാനുള്ള ഇന്റർനാഷനൽ റീലൊക്കേഷൻ പേയ്മെന്റ്സ് പദ്ധതിയുടെ ഭാഗമാണിത്. 2023– 24 ൽ വിവിധ വിഷയങ്ങളിലായി 300– 400 വിദേശ അധ്യാപകരെ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വീസച്ചെലവ്, ഹെൽത്ത് സർചാർജ്, മറ്റ് ചെലവുകൾ എന്നിവയെല്ലാം വഹിക്കും. ഇതിനായുള്ള റിക്രൂട്മെന്റ് ക്യാംപെയ്ൻ തുടങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.
അധ്യാപകർക്ക് ഡിഗ്രിയും ടീച്ചിങ് യോഗ്യതകളും ഒരു വർഷമെങ്കിലും പ്രവൃത്തിപരിചയവും വേണം. അണ്ടർ ഗ്രാജ്വേറ്റ് നിലവാരത്തിൽ ഇംഗ്ലിഷ് സംസാരിക്കാനും അറിയണം. കുറഞ്ഞത് 27,000 പൗണ്ട് (27.5 ലക്ഷം രൂപ) വാർഷിക ശമ്പളം ലഭിക്കും.