ADVERTISEMENT

ടെസ്‌ല ഓട്ടോ പൈലറ്റ് മോഡിലിട്ട് ഡ്രൈവിങ് സീറ്റിലിരുന്ന ഉറങ്ങിയ ആളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി ജര്‍മന്‍ പൊലീസ്. ഡിസംബര്‍ 29ന് വൈകുന്നേരമാണ് ജര്‍മനിയിലെ ബാംബെര്‍ഗില്‍ വച്ച് പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ ടെസ്‌ല മുന്നോട്ടു കുതിക്കുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചു പാഞ്ഞ ടെസ്‌ലയെ പൊലീസ് വാഹനങ്ങള്‍ പിന്തുടരുകയായിരുന്നു.

 

Tesla-Model03
Tesla (File image)

ടെസ്‌ലയുടെ മുന്നിലും വശങ്ങളിലും പൊലീസ് വാഹനങ്ങളെത്തിയിട്ടും കാര്‍ നിര്‍ത്തിയില്ല. ഡ്രൈവറുടെ ഭാഗത്തെ ജനലിലൂടെ നോക്കിയപ്പോഴാണ് ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ നിന്നു കയ്യെടുത്ത് ഇരുന്ന് ഉറങ്ങുന്നതായി കണ്ടത്. അതോടെയാണ് ഓട്ടോ പൈലറ്റ് മോഡില്‍ ഇട്ട ശേഷം ഡ്രൈവര്‍ ഉറങ്ങിയെന്ന് പൊലീസ് തിരിച്ചറിയുന്നത്. പിന്നെയും 15 മിനിറ്റോളം ശ്രമിച്ച ശേഷമാണ് ഡ്രൈവര്‍ ഉറക്കത്തില്‍ നിന്നു ഉയരുന്നതും പൊലീസിന്റെ നിര്‍ദേശം അനുസരിച്ച് കാര്‍ റോഡിന്റെ ഓരത്തേക്ക് ഒതുക്കുന്നതും.

 

ജര്‍മനിയില്‍ പൂര്‍ണമായും ഓട്ടോപൈലറ്റില്‍ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. മാത്രമല്ല പിടിയിലാവുമ്പോള്‍ ടെസ്‌ലയുടെ ഡ്രൈവര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇതോടെയാണ് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. അതേസമയം കഴിഞ്ഞ മെയ് മാസത്തില്‍ ഭാവിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. പ്രധാനമായും ബസുകള്‍ അടങ്ങുന്ന പൊതുഗതാഗത സംവിധാനത്തിലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ജര്‍മനി ശ്രമിക്കുന്നത്. 

 

തങ്ങളുടെ ഓട്ടോ പൈലറ്റ് സംവിധാനം ഡ്രൈവര്‍മാരുടെ ജോലി കുറക്കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയതാണെന്നാണ് ടെസ്‌ലയുടെ വിശദീകരണം. ഡ്രൈവിങ് ചുമതലകള്‍ ഭാഗികമായോ ഏതാണ്ട് പൂര്‍ണമായോ ടെസ്‌ലക്ക് നല്‍കാനാവും. അപ്പോള്‍ പോലും സ്റ്റിയറിങ്ങില്‍ കൈകള്‍ ഉണ്ടായിരിക്കണമെന്നും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാനിടയുള്ള അത്യാഹിത സാഹചര്യങ്ങളെ മറികടക്കാന്‍ ജാഗരൂകരായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

 

ഫുള്‍ സെല്‍ഫ് ഡ്രൈവിങ്, ഇംപ്രൂവ്ഡ് ഓട്ടോ പൈലറ്റ് എന്നിങ്ങനെ രണ്ട് ഓട്ടോപൈലറ്റ് ഫീച്ചറുകളാണ് ടെസ്‌ല വാഹനങ്ങളിലുള്ളത്. ഇതുവരെ ഡ്രൈവറുടെ യാതൊരു ഇടപെടലുമില്ലാതെ പരിപൂര്‍ണമായി പ്രവര്‍ത്തിക്കാനാവുന്ന ഓട്ടോ പൈലറ്റ് ഫീച്ചര്‍ ടെസ്‌ല അവതരിപ്പിച്ചിട്ടില്ല. അതേസമയം ലെവല്‍ 5ല്‍ പെടുന്ന ഡ്രൈവറുടെ ആവശ്യമേയില്ലാത്ത ഓട്ടോ പൈലറ്റ് സംവിധാനം ഈ വര്‍ഷം തന്നെ അവതരിപ്പിക്കാനാവുമെന്നാണ് ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്നത്.

 

English Summary: Police in Germany chase Tesla for 15 minutes after driver turns on autopilot and 'goes to sleep'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com