സ്കോളർഷിപ് ഫലം: എൽഎസ്എസ് വിജയശതമാനം ഉയർന്നു; യുഎസ്എസ് താഴേക്ക്

Mail This Article
തിരുവനന്തപുരം∙ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 4–ാം ക്ലാസ് വിദ്യാർഥികൾക്കുള്ള എൽഎസ്എസിൽ വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയർന്നപ്പോൾ (20.08) 7–ാം ക്ലാസ് വിദ്യാർഥികൾക്കുള്ള യുഎസ്എസ് വിജയ നിരക്ക് പത്തിനു താഴേക്ക് ഇടിഞ്ഞു(7.79). കഴിഞ്ഞ വർഷം ഇത് യഥാക്രമം 17.3, 12.13 ശതമാനം ആയിരുന്നു.
എൽഎസ്എസിന് 1,06,645 കുട്ടികൾ പരീക്ഷ എഴുതിയതിൽ 21,414 പേർ സ്കോളർഷിപ്പിന് അർഹരായപ്പോൾ 95,262 കുട്ടികൾ എഴുതിയ യുഎസ്എസിൽ 7420 പേർ മാത്രമാണു യോഗ്യത നേടിയത്. എൽഎസ്എസിൽ 60 ശതമാനവും യുഎസ്എസിൽ 70 ശതമാനവും ആയിരുന്നു യോഗ്യതാ മാർക്ക്.
ഫലം പരീക്ഷാഭവൻ വെബ്സൈറ്റിൽ (www.pareekshabhavan.kerala.gov.in) ലഭ്യമാണ്. യുഎസ്എസ് പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ ഉയർന്ന മാർക്ക് നേടിയ 1577 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിലേക്ക് യോഗ്യത നേടി. ഇവർക്ക് വിദ്യാഭ്യാസ ജില്ലാ തലത്തിൽ പ്രത്യേക പരിശീലനവും പഠന സാമഗ്രികളും നൽകുന്നതിനൊപ്പം ജില്ലാ–സംസ്ഥാനതല ക്യാംപുകളും സംഘടിപ്പിക്കും.