ബാക്ടീരിയ വാഹകരായ ചെഞ്ചെവിയന്‍ ആമകള്‍ പെരുകുന്നു, പരിസ്ഥിതിക്ക് ദോഷം; മുന്നറിയിപ്പ്!

Mail This Article
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ചെഞ്ചെവിയന്‍ ആമകളുടെ വ്യാപനം സംസ്ഥാനത്ത് കൂടുന്നു. രണ്ട് മാസത്തിനിടെ 49 എണ്ണത്തിനെയാണ് വിവിധയിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്. ആഫ്രിക്കന്‍ ഒച്ചുപോലെ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധവേണമെന്ന് വനം ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. പേരുപോലെ തന്നെ ചെവി ഭാഗത്തെ ചുവന്ന നിറമാണ് പ്രത്യേകത. മെക്സിക്കോയാണ് ജന്മദേശം. കാണാന്‍ ഭംഗിയുണ്ടെങ്കിലും ആള് അപകടകാരിയാണ്. മനുഷ്യനെ ബാധിക്കുന്ന ബാക്ടീരിയകളുടെ വാഹകരാണ്. മാത്രമല്ല ജലാശയങ്ങളിലെ ചെറുജീവികളെ നശിപ്പിക്കും. ആഫ്രിക്കന്‍ ഒച്ചുപോലെ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഭാവിയില്‍ പരിസ്ഥിതിക്ക് ഇവ ഭീഷണിയാകുമെന്ന് വന ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സൈന്റിസ്റ്റ് ഡോ.ടി.വി സജീവ് കോഴിക്കോട് കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് ഇവയ്ക്കെതിരായ ക്യാംപയിന്‍ ശക്തമാക്കിയത്.
കാഴ്ചയിൽ കൗതുകമുണർത്തുന്ന കുഞ്ഞൻ, വലുപ്പം കുറവായതിനാൽ തീപ്പെട്ടിക്കൂടിലോ പോക്കറ്റിലോ ഇട്ടു കൊണ്ടുപോകാം. പക്ഷേ, നിങ്ങൾ കരുതുന്ന പോലല്ല കാര്യങ്ങൾ. വെള്ളത്തിലിറങ്ങിയാൽ ഇവൻ പണി തുടങ്ങും. സകല സസ്യജാലങ്ങളെയും മത്സ്യങ്ങളെയും തവളകളെയും പറ്റാവുന്ന ജീവികളെയെല്ലാം കൊന്നുകളയും. ദിവസങ്ങൾ കൊണ്ടു വളരുന്ന കക്ഷി 2 ഇഞ്ചിൽ നന്ന് 12 ഇഞ്ചിലേക്ക് എത്താൻ മാസങ്ങൾ മതി. വീട്ടിലെ അക്വോറിയത്തിൽ വളർത്താനാണ് നിങ്ങൾ ഇവനെ പിടിച്ചതെങ്കിലും അവിടെ കക്ഷിയെ കൊള്ളാതാവും. അങ്ങനെ ഇവനെ തോട്ടിലോ കുളത്തിലോ കൊണ്ടിട്ടാലോ? അവിടെയും സകലതിനെയും നശിപ്പിക്കും.

റെഡ് ഇയർഡ് സ്ലൈഡർ ടർട്ടിൽ എന്ന അക്രമിയെ അമേരിക്ക, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ വർഷങ്ങൾക്കു മുൻപ് പൂർണമായും നശിപ്പിക്കുകയും പല രാജ്യങ്ങളിലും വിൽപനയും ഇറക്കുമതിയും നിരോധിക്കുകയും ചെയ്തതാണ്. പക്ഷേ, നിരോധിച്ച എവിടെ നിന്നോ ആരുടെയോ പോക്കറ്റ് വഴി കടൽ കടന്നു വന്ന ആമയെ കഴിഞ്ഞ മുൻപ് തൃശൂരിൽ കണ്ടെത്തിയിട്ടുണ്ട്. ജലസ്രോതസ്സിലെ ജൈവവൈവിധ്യം മുഴുവൻ തകർത്തു കഴിയുമ്പോഴേ വിവരമറിയൂ.
മണ്ണുത്തി കാളത്തോട് തോട്ടിൽ നിന്നു കിട്ടിയ ഈ ആമയെ കേരള വന ഗവേഷണ കേന്ദ്രത്തിലെ നോഡൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവേഷൻസിൽ ആണ് പാർപ്പിച്ചത്. ആളുകളോട് പെട്ടെന്ന് ഇണങ്ങുമെന്നതാണു ചെഞ്ചെവിയന്റെ സവിശേഷത. ഇവനെ കുട്ടികളുടെ ഇഷ്ട കഥാപാത്രമാക്കുന്നതും അതാണ്. പലയിടത്തും വൻവിലയ്ക്ക് ഇതിനെ വിൽക്കാമെന്നതിനാൽ നിരോധനം മറികടന്നും വ്യാപാരികൾ സൂക്ഷിക്കാറുണ്ട്.
നോർത്ത് അമേരിക്കയിലെ മെക്സിക്കോയിൽ മിസിസിപ്പി വാലിയിലാണ് ഈ ആമകൾ ആദ്യം ഉണ്ടായിരുന്നത്. ഇവയെ അമേരിക്ക പിന്നീടു പൂർണമായും തുരത്തി. സസ്യങ്ങളെയും ജലത്തിലെ ജീവികളെയും നശിപ്പിക്കുമെന്നതാണു പല രാജ്യങ്ങളും ഇവയെ തുരത്താൻ കാരണം. പല രാജ്യങ്ങളിലും ഇവയെ കൈവശം വയ്ക്കുന്നതു നിരോധിച്ചിട്ടുണ്ട്. മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്നവയുമാണ് ഇവ. അമേരിക്കയിൽ ഇവയെ നിരോധിക്കാൻ അതും കാരണമായി. കേരളത്തിൽ 2018ൽ രണ്ടിടങ്ങളിൽ ഈ ആമയെ കണ്ടിട്ടുണ്ടെങ്കിലും അവയെ ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തിൽ സുരക്ഷിതമായി മാറ്റിയിരുന്നു. മറ്റെവിടെയെങ്കിലും സമാനമായ ആമയെ കണ്ടെത്തിയാൽ വിവരം അറിയിക്കണം. മറ്റ് രാജ്യങ്ങളിലെന്ന പോലെ ഇവിടെയും ഇതിന്റ കടത്തും വില്‍പനയും നിരോധിച്ചിട്ടുണ്ട്. കാണാന്‍ ഭംഗിയുള്ളതുകൊണ്ട് പലരും രഹസ്യമായി വീട്ടില്‍ വളര്‍ത്തുന്നുണ്ട്. വലുതാകുന്നതോടെ ഇതിനെ ജലാശയത്തില്‍ ഉപേക്ഷിക്കുന്ന രീതി ഒഴിവാക്കണമെന്നും ഇവയെ കണ്ടെത്തിയാല്‍ അറിയിക്കണമെന്നും വനം ഗവേഷണകേന്ദ്രം നിര്‍ദേശിച്ചു.
English Summary: These cute turtles may not look dangerous, but they are among the world’s worst invasive species