തടാകത്തിനടിയിൽ 500 ഓളം അസ്ഥികൂടങ്ങൾ; ഉത്തരാഖണ്ഡിലെ നിഗൂഢ തടാകം ഇല്ലാതാകുന്നു!
![roopkund-uttarakhand Roopkund Lake (Photo: X/@factraconteur)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/21/roopkund-uttarakhand.jpg?w=1120&h=583)
Mail This Article
ഉത്തരാഖണ്ഡിലെ ഗഡ്വാളിലെ മലമടക്കുകൾക്കിടയിൽ ഒരു തടാകമുണ്ട്, രൂപ് ഖുണ്ഡ് ! 500 ഓളം അസ്ഥികൂടങ്ങൾ ആഴങ്ങളിൽ ശാന്തമായി ഉറങ്ങുന്ന നിഗൂഢതയുടെ ഭയാനകത പേറുന്ന ഈ തടാകം നിരവധി യാത്രികരാണ് സന്ദർശിക്കാറുള്ളത്. 1942ലാണ് ഈ തടാകത്തിനടിയിൽ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തിയത്. പ്രദേശത്തെ നന്ദാദേവി വന്യജീവി സംരക്ഷണകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന എച്.കെ മാധ്വാൾ ആണ് ഒരു പട്രോളിനിടെ ഇതു കണ്ടെത്തിയത്.
![lake-roopkund Roopkund Lake, also known as "Skeleton Lake (Photo: X/@JasonWilde108)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/21/lake-roopkund.jpg)
എന്നാൽ അസ്ഥികൂട അവശിഷ്ടങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച ഈ തടാകത്തിന് ഓരോ വർഷവും വലുപ്പവും ആഴവും നഷ്ടപ്പെടുന്നുവെന്നാണ് സൂചന. ഏകദേശം 9 അടി താഴ്ചയുള്ള ഏകദേശം രണ്ട് ഏക്കറോളം വരുന്ന തടാകത്തിന്റെ വലുപ്പം ചുരുങ്ങി ചുരുങ്ങി വരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്. 1960കളിൽ ഇവിടെനിന്ന് ശേഖരിച്ച അസ്ഥിശകലങ്ങൾ കാർബൺ ഡേറ്റിങ്ങിന്ന് വിധേയമാക്കിയപ്പോൾ അവയുടെ കാലം സി.ഇ. 12-15 നൂറ്റാണ്ടുകൾക്കിടയിലാകാമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ പിന്നീട് 2004-ൽ വീണ്ടും അസ്ഥിശകലങ്ങളും മാംസഭാഗങ്ങളും ശേഖരിച്ച് ഓക്സ്ഫഡ് സർവകലാശാലയിൽ പഠനവിധേയമാക്കിയപ്പോൾ അവയുടെ കാലം സി.ഇ. 850 ന്നും 880 ന്നും ഇടക്കായിരിക്കുമെന്നും തെളിയിക്കപ്പെട്ടിരുന്നു
അസ്ഥികൾ ആരുടേത്?
വെള്ളം വറ്റുമ്പോള്‍ കാണുന്ന ഒരു ഭീകരമായ കാഴ്ചയാണിത്. ജലാശയത്തിൽ കുന്നുകൂടിക്കിടക്കുന്ന അസ്ഥികൾ നിരവധിയാണ്. ഇത് ജാപ്പനീസ് അധിനിവേശത്തിന്റെ ഇരകളായിരിക്കുമെന്ന് കരുതിയിരുന്നു. തുടർന്നുള്ള പഠനങ്ങളിൽ, അസ്ഥികൾക്ക് വളരെ പഴക്കമുണ്ടെന്ന് കണ്ടെത്തി (ഏകദേശം 800 CE ലും 1800 CE), കൂടാതെ 2 വ്യത്യസ്ത ഗ്രൂപ്പാണെന്നും തിരിച്ചറിഞ്ഞതോടെ നിഗൂഢതകളും കഥയും വർധിച്ചു.
![roopkund The Himalayan lake Roopkund (Photo: X/@sacredrain)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2024/10/21/roopkund.jpg)
അസ്ഥികൂടങ്ങളെ ചുറ്റിപ്പറ്റിയുള്ള സിദ്ധാന്തങ്ങൾ
മരിച്ചവർ നന്ദാദേവി ക്ഷേത്രത്തിലേക്കുള്ള തീർഥാടകരായിരുന്നുവെന്നാണ് കരുതുന്നത്. ഇവിടെയുണ്ടായ ആലിപ്പഴവർഷത്തിൽ കൊല്ലപ്പെട്ടതാകാമെന്ന് പറയുന്നു. അസ്ഥികൂടം വിശകലനം ചെയ്തപ്പോൾ തലയിലെ പരുക്കുകൾ വ്യക്തമായിരുന്നു. തീർഥാടകർ അല്ലെങ്കിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇവിടെ എത്തിയവർ ഹിമപാതത്താലും ഹിമക്കാറ്റിലുമൊക്കെ വീണ് മരണപ്പെട്ടതും മൃതദേഹങ്ങൾ തടാകത്തിൽ കുമിഞ്ഞുകൂടിയതാകാമെന്നും കരുതുന്നു.