ADVERTISEMENT

ജർമൻ ഇരുചക്രവാഹന നിർമാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡ് ‘ആർ നയൻ ടി’, ‘ആർ നയൻ ടി സ്ക്രാംബ്ലർ’ മോട്ടോർ സൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിദേശ നിർമിത ബൈക്കുകൾ ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്. ബിഎംഡബ്ല്യു ‘ആർ നയൻ ടി’ക്ക് 16.75 ലക്ഷം രൂപയും ‘ആർ നയൻ ടി സ്ക്രാംബ്ലറി’ന് 18.50 ലക്ഷം രൂപയുമാണു ഷോറൂം വില. ഇരു ബൈക്കുകൾക്കുമുള്ള ബുക്കിങ്ങുകൾ ബി എം ഡബ്ല്യു സ്വീകരിച്ചു തുടങ്ങി. 

The-BMW-R-nineT
BMW R nineT

 

‘ആർ നയൻ ടി’ക്കും ‘ആർ നയൻ ടി സ്ക്രാംബ്ലറി’നും കരുത്തേകുന്നത് 1170 സി സി എയർ/ഓയിൽ കൂൾഡ് ഇരട്ട സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാണ്. 109 ബി എച്ച് പിയോളം കരുത്തും 119 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. വെറും മൂന്നര സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു ‘പറക്കുന്ന’ ബൈക്കുകളുടെ പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററാണ്.

BMW-R-nineT-Scrambler
BMW R nineT Scrambler

 

ഇരട്ട റൈഡിങ് മോഡുകളോടെയാണു ബൈക്കുകളുടെ വരവ്: റെയിൻ, റോഡ്. നനഞ്ഞതും വഴുക്കലുള്ളതുമായ പ്രതലങ്ങളിൽ അധിക സുരക്ഷ ഉറപ്പാക്കനായി ഓട്ടമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ ആണു ‘റെയിൻ’ മോഡിന്റെ സവിശേഷത. അതേസമയം ‘റോഡ്’ മോഡിൽ ത്രോട്ടിൽ റസ്പോൺസ് സന്തുലിതമാണെന്നതാണു വ്യത്യാസം.

 

വൃത്താകൃതിയുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്റർ ലൈറ്റ് സഹിതമുള്ള അനലോഗ് സ്പീഡോമീറ്റർ ഡിസ്പ്ലേയുമാണ് ‘ആർ നയൻ ടി’യിൽ ബി എം ഡബ്ല്യു ചിഹ്നം പതിച്ച ലോഹക്കൂട്ടിൽ ഇടംപിടിക്കുന്നത്. ഡേ ടൈം റണ്ണിങ് ലാംപ് സഹിതം എൽ ഇ ഡി ഹെഡ്‌ലാപും ബൈക്കിലുണ്ട്.

കാലം മായ്ക്കാത്ത മോട്ടോർ സൈക്ലിങ് സംസ്കാരത്തിന്റെ പ്രതിഫലനമാണ് ‘ആർ നയൻ ടി’, ‘ആർ നയൻ ടി സ്ക്രാംബ്ലർ’ ബൈക്കുകളെന്ന് ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ്വ അഭിപ്രായപ്പെട്ടു. വേറിട്ട രൂപകൽപ്പനയുടെ ആകർഷണത്തോടെ സംശുദ്ധ റൈഡിങ്ങിന്റെയും സ്പോർട്ടിനെസിന്റെയും ആഘോഷമാണ് ഇരു മോഡലുകളും വാഗ്ദാനം ചെയ്യുന്നത്. പഴയകാലത്തിന്റെ പ്രൗഢി നിലനിർത്തി തന്നെ ആധുനികതയുടെ യാത്രാസുഖം ഉറപ്പാക്കാൻ ഈ ബൈക്കുകൾക്കാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com