സൂക്ഷിച്ചുവച്ച ഭക്ഷണം തട്ടിയെടുത്ത് പരുന്ത്; വിട്ടുകൊടുക്കാതെ തിരിച്ചുപിടിച്ച് മുതല
Mail This Article
സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വന്യജീവികളുടെ പെരുമാറ്റം എപ്പോഴും കൗതുകം ഉണർത്താറുണ്ട്. ഇരതേടാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ അപൂർവമായ പല കാഴ്ചകളും കാണാനുമാകും. അത്തരം ഒരു കാഴ്ചയാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ നിന്നും പകർത്തിയിരിക്കുന്നത്. വനമേഖലയുടെ വടക്കുഭാഗത്തെ ലുവുവ്ഹു നദിയിൽ ഭക്ഷണത്തിനുവേണ്ടി പരസ്പരം പോരടിക്കുന്ന പരുന്തിനെയും മുതലയെയും ഗാവിൻ എല്ലാർഡ് എന്ന വ്യക്തിയാണ് ക്യാമറയിൽ പകർത്തിയത്.
കഷ്ടപ്പെട്ടു നേടിയെടുത്ത ഭക്ഷണവുമായി വെള്ളത്തിൽ വിശ്രമിക്കുകയായിരുന്നു മുതല. എന്നാല്‍ പറന്നെത്തിയ പരുന്ത് നിമിഷനേരം കൊണ്ട് ഭക്ഷണം തട്ടിയെടുത്ത് പറന്നു. ഭാരം കൂടിയ ഭക്ഷണമായതിനാൽ അധികം ഉയർന്നു പറക്കാൻ പരുന്തിനു കഴിഞ്ഞില്ല. ചിറകുകളിട്ടടിച്ച് ഭക്ഷണം വലിച്ചുകൊണ്ടുപോയി കരയിലിട്ടു.
അപ്രതീക്ഷിതമായ നീക്കമായിരുന്നെങ്കിലും അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ മുതല തയാറായിരുന്നില്ല. പരുന്തിനു പിന്നാലെ തന്നെ നീങ്ങി. കരയിൽ വച്ചിരുന്ന ഭക്ഷണം വേഗം പിടിച്ചെടുക്കുകയും അകത്താക്കുകയും ചെയ്തു. ആഫ്രിക്കൻ ഫിഷ് ഈഗിൾ ഇനത്തിൽപ്പെട്ട പരുന്തും നൈൽ മുതലയുമാണ് വിഡിയോയിൽ ഉള്ളത്.
പരാജിതനായെങ്കിലും ആക്രമകാരിയായ മുതലയെ കബളിപ്പിച്ച പരുന്ത് ചില്ലറക്കാരനല്ലെന്ന് വിഡിയോ പകർത്തിയ ഗാർവിൻ പറഞ്ഞു. ഭക്ഷണം ഉപേക്ഷിക്കാതെ പരുന്ത് അവിടെ തന്നെ നിലയുറപ്പിച്ചിരുന്നെങ്കിൽ അത് തീർച്ചയായും മുതലയ്ക്ക് ഇരയാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 11 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്.