പൊതുവിദ്യാഭ്യാസം കഴിഞ്ഞ ബജറ്റിലെ പദ്ധതികൾ നടപ്പായില്ല പാഠം ഒന്ന്: ‘വിദ്യാഭ്യാസ ബജറ്റ് ’ വായനയ്ക്കായി മാത്രം !

Mail This Article
തിരുവനന്തപുരം ∙ എല്ലാ ജില്ലകളിലും ഒരു മോഡൽ സ്കൂൾ, 6 മാസത്തിലൊരിക്കൽ അധ്യാപകർക്ക് റസിഡൻഷ്യൽ പരിശീലനം, സ്കൂൾ വികസനത്തിന് പൂർവവിദ്യാർഥികളിൽ നിന്നുൾപ്പെടെ സംഭാവന സ്വീകരിച്ചുള്ള എജ്യുക്കേഷൻ പ്രമോഷൻ ഫണ്ട്, സ്കൂളുകൾക്ക് ഗ്രേഡിങ്, അധ്യാപകർ മുതൽ ഡിഡി വരെയുള്ളവരുടെ പ്രകടന മികവ് വിലയിരുത്താൻ പദ്ധതി, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്ന പുതിയ പദ്ധതി... കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രഖ്യാപിച്ച പുത്തൻ പദ്ധതികളാണിതെല്ലാം.
ഇന്ന് അടുത്ത ബജറ്റ് അവതരിപ്പിക്കുമ്പോഴും ഇതൊന്നും നടപ്പായിട്ടില്ല. വകയിരുത്തിയ കോടികളും വാഗ്ദാനം മാത്രമായി. പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള പതിവുപദ്ധതികൾക്കപ്പുറം കഴിഞ്ഞ ബജറ്റിൽ പുതിയതായി പ്രഖ്യാപിച്ചതെല്ലാം വെറുതേയായി. ഈ മേഖലയിലെ ഏറ്റവും വലിയ ബജറ്റ് വിഹിതം ഉച്ചഭക്ഷണ പദ്ധതിക്കാണെങ്കിലും അതുപോലും സമയത്തു നൽകാത്തത് സ്കൂളുകളെ കടക്കെണിയിലാക്കുന്നു. ഇതുൾപ്പെടെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതവും കുടിശികയാണ്.
വൻ തുക മുടക്കുന്ന കൈത്തറി യൂണിഫോം പദ്ധതിയിലും സമയത്തു പണം അനുവദിക്കാറില്ല. പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടാത്തതിനാൽ കേന്ദ്രം വിദ്യാഭ്യാസമേഖലയിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നുവെന്ന് പരാതി പറയുന്ന കേരളം അതു മറികടക്കാൻ പുതിയ ബജറ്റിൽ എന്തു ചെയ്യും എന്നതും കണ്ടറിയണം. ഇതിനു പുറമേ, പ്രീ പ്രൈമറിയിൽ 2012 മുതൽ പ്രാബല്യത്തോടെ വേതന പരിഷ്കരണം നടത്താൻ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിട്ടുമുണ്ട്. ഈ കുടിശിക കൊടുത്തു തീർക്കാൻ തന്നെ കോടികൾ വേണ്ടിവരും. സേവന–വേതന വ്യവസ്ഥയേതുമില്ലാതെ പ്രീ പ്രൈമറിയിൽ ദീർഘകാലമായി തുച്ഛവേതനത്തിന് ജോലി ചെയ്യുന്ന അധ്യാപകർക്കും ആയമാർക്കും ന്യായമായ വേതനം ഉറപ്പാക്കുന്ന വിധി നടപ്പാക്കാനുള്ള അധിക വകയിരുത്തൽ ബജറ്റിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പ്രീ പ്രൈമറിക്കായി സേവന–വേതന വ്യവസ്ഥ തയാറാക്കണമെന്നുള്ള ഒരു പതിറ്റാണ്ടു മുൻപത്തെ ഹൈക്കോടതി വിധി പോലും നടപ്പാക്കാൻ സർക്കാരിനായിട്ടില്ല.