ഭൂമിയിലേക്ക് പതിച്ച നീലാകാശമോ? കാഴ്ചക്കാരെ വിസ്മയിപ്പിച്ച് നീലത്താഴ്‌വര–വിഡിയോ
Mail This Article
ജപ്പാനിൽ ടോക്കിയോയിക്ക് സമീപമുള്ള ഒരു നീലത്താഴ്‌വരയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നോക്കെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന നീല നിറത്തിലുള്ള പൂക്കളുടെ കാഴ്ചയാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്. ടോക്കിയോയിലെ ഹിറ്റാച്ചി സീസൈഡ് പാർക്കിലാണ് കാഴ്ച വസന്തം. എല്ലാ വസന്തകാലത്തും പൂവിടുന്ന ഈ മനോഹര കാഴ്ച കാണാൻ സഞ്ചാരികളും എത്താറുണ്ട്.
പൂന്തോട്ടങ്ങളാലും മലനിരകളാലും ചുറ്റപ്പെട്ടതാണ് ഏകദേശം 350 ഹെക്ടർ വിസ്തൃതിയുള്ള ഈ പാർക്ക്. പൂക്കളുടെ ഭംഗിയുള്ള കാഴ്ചയ്ക്ക് പുറമേ സൈക്ലിങ് പോലുള്ള വിനോദപരിപാടികളും പാർക്ക് സന്ദർശിക്കാനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. ഐഎഎസ് ഓഫീസറായ ഹരി ചന്ദനയാണ് മനോഹരമായ ഈ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഭൂമിയിലെ നീലാകാശമാണോ ഇതെന്നാണ് ഒരാളുടെ സംശയം.
ഭൂമിയിലെ സ്വർഗമെന്നും ഭൂമിയിലേക്ക് പതിച്ച നീലാകാശമെന്നുമൊക്കെ നിരവധി അഭിപ്രായങ്ങളും കാഴ്ചക്കാർ പങ്കുവയ്ക്കുന്നുണ്ട്. നീല നിറത്തിൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ചെടി നെമോഫില എന്നാണ് അറിയപ്പെടുന്നത്. ബേബി ബ്ലൂ ഐയ്സ് എന്ന പേരും ഇവയ്ക്കുണ്ട്. പടിഞ്ഞാറൻ അമേരിക്കയാണ് ഈ പൂക്കളുടെ സ്വദേശം. മെക്സിക്കോയിലും തെക്കുകിഴക്കന്‍ അമേരിക്കയിലും ഇവ കാണപ്പെടാറുണ്ട്.
English Summary: Japan's Valley Of Blue Flowers Goes Viral, Internet Amazed