ADVERTISEMENT

ചേര്‍ത്ത്‌ നിര്‍ത്തിയ അഞ്ചു ചുണ്ടന്‍ വള്ളങ്ങള്‍. ആ വള്ളങ്ങളിൽ തുഴക്കാരായി നിരന്നിരിക്കുന്ന അഞ്ഞൂറോളം പേര്‍. 16 മീറ്റര്‍ വീതിയില്‍ ചേർന്നുകിടക്കുന്ന ഈ ചുണ്ടന്‍ വള്ളങ്ങളുടെയും നാലു മീറ്റര്‍ ഉയരത്തിലിരിക്കുന്ന തുഴക്കാരുടെയും മുകളിലൂടെ വേക്‌ബോര്‍ഡിലെത്തിയ ഡൊമിനിക്‌ ഹെര്‍ണ്‍ലര്‍ ചീറി പറന്ന്‌ ചാടിയപ്പോള്‍ ഒരു വള്ളംകളിയുടെ  ഫിനിഷിങ് ലൈനിലെ ആവേശത്തോടെ കണ്ടു നിന്നവര്‍ ആര്‍പ്പ്‌ വിളിച്ചു.

wakeboarder-dominik-hernle-article-four

വള്ളവും വെള്ളവും പുത്തരിയല്ലാത്ത കുട്ടനാട്ടുകാര്‍ക്ക്‌ സാഹസികതയുടെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു പ്രശസ്‌ത ഓസ്‌ട്രിയന്‍ വേക്ക്‌ ബോര്‍ഡ്‌ താരം ഡൊമിനിക്കിന്റെ പ്രകടനം. ഒരു ബോര്‍ഡിലേക്ക്‌ കാലുകള്‍ ബന്ധിപ്പിച്ച്‌ നില്‍ക്കുന്ന റൈഡര്‍ മുന്നില്‍ പോകുന്ന മോട്ടോര്‍ ബോട്ടില്‍ ബന്ധിപ്പിച്ചിരിക്കുന്ന നീളന്‍ കേബിളില്‍ പിടിച്ച്‌ ബോട്ടിനൊപ്പം 50-60 കിലോമീറ്റര്‍ വേഗത്തില്‍ പായുകയും പലതരം അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ജലകായിക വിനോദമാണ്‌ വേക്ക്‌ ബോര്‍ഡിങ്‌. 

wakeboarder-dominik-hernle-article-five

ഈ കായിക ഇനത്തിലെ വെള്ളത്തിലാശാന്മാരില്‍ ഒരാളാണ് തന്റെ പ്രകടനം കൊണ്ട്‌ ആലപ്പുഴയിലെ ഓളങ്ങളെ ത്രസിപ്പിച്ചത്. ഫോക്‌സ്‌ വാഗനും റെഡ്‌ ബുള്ളും ചേര്‍ന്നാണ്‌ ഈ മാസ്‌മരിക പ്രകടനത്തിന്‌ ആലപ്പുഴയിലെ കായലില്‍ വേദിയൊരുക്കിയത്‌. ആദ്യം രണ്ട്‌ ചുണ്ടന്‍ വള്ളങ്ങള്‍ ചേര്‍ത്തിട്ട്‌ അതിനു മീതെ കൂടി ചാടിയ ഡൊമിനിക്‌, പിന്നെ നാലും അതിന്‌ ശേഷം അഞ്ചും വള്ളങ്ങള്‍ നിരത്തിയിട്ട്‌ പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു.

ആലപ്പുഴയിലെ ചെറുകനാലുകളിലൂടെയും ഈ ദിവസങ്ങളില്‍ താരം വേക്ക്‌ ബോര്‍ഡിങ്‌ നടത്തി. ഇതിനിടെ ഹൗസ്‌ ബോട്ടുകളുടെ റെയിലിങ്ങുകളിലൂടെ തെന്നിനീങ്ങിയും കാഴ്‌ചക്കാരെ വിസ്‌മയിപ്പിച്ചു. ലോകമെങ്ങും ഇത്തരം സാഹസിക പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഡൊമിനിക്കിനെ കേരളത്തിലേക്ക്‌ ആകര്‍ഷിച്ചത്‌ നമ്മുടെ നാടിന്റെ പചപ്പും ഹരിതാഭയും ഒക്കെ തന്നെയണ്‌. 

∙ വേക്ക്‌ബോര്‍ഡിങ്ങും ചുണ്ടന്‍ വള്ളവും തമ്മിൽ?
കായലിലൂടെ ചീറിപായുന്ന ചുണ്ടന്‍ വള്ളങ്ങള്‍ക്ക്‌ പിന്നില്‍ കേബിള്‍ കെട്ടിയിട്ട്‌ വേക്ക്‌ ബോര്‍ഡിങ്‌ നടത്താമോ എന്ന ആവശ്യവുമായി റെഡ്‌ ബുള്‍ ഇന്ത്യയാണ്‌ ആദ്യം സമീപിച്ചത്‌. അതിന്റെ ഭാഗമായി കേരളത്തിലെത്തുകയും നെഹ്‌റു ട്രോഫി വള്ളം കളി അടക്കമുള്ള ചില മത്സരങ്ങള്‍ കാണുകയും ചെയ്‌തു. ഈ മത്സരങ്ങള്‍ എന്നെ സ്‌തബ്ധനാക്കി കളഞ്ഞു. ഇത്രയധികം ആളുകള്‍ ഇത്ര വേഗത്തില്‍ വള്ളത്തില്‍ തുഴഞ്ഞ്‌ നീങ്ങുന്നത്‌ കാണുന്നത്‌ എന്റെ ആദ്യ അനുഭവമാണ്‌. അങ്ങനെയാണ്‌ ചുണ്ടന്‍ വള്ളവും വേക്ക്‌ ബോര്‍ഡും സംയോജിപ്പിച്ചുള്ള ഈ പ്രകടനത്തിന്റെ ആശയം മനസ്സിലെത്തിയത്‌. 

∙ ഈ സാഹസികതയ്ക്ക് വേണ്ടി വന്ന ആസൂത്രണം?
ആദ്യം രണ്ട് ചുണ്ടന്‍ വള്ളങ്ങള്‍ ചേര്‍ത്തിട്ട് ചാടാനായിരുന്നു പ്ലാന്‍. പക്ഷേ, ഒന്ന് ചാടി കഴിഞ്ഞപ്പോള്‍ കൂടുതല്‍ വള്ളങ്ങള്‍ ചേര്‍ത്തിടാമെന്ന് തോന്നി. അങ്ങനെ ആവേശം പെരുമ്പറ കൊട്ടിയപ്പോള്‍ അഞ്ചു വള്ളങ്ങള്‍ക്ക് മീതേ കൂടി ചാടാനുള്ള ആത്മവിശ്വാസം കിട്ടി. 

∙ എന്തായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി?
കൂടുതലും യൂറോപ്പിലാണ് ഞാന്‍ റൈഡ് ചെയ്തിട്ടുള്ളത്. ചൂടും ഈര്‍പ്പവുമാണ് യൂറോപ്പും കേരളവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍. ഇത് രണ്ടും തന്നെയായിരുന്നു വെല്ലുവിളികള്‍. നിര്‍ജലീകരണം തോന്നാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു. 

∙ സാഹസിക പ്രകടനങ്ങള്‍ക്കായുള്ള ഇടങ്ങളുടെ തിരഞ്ഞെടുപ്പ്?
സാധാരണ ഗൂഗിള്‍ മാപ്പിനെയാണ് ഇടം തിരഞ്ഞെടുക്കാന്‍ ആശ്രയിക്കാറുള്ളത്. പക്ഷേ, ഇവിടെ ചെറിയൊരു ബോട്ടില്‍ പല കനാലുകളിലൂടെയും കായലിലൂടെയും ചുറ്റി. അങ്ങനെ നേരിട്ടു പോയി കണ്ട് ബോധ്യപ്പെട്ടാണ് ഓരോ പ്രകടന ഇടങ്ങളും തിരഞ്ഞെടുത്തത്.

32കാരനായ ഡൊമിനിക് തന്റെ പത്താം വയസ്സിലാണ് വേക്ക് ബോര്‍ഡിങ് ആരംഭിക്കുന്നത്. 14-ാം വയസ്സ് മുതല്‍ ഇത് കരിയറാക്കി. ഓസ്ട്രിയയിലെ വില്ലാക് ആണ് ജന്മദേശം.ഓസ്ട്രിയയിലെ പുഴകള്‍ കഴിഞ്ഞാല്‍ വേക്ക് ബോര്‍ഡിങ് ചെയ്യാന്‍ ഏറ്റവും ഇഷ്ടം ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോ. ആ പട്ടികയിലേക്ക് ഇപ്പോള്‍ കേരളവും കൂട്ടിച്ചേര്‍ക്കുകയാണ് ഡൊമിനിക്. വേക്ക് ബോര്‍ഡിങ്ങിലെ നിരവധി ചാംപ്യന്‍ഷിപ്പുകളിലും വിജയിച്ചിട്ടുണ്ട്. 

English Summary:

Five Boats, One Wakeboarder: Dominic Hernler Stuns Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com