ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ജൈവമേഖല; പെര്‍മാഫ്രോസ്റ്റിനടിയില്‍ തഴച്ചു വളര്‍ന്നത് വ്യത്യസ്ത ജൈവവ്യവസ്ഥ!
Mail This Article
ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ജൈവമേഖലകളില്‍ ഒന്നാകും ആര്‍ട്ടിക്കനോടു ചേര്‍ന്നു കിടക്കുന്ന ഭൂഖണ്ഡങ്ങളുടെ വടക്കന്‍ മേഖലകളിലെ പെര്‍മാഫ്രോസ്റ്റുകള്‍. റഷ്യയും യൂറോപ്പും ഗ്രീന്‍ലന്‍ഡും അമേരിക്കയും ഉള്‍പ്പടെയുള്ള മേഖലകളില്‍ പെര്‍മാഫ്രോസ്റ്റ് കാണാനാകും. മണ്ണിനടിയില്‍ വെള്ളം മഞ്ഞുകട്ടകളായി സ്ഥിതി ചെയ്യുകയും ഇതുമൂലം ഈ മേഖലയിലെ ഭൂഭാഗത്തിന് ഉറപ്പ് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മേഖലയെ പെര്‍മാഫ്രോസ്റ്റ് എന്നു വിളിച്ചത്. പ്രദേശത്തിന്‍റെ പഴക്കം കണക്കിലെടുത്ത് പ്രാചീന പെര്‍മാഫ്രോസ്റ്റ് എന്നൊരു പേരു കൂടി ഈ ഭൂവിഭാഗത്തിനുണ്ട്.
പുരാതന സമുദ്രജലം
പെര്‍മാഫ്രോസ്റ്റുകൾ ജൈവവൈവിധ്യത്തിന് അത്ര പേരു കേട്ടവയായിരുന്നില്ല ഇതുവരെ. പക്ഷേ പെര്‍മാഫ്രോസ്റ്റിനടിയില്‍ നടത്തിയ ചില പഠനങ്ങള്‍ ഈ ധാരണ തിരുത്തിക്കുറിക്കുകയാണ്. പെര്‍മാഫ്രേസ്റ്റിനടിയില്‍ മരവിച്ചു കിടക്കുന്ന സമുദ്രജലപാളിക്ക് താഴെയായി ദ്രാവക രൂപത്തിലും സമുദ്രജലമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ചുരുങ്ങിയത് 10 ലക്ഷം വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നു കരുതുന്ന ഈ സമുദ്രജലത്തില്‍ സൂക്ഷ്മ ജീവികളും അവയിലുള്ള വൈറസുകളും സ്വന്തം ജൈവവ്യവസ്ഥ തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു.
ചൊവ്വയ്ക്കോ അല്ലെങ്കില്‍ വ്യാഴത്തിന്‍റെ ഉപഗ്രഹമായ ടൈറ്റാനിലോ ഒക്കെ ഉണ്ടെന്നു കരുതുന്ന കാലാവസ്ഥയാണ് ഈ ഒറ്റപ്പെട്ട ജൈവവ്യവസ്ഥയിലുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഭൂമിയില്‍ ഒരിടത്തും കാണപ്പെടാത്ത ജൈവവ്യവസ്ഥയാണ് ഈ സൂക്ഷ്മജീവികള്‍ക്കിടയില്‍ ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. തണുത്ത ഉപ്പ്‌രസമുള്ള പഴക്കം ചെന്ന സമുദ്രജലത്തിന്‍റെ സാന്നിധ്യവും ഈ സവിശേഷ ജൈവവ്യവസ്ഥ രൂപപ്പെടുന്നതില്‍ നിർണായകമായി.
ജീവന്‍ നിലനില്‍ക്കാന്‍ അതികഠിനമായ സാഹചര്യമാണ് ഈ മേഖലയിലുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോഡി ഡെമിങ് പറയുന്നു. പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയുള്ള താപനില മാത്രമല്ല ഇവിടുത്തെ സാഹചര്യം കഠിനമാക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന അളവിലുള്ള ഉപ്പിന്‍റെ സാന്നിധ്യമാണ് തനതായ ജീവികളല്ലാത്തവയുടെ അതിജീവനം ഇവിടെ കഠിനമാക്കുന്നത്. അതേസമയം ഈ മേഖലയിലുള്ള ക്ര്യോപെഗ് ഉള്‍പ്പെടെയുള്ള പുരാതന ജീവികള്‍ ഈ മേഖലയില്‍ അതീവ ആരോഗ്യത്തോടെയാണ് കാണപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
രണ്ട് ക്ര്യോപെഗ് സാമ്രാജ്യങ്ങള്‍
നിലവില്‍ ക്ര്യോപെഗ് ഉള്‍പ്പടുന്ന ഈ സൂക്ഷ്മ ജീവികളുടെ വലിയ സാമ്രാജ്യം രണ്ടിടത്താണ് കണ്ടെത്തിയിരിക്കുന്നത്. സൈബീരിയയുടെ കിഴക്കന്‍ തീരത്തും അലാസ്കയുടെ വടക്കന്‍ തീരത്തുമാണ് ഈ സൂക്ഷ്മജീവികളെ ഏറ്റവുമധികം കാണാനാകുക. ഈ മേഖലകളില്‍ പെര്‍മാഫ്രോസ്റ്റിനു കീഴിലുള്ള ജൈവവ്യവസ്ഥ അദ്ഭുപ്പെടുത്തുന്നതായിരുന്നു എന്ന് പഠനത്തില്‍ പങ്കെടുത്ത സമുദ്രഗവേഷകയായ സക്കാറി കൂപ്പര്‍ വിശദീകരിക്കുന്നു. അലാസ്കയിലായിരുന്നു സക്കറി കൂപ്പര്‍ ഉള്‍പ്പെടുന്ന സംഘത്തിന്‍റെ പഠന കേന്ദ്രം.
ഒരാള്‍ക്ക് കഷ്ടിച്ചു മാത്രം കടക്കാന്‍കഴിയുന്ന വലുപ്പത്തില്‍ 12 മീറ്റര്‍ ആഴത്തില്‍ തുരങ്കം സൃഷ്ടിച്ചായിരുന്നു ഈ മേഖലയില്‍ പഠനം നടത്തിയത്. ഈ തുരങ്കത്തില്‍ നിന്നാണ് സൂക്ഷ്മ ജീവികളുടെ സാംപിളുകള്‍ ശേഖരിച്ചതും പഠനം നടത്തിയതും. ഐസ് ടണലിലൂടെ ഇറങ്ങുന്ന പ്രതീതിയായിരുന്നു ഈ പഠനാനുഭവത്തില്‍ ഉണ്ടായതെന്ന് സാംപിളുകള്‍ ശേഖരിച്ച ഗവേഷകര്‍ പറയുന്നു. മനുഷ്യര്‍ക്ക് കൃത്രിമ ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനുട്ടില്‍ കൂടുതല്‍ ഈ മേഖലയില്‍ ചിലവഴിക്കാന്‍ സാധിക്കില്ല. അത്തരം ഒരു പ്രദേശത്താണ് പത്ത് ലക്ഷത്തിലേറെ വര്‍ഷമായി ഈ ചെറുജീവികള്‍ സ്വന്തം ജൈവവ്യവസ്ഥ നിലനിര്‍ത്തിയിരിക്കുന്നതെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ഗവേഷകര്‍ പറയുന്നു.