ദുർബലമാകുന്ന അന്റാർട്ടിക്; ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവില്‍ മഞ്ഞ്, ആശങ്ക
Mail This Article
2022-23 കാലഘട്ടത്തിലെ വേനലിന്റെ അവസാനത്തിലൂടെയാണ് അന്റാർട്ടിക് ഇപ്പോൾ കടന്നു പോകുന്നത്. ഉത്തരധ്രുവത്തിൽ ശൈത്യം രൂക്ഷമാകുന്ന നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസത്തിലാണ് ദക്ഷിണാർധത്തിൽ വേനൽ അനുഭവപ്പെടുക. സൂര്യപ്രകാശം ദക്ഷിണാർധത്തിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുന്ന സമയമാണ് ഇത്. അന്റാർട്ടിക്കിലെ മഞ്ഞുപാളികളും കടൽമഞ്ഞുമെല്ലാം ഉരുകുന്ന ഇതേ സമയത്ത് തന്നെയാണ് ഗവേഷകരും വലിയ തോതിൽ ഈ ഒറ്റപ്പെട്ട ഭൂഖണ്ഡത്തിലേക്ക് പഠനത്തിനായെത്തുന്നത്.
ദുർബലമാകുന്ന അന്റാർട്ടിക്
ഈ വേനൽക്കാലം അവസാനിക്കാറാകുമ്പോൾ ശാസ്ത്രലോകത്തെ തന്നെ ആശങ്കയിലാഴ്ത്തുന്ന സ്ഥിതിയിലാണ് ഇപ്പോൾ അന്റാർട്ടിക്കിലെ സമുദ്രോപരിതലത്തിലെ മഞ്ഞുള്ളത്. അതായത് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അളവിലാണ് അന്റാർട്ടിക്കിലെ മഞ്ഞ് ഇപ്പോഴുള്ളത്. വേനൽക്കാലം ഇനിയും അവസാനിച്ചിട്ടില്ല എന്നിരിക്കെ സമുദ്രത്തിന്റെ മേൽത്തട്ടിലുള്ള മഞ്ഞ് ഇനിയും കൂടുതൽ ഉരുകി ഒലിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.
അന്റാർട്ടിക്കിലെ മഞ്ഞുപാളികളുടെ ഉറപ്പിനെ പോലും ബാധിക്കുന്നതാണ് ഈ സമുദ്രത്തിന്റെ മേൽത്തട്ടിലുള്ള മഞ്ഞിന്റെ അളവിലുണ്ടാകുന്ന കുറവ്. ഇതിന് മുൻപ് 1979 ലാണ് സമാനമായ അളവിലുള്ള കുറവ് സമുദ്രമഞ്ഞിൽ ഉണ്ടായത്. ഈ വർഷത്തെ സമുദ്രമഞ്ഞിന്റെ അളവ് 1979 നേക്കാൾ കുറവാണെന്ന് കണക്കുകളിൽ നിന്ന് ഗവേഷകർ കണ്ടെത്തി. അതേസമയം ഗവേഷകരെ കൂടുതൽ ആശങ്കപ്പെടുത്തുന്നത് ഇപ്പോഴുണ്ടായിരിക്കുന്ന കുറവ് ആ വർഷത്തെപ്പോലെ ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ്. കഴിഞ്ഞ ആറ് വർഷമായി തുടർച്ചയായുള്ള ഇടിവാണ് അന്റാർട്ടിക്കിലെ സമുദ്രോപരിതല മഞ്ഞിലുണ്ടായിരിക്കുന്നത്.
ആഗോളതാപനവും മഞ്ഞുരുകലും
ഇങ്ങനെ തുടർച്ചയായി സമുദ്രോപരിതല മഞ്ഞിന്റെ അളവിലുണ്ടായിരിക്കുന്ന കുറവ് ആഗോളതലത്തിൽ തന്നെ സമുദ്രതാപനിലയിലെ വർധിക്കുന്നതിന്റെ തെളിവാണെന്ന് ഗവേഷകർ പറയുന്നു. സമുദ്രമഞ്ഞിലെ കുറവും അത് ദുർബലമാക്കുന്ന അന്റാർട്ടിക്കിലെ മഞ്ഞുപാളികളും ആഗോളതാപനത്തിന്റെ ആഘാതം എത്ര വലുതാണെന്ന് കൂടി ചൂണ്ടിക്കാട്ടുന്നു. സമുദ്രോപരിതലത്തിലെ മഞ്ഞിലുണ്ടാകുന്ന കുറവ് നേരിട്ട് തന്നെ മഞ്ഞുപാളികളെ ദുർബലമാക്കും എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സമുദ്രത്തിലെ മഞ്ഞ് ഇല്ലാതാകുന്നതോടെ സമുദ്രതാപം മഞ്ഞുപാളികളുടെ അരികുകളെ ദുർബലമാക്കുകയും, തുടർന്ന് മഞ്ഞുപാളികൾ വേർപെടാൻ ഇടയാക്കുകയും ചെയ്യും. കഴിഞ്ഞ അര പതിറ്റാണ്ടിനിടെ അന്റാർട്ടിക്കിൽ നിന്ന് വേർപെട്ട വലിയ മഞ്ഞുപാളികൾ ഇതിനെ സാധൂകരിക്കുകയും ചെയ്യുന്നു.
മഞ്ഞുപാളികളുടെ ദുർബലമാകലും അവയുടെ ഉരുകി ഒലിയ്ക്കക്കലും ആഗോളതലത്തിൽ തന്നെ വലിയ ആഘാതം ഉണ്ടാക്കുന്നുണ്ട്. ആഗോളതാപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വർധനവ് ഉണ്ടായാൽ അത് സമുദ്രജലനിരപ്പ് നാല് മീറ്റർ വരെ വർധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇപ്പോഴത്തെ അളവിലുള്ള മഞ്ഞുരുകൽ സമാനതകൾ ഇല്ലാത്തതാണെന്ന് മൂന്ന് പതിറ്റാണ്ടായി അന്റാർട്ടിക്കിൽ ക്യാമ്പ് ചെയ്ത് പഠനം നടത്തുന്ന ജർമൻ ഗവേഷകനായ കാർസ്റ്റൺ ഗോൽ പറയുന്നു.
ഇതിന് ഉദാഹരണമായി കാർസ്റ്റൺ ഗോൽ പറയുന്നത് അന്റാർട്ടിക്കിലെ മഞ്ഞുപാളിയുടെ ഒരു വലിയ ഭാഗത്തുണ്ടായ നഷ്ടമാണ്. ജർമനിയോളം വലുപ്പമുള്ള ഒരു ഭാഗം ഇപ്പോൾ അന്റാർട്ടിക്കിൽ മഞ്ഞില്ലാതെ തുറസ്സായി കാണപ്പെടുന്നു എന്ന് ഗോൽ ചൂണ്ടിക്കാട്ടുന്നു. അന്റാർട്ടിക് പോലുള്ള ഒരു ധ്രുവപ്രദേശത്ത് ഇത്ര വലിയ അളവിൽ മഞ്ഞ് നഷ്ടപ്പെടുന്നത് ഭൂമിയുടെ താപനിലയിലുണ്ടാകുന്ന ക്രമാതീതമായ വർധനവ് തന്നെയാണെന്നും ഗോൽ വിശദീകരിക്കുന്നു.
English Summary: ‘Extreme situation’: Antarctic sea ice hits record low