മധുരമായി അടിസ്ഥാനപഠാവലി പരീക്ഷ, മൂല്യബോധം ഉണർത്തി പതിനാലാമത്തെ ചോദ്യം

Mail This Article
ആത്മവിശ്വാസത്തോടെ വിദ്യാർഥികൾക്കെഴുതാൻ കഴിഞ്ഞു. അത്രയ്ക്ക് ലളിതമായിരുന്നു. എല്ലാ പാഠങ്ങൾക്കും പ്രാധാന്യം നൽകിയുള്ള ചോദ്യങ്ങൾ എല്ലാവരെയും പരിഗണിച്ചു. ഒന്നു മുതൽ അഞ്ചു വരെയുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആശയക്കുഴപ്പമില്ലാതെ നേരിട്ടു ഉത്തരത്തിൽ എത്തിക്കാൻ സാധിക്കുന്നത് കൊണ്ട് സമയക്രമം പാലിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഓണമുറ്റത്ത് എന്ന കവിതയിലെ പുള്ളുവൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ എന്ന ചോദ്യത്തിന് കവിയെ എന്ന് ആശയം ഹൃദ്യസ്ഥമാക്കിയവർക്ക് എഴുതാം.
രണ്ടാമത്തെ ചോദ്യം ചിരബന്ധു എന്ന പദത്തിന് സന്ദർഭത്തിലുള്ള അർത്ഥമാണ് ചോദിച്ചത്. ദീർഘകാലമായുള്ള ബന്ധു എന്ന് കുട്ടികൾക്ക് ഉത്തരം എഴുതാൻ കഴിയും. ഗുരുവചനം എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത് എന്ന ചോദ്യത്തിന് ഗുരുവിന്റെ വചനം എന്നും ഉത്തരം എഴുതാൻ പ്രയാസമില്ല. കോരന്റെ ഹൃദയത്തെ നോവിച്ച അപരാധബോധത്തിന് കാരണം വൃദ്ധ പിതാവിനെ തകഴിയിൽ തനിച്ചാക്കി മറുനാട്ടിൽ പോയതാണെന്നും കുട്ടികൾക്ക് ഉത്തരം അറിയാം .രണ്ടു മാർക്ക് വീതം ലഭിക്കുന്ന ചോദ്യങ്ങളും മുൻ പരിചയമുള്ളതായിരുന്നു. എന്നാലും ഉചിതമായ ചിഹ്നങ്ങൾ ചേർക്കുക വിദ്യാർഥികൾക്ക് പ്രയാസമായി. നാലു മാർക്ക് ചോദ്യങ്ങളും സമയക്രമം പാലിച്ചുകൊണ്ട് ഉത്തരമെഴുതാൻ കഴിയും വിധമുളളതായിരുന്നു. ‘ഓരോ വിളിയും കാത്ത്’ കഥയിലെ മൗനത്തിലേക്ക് ഇറങ്ങിപ്പോകുന്നു, നിസ്സഹായതയിലേക്ക് വഴുതി വീണതു പോലെ എന്നീ പ്രയോഗങ്ങൾ കഥാസന്ദർഭത്തെ ഭാവ തീവ്രമാക്കുന്നതെങ്ങനെ വിശകലന കുറിപ്പ് തയ്യാറാക്കാനുള്ള ചോദ്യം വിദ്യാർത്ഥികൾക്ക് പ്രയാസമായി. എങ്കിലും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചില്ല. പതിനാലാമത്തെ ചോദ്യം ശ്രീനാരായണഗുരുവിന്റെ ‘മതമേതായാലും കൊള്ളാം, മനുഷ്യൻ നന്നായാൽ മതി’, ‘ഒരു ജാതി, ഒരു മതം,ഒരു ദൈവം മനുഷ്യന്’ ഈ സന്ദേശങ്ങളുടെ കാലിക പ്രസക്തി തയ്യാറാക്കാനുള്ള ചോദ്യവും വിദ്യാർത്ഥികളിൽ മൂല്യബോധം ഉളവാക്കാൻ ഉതകുന്നതായിരുന്നു. ആറ് മാർക്കിന്റെ ചോദ്യങ്ങളും കുട്ടികൾക്ക് എളുപ്പത്തിൽ എഴുതാൻ കഴിയുന്ന സ്ഥിരമായ മാതൃകയിലുള്ള താണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും ആശ്വാസമേകുന്നതായിരുന്നു എസ്എസ്എൽസി അടിസ്ഥാനപഠാവലി പരീക്ഷ.
