അരിക്കൊമ്പൻ ഇപ്പോൾ എവിടെ?; പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട്, ആരോഗ്യവാനെന്ന് വിശദീകരണം

Mail This Article
അരിക്കാമ്പന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ കാട്ടാനയുടെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്. ആന ആരോഗ്യവാനാണെന്നും കോതയാർ നദിയുടെ ഉത്ഭവസ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്നും തമിഴ്നാട് അറിയിച്ചു. കഴിഞ്ഞ 13 ദിവസമായി പുല്ലും നദീതീരത്തെ സസ്യങ്ങളുമാണ് അരിക്കൊമ്പന്റെ ആഹാരം.
തമിഴ്നാട് വനംവകുപ്പിന്റെ പിടിയിലായ ശേഷം അരിക്കൊമ്പൻ ക്ഷീണതനായെന്ന് മൃഗസ്നേഹികൾക്കിടയിൽ പ്രചാരണം ഉണ്ട്. കേരളത്തിലുണ്ടായിരുന്ന അരിക്കൊമ്പന്റെ ചിത്രവും തമിഴ്നാട്ടിലേതും താരതമ്യം ചെയ്താണ് വിമർശനം. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങൾ അരിക്കൊമ്പന്റെ ചിത്രങ്ങൾ വനംവകുപ്പ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. പുതിയ വനമേഖലയുമായി കാട്ടാന ഇണങ്ങിയെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്. തമിഴ്നാട്ടിലെ വരണ്ടപ്രദേശത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടിരിക്കുന്നതെന്നും ആരോഗ്യവാനല്ലെന്ന് ചിത്രങ്ങളിൽ തന്നെ വ്യക്തമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിറങ്ങി പതിവായി പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെയാണ് അരിക്കൊമ്പനെ കേരളം അറിഞ്ഞുതുടങ്ങിയത്. അരിക്കൊമ്പനെ പിടിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പ്രതിഷേധമായി മാറിയതോടെ കേരള സർക്കാർ കൊമ്പനെ പിടികൂടാൻ നടപടി തുടങ്ങി. എന്നാൽ ഇതിനെതിരെ മൃഗസ്നേഹികൾ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ റേഡിയോ കോളർ ധരിപ്പിച്ച് കാട്ടിലേക്ക് വിട്ടാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. തമിഴ്നാട് അതിർത്തിയോട് ചേർന്ന പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനത്ത് അരിക്കൊമ്പനെ തുറന്നുവിട്ടു.


ദിവസങ്ങൾക്ക് ശേഷം അരിക്കൊമ്പൻ തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിലേക്ക് ഇറങ്ങി. അരിക്കൊമ്പന്റെ പരാക്രമം അതിരുകടന്നപ്പോൾ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുകയും കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിടുകയുമായിരുന്നു.

English Summary: Arikomban, Tamilnadu