അരിക്കൊമ്പൻ മദപ്പാടിൽ; വാഴക്കൃഷി നശിപ്പിച്ചു, വീടുകൾക്ക് കേടുപാട്: 2 തവണ വെടിയുതിർത്തു
Mail This Article
തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിൽ വിട്ട അരിക്കൊമ്പൻ മാഞ്ചോലയിലെ തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നു. കോതയാറിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള തോട്ടം മേഖലയാണ് മാഞ്ചോല. ഉൾക്കാട്ടിലേക്ക് ഓടിക്കുന്നതിനായി തമിഴ്നാട് വനംവകുപ്പ് രണ്ടു തവണ ആകാശത്തേക്ക് വെടിയുതിർത്തു. പഴങ്ങൾ നൽകിയും മറ്റും അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ നിരവധി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മൃഗഡോക്ടർമാരും ഇവർക്കൊപ്പം ഉണ്ട്. അരിക്കൊമ്പൻ മദപ്പാടിലാണെന്നും അതിനാലാണ് ജനവാസമേഖലയിലേക്ക് ഇറങ്ങിയതെന്നും തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ ദിവസം മാഞ്ചോലയിൽ അരിക്കൊമ്പൻ രണ്ട് വീടുകൾക്ക് കേടുപാടുണ്ടാക്കിയിരുന്നു. ആ വീടുകളിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ലയങ്ങളോട് ചേർന്നുള്ള വാഴകൃഷിയും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു. രാത്രിയിൽ ഊത്തുക്കുഴി സ്കൂൾ പരിസരത്തും ആന എത്തിയതായി പറയുന്നു.
ലയങ്ങൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും രാത്രിയിൽ പേടിച്ച് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും നാട്ടുകാർ പറയുന്നു. രാത്രി 7നു ശേഷം പ്രദേശത്തുള്ളവർ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: Arikomban | Tamilnadu