ഒരു വർഷത്തിൽ പെയ്യേണ്ട മഴ 8 മണിക്കൂറിൽ; 1967നു ശേഷം യൂറോപ്പ് കണ്ട കൊടുംപ്രളയം: സ്പെയിനിനെ തകർത്തത് ‘ഡാന’
![spain-flood സ്പെയിനിലെ പ്രളയാനന്തര കാഴ്ച (Photo:X/@diangneylo)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/11/5/spain-flood.jpg?w=1120&h=583)
Mail This Article
മൂന്ന് പതിറ്റാണ്ടിനു ശേഷം യൂറോപ്യൻ രാജ്യമായ സ്പെയിനിനെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ് പ്രളയം.കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ‘ഡാന’ എന്ന പ്രതിഭാസമാണ് ഈ മഴയ്ക്കും പ്രളയത്തിനും ഇടയാക്കിയത്.
തണുത്തതും ചൂടുള്ളതുമായ വായു തമ്മിൽ ഇടകലർന്ന് ശക്തമായ മഴമേഘങ്ങൾക്ക് വഴിയൊരുക്കുന്ന പ്രതിഭാസമാണ് ഡാന. കാലാവസ്ഥാ വ്യതിയാനം കാരണം ഈ പ്രതിഭാസം ഇപ്പോൾ ഇടയ്ക്കിടെ യൂറോപ്പിൽ രംഗപ്രവേശം ചെയ്യുന്നുണ്ട്. ഹൈ ആൾട്ടിറ്റ്യൂഡ് ഐസലേറ്റഡ് ഡിപ്രഷൻ എന്നാണ് ഈ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്.
![spain-floods (Photo:X/@diangneylo)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/11/5/spain-floods.jpg)
മെഡിറ്ററേനിയയിലെ ഉഷ്ണജലത്തിനു മുകളിൽ തണുത്ത കാറ്റ് വീശുന്നതാണ് ഈ പ്രതിഭാസത്തിന് ഇടവരുത്തുന്നത്. ഇതു കാരണം ചൂടുള്ള വായു ഉയർന്നു പൊങ്ങും. ധാരാളം ജലസമ്പത്തുള്ള മേഘങ്ങൾ രൂപീകരിക്കപ്പെട്ടാൻ ഇതു വഴിയൊരുക്കും. ഈ മേഘങ്ങൾ നീണ്ടനേരത്തേക്ക് ഒരു മേഖലയിൽ സ്ഥിതി ചെയ്യുകയും ചെയ്യും. ഇതുകാരണമാണ് കനത്ത മഴ പെയ്യുന്നത്.
![spain-climate (Photo:X/@petrovicsrb)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/11/5/spain-climate.jpg)
മഴ കൂടാതെ ആലിപ്പഴങ്ങൾ പൊഴിയുന്നതിനും ടൊർണാഡോ ചുഴലിക്കാറ്റുകൾ ഉടലെടുക്കുന്നതിനും ഡാന കാരണമാകും.1967നു ശേഷം ഇത്രയും തീവ്രമായ ഒരു പ്രളയം യൂറോപ്പിൽ ഉടലെടുക്കുന്നത് ആദ്യമാണ്. പൂർണമായി മുങ്ങിയ പലപ്രദേശങ്ങളിലും രക്ഷാപ്രവർത്തനം ആദ്യഘട്ടങ്ങളിൽ മന്ദഗതിയിലായി. പലയിടത്തും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. ബോട്ടുകളും ഡിങ്കികളും ഉപയോഗിച്ചായിരുന്നു ഇവർക്കായി തിരച്ചിൽ.
![spain (Photo:X@MIL0SEVIC)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/11/5/spain.jpg)
ഒരു വർഷത്തിൽ പെയ്യേണ്ടിയിരുന്ന മഴ 8 മണിക്കൂറിൽ പെയ്തതാണ് വലൻസിയയിൽ പ്രളയത്തിനു വഴിവച്ചത്. മേഖലയിൽ ധാരാളമായുള്ള ഓറഞ്ച് കൃഷിയിടങ്ങളിൽ പലതും നശിച്ചു. വലൻസിയയിൽനിന്ന് പ്രധാനനഗരങ്ങളായ മഡ്രിഡിലേക്കും ബാഴ്സലോനയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു.1996 ൽ സ്പെയിനിൽ പ്രളയത്തിൽ 87 പേർ മരിച്ചിരുന്നു.