652 സിസി എൻജിൻ, പഴമയുടെ പ്രൗഢി; ബിഎസ്എ ഗോൾഡ് സ്റ്റാറിനെ വ്യത്യസ്തനാക്കുന്നതെന്ത്?
Mail This Article
വിസ്മൃതിയിലായ ഇതിഹാസ മോട്ടോർ സൈക്കിളുകളെ തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അഞ്ചു വർഷം മുമ്പ് ക്ലാസിക് ലെജൻഡ്സിന്റെ പിറവി. ഏറെക്കുറെ ഓർമയായി മാറിയ ജാവയെ ഇന്ത്യൻ നിരത്തിൽ മടക്കിക്കൊണ്ടുവന്ന ഈ മഹീന്ദ്ര ഗ്രൂപ് കമ്പനിയുടെ അടുത്ത ദൗത്യം യെസ്ഡിയുടെയും ബ്രിട്ടീഷ് ബ്രാൻഡായ ബി എസ് എയുടെയുമൊക്കെ മടക്കമാണ്.
ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബി എസ് എ മോട്ടോർ സൈക്കിൾസിന്റെ മടങ്ങി വരവിൽ ആദ്യം അവതരിപ്പിക്കുന്ന മോഡലായ ഗോൾഡ് സ്റ്റാർ കഴിഞ്ഞ ദിവസം യു കെയിലെ ബിർമിങ്ഹാമിൽ അനാവരണം ചെയ്തിരുന്നു. യു കെയിൽ വികസനവും രൂപകൽപ്പനയും നിർമാണവുമൊക്കെ നിർവഹിച്ചു പുറത്തെത്തുന്ന ഗോൾഡ് സ്റ്റാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്.
യഥാർഥ ബി എസ് എ ഗോൾഡ് സ്റ്റാർ 1938 മുതൽ 1963 വരെ വിപണിയിലുണ്ടായിരുന്ന മോട്ടോർ സൈക്കിളാണ്. അക്കാലത്ത് 350 മുതൽ 500 സി സി വരെയുള്ള എൻജിനുകളോടെ ഗോൾഡ് സ്റ്റാർ ലഭ്യവുമായിരുന്നു. ഈ പഴയകാല മോഡലിനോടു പൂർണമായും നീതി പുലർത്തുന്ന രൂപകൽപ്പനയാണു പുതിയ ഗോൾഡ് സ്റ്റാറിനായി ബി എസ് എ തിരഞ്ഞെടുത്തിരിക്കുന്നത്.
ബൈക്കിനു കരുത്തേകുന്നത് 652 സി സി, ലിക്വിഡ് കൂൾഡ്, ഇരട്ട ഓവർഹെഡ് കാം, ഫോർ വാൽവ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 6,000 ആർ പി എമ്മിൽ 45 ബി എച്ച് പി വരെ കരുത്തും 4,000 ആർ പി എമ്മിൽ 55 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.
ട്യൂബുലർ സ്റ്റീൽ, ഇരട്ട ക്രേഡിൽ ഫ്രെയിമിൽ സാക്ഷാത്കരിച്ച ബൈക്കിന്റെ മുൻ സസ്പെൻഷൻ ടെലിസ്കോപിക് ഫോർക്കാണ്. പിന്നിൽ ഇരട്ട ഷോക് അബ്സോബറും. മുന്നിൽ 320 എം എം ഡിസ്ക് ബ്രേക്കും പിന്നിൽ 255 എം എം ഡിസ്ക് ബ്രേക്കുമാണു ഘടിപ്പിച്ചിരിക്കുന്നത്. ഇതുഭാഗത്തും ബ്രെംബൊ കാലിപറുകളുമുണ്ട്. മുന്നിൽ 18 ഇഞ്ചും പിന്നിൽ 17 ഇഞ്ചും വീലുമുള്ള ബൈക്കിൽ ലഭിക്കുന്നതു പിരേലി ഫാന്റം സ്പോർട്സ്കോംപ് ടയറാണ്. 12 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധനടാങ്ക് സഹിതമെത്തുന്ന ബൈക്കിന്റെ ഭാരം 213 കിലോഗ്രാമാണ്.
എൽ സി ഡി മൾട്ടി ഫംക്ഷനൽ ഡിസ്പ്ലേ സഹിതം ഇരട്ട പോഡ് അനലോഗ് സ്പീഡോമീറ്ററും ടാക്കോമീറ്ററുമാണു ബൈക്കിലുള്ളത്. ഹെഡ്ലാംപിൽ ഹാലജൻ ബൾബും ടെയിൽ ലാംപിൽ എൽ ഇ ഡിയുമാണ് ഇടംപിടിക്കുന്നത്. ഇരട്ട ചാനൽ എ ബി എസ്, സ്ലിപ്പൽ ക്ലച്, ഹാൻഡ്ൽ ബാറിൽ ഘടിപ്പിച്ച യു എസ് ബി ചാർജർ എന്നിവയും ബൈക്കിലുണ്ട്.
റോയൽ എൻഫീൽഡിന്റെ ‘കോണ്ടിനെന്റൽ ജി ടി 650’, ‘ഇന്റർസെപ്റ്റർ 650’ എന്നിവയോട് ഏറ്റുമുട്ടാനാണു വരവെങ്കിലും ഇവയെ അപേക്ഷിച്ചു പ്രീമിയം വിലനിലവാരമാണു ‘ഗോൾഡ് സ്റ്റാറി’നു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് എതിരാളികളായ ‘കാവസാക്കി ഡബ്ല്യു 800’, ട്രയംഫ് ‘സ്ട്രീറ്റ് ട്വിൻ’ എന്നിവയ്ക്കു സമാനമായ വിലയ്ക്കാവും ‘ഗോൾഡ് സ്റ്റാർ’ ലഭ്യമാവുക.
English Summary: Know More About BSA Gold Star