ഡ്രൈവിങ് ഏറെയിഷ്ടം, വലിയ യാത്രകൾ ഇല്ലെങ്കിൽ സന്തോഷം: കനി കുസൃതി
Mail This Article
പറ്റുമെങ്കിൽ വീട്ടിലിരിക്കണം, അടുത്തെവിടെയെങ്കിലും ജോലിക്കു പോകണം. ചുറ്റുവട്ടത്തുള്ള കുഞ്ഞു കുഞ്ഞു നടത്തങ്ങൾ, സൈക്ലിങ്, ടൂ വീലർ ഓടിക്കൽ ഇതൊക്കെയാണ് എന്റെ ഇഷ്ടങ്ങൾ. വലിയ യാത്രകൾ ഇല്ലെങ്കിൽ സന്തോഷം... തന്റെ സഞ്ചാരങ്ങളെക്കുറിച്ചു കനി കുസൃതി മനസ്സു തുറന്നു. ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഫ്രാൻസ്, ഹോളണ്ട്, ഇംഗ്ലണ്ട്, അയർലൻഡ്, കെനിയ, ദക്ഷിണ കൊറിയ, റഷ്യ, ശ്രീലങ്ക, ഹംഗറി, പോർച്ചുഗൽ, യുഎസ്, കാനഡ, ജർമനി എന്നിവിടങ്ങളിലെല്ലാം സന്ദർശിച്ചിട്ടുള്ള കനി പക്ഷേ, യാത്രാവിമുഖയാണ്. പലപ്പോഴും ജോലിയും ഇഷ്ടങ്ങളും പൊരുത്തപ്പെടാതെ വരുമ്പോൾ ഒഴിവാക്കാനും വയ്യ.
∙ ഡ്രൈവിങ്
ടൂവീലർ ഓടിക്കാൻ പണ്ടേ ഇഷ്ടം.കാർ ഡ്രൈവ് ചെയ്തു തുടങ്ങിയിട്ട് 2 വർഷം ആയതേയുള്ളൂ. ആദ്യമൊന്നും ഡ്രൈവിങ് ഇഷ്ടമുണ്ടായിരുന്നില്ല. ഓടിച്ചപ്പോൾ സുരക്ഷിതമായി തോന്നി. ഇപ്പോൾ ഡ്രൈവിങ് ഇഷ്ടമാണ്. പക്ഷേ, ലോങ് ഡ്രൈവുകൾ പോകാറില്ല. സ്വന്തം കാർ ഇല്ല. ഇഷ്ടപ്പെട്ട കാർ ബ്രാൻഡ് ടെസ്‌ലയാണ്. യാത്രകളെ കുറച്ചെങ്കിലും ഇഷ്ടപ്പെടുന്നത് ട്രെയിനിൽ പോകുമ്പോഴാണ്.
∙ ഹോണടി സഹിക്കില്ല
ഡ്രൈവിങ്, ഇന്ത്യയിൽത്തന്നെ പല സ്ഥലത്തും പല രീതിയാണ്. ഫുട്‌പാത്തിലൂടെ വണ്ടിയോടിക്കുന്നതൊക്കെ കണ്ടിട്ടില്ലേ. എന്നാൽ, യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും റോഡുകൾ പരിപാലിക്കുന്ന രീതിതന്നെ വേറെയാണ്. കുണ്ടും കുഴിയും ഒന്നുമില്ല. ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് ഹൈവേ, എക്സ്പ്രസ് വേ, ഗ്രാമീണ റോഡുകൾ എന്നിവ തിരഞ്ഞെടുക്കാം. ചെറിയ റോഡ് ആണെങ്കിലും നന്നായി പരിപാലിച്ചിട്ടുണ്ടാകും. ഫ്രാൻസിലൊക്കെ ഗതാഗതക്കുരുക്കുണ്ടെങ്കിൽ സൈൻ ബോർഡുകളിലൂടെ മുന്നറിയിപ്പു തരും. ജനങ്ങൾ നിയമം അനുസരിക്കും. ഇവിടെ ഏറ്റവും അരോചകമായി തോന്നിയിട്ടുള്ളത് ഹോണടിയാണ്. അങ്ങോട്ട് മാറൂ... എന്നൊക്കെ ഹോണടിച്ചാണ് പറയുന്നത്.
തിക്കുംതിരക്കുമുള്ള റോഡിൽ അനാവശ്യമായി റാഷ് ഡ്രൈവിങ് ചെയ്യുന്നതിനോട് ദേഷ്യമാണ്. അതു റേസിങ് ട്രാക്കുകളിലാകാം. പൊതുനിരത്തുകൾ ഒഴിവാക്കണം. നമുക്കു മാത്രമല്ല മറ്റു മനുഷ്യർക്കുകൂടി ഡ്രൈവ് ചെയ്യേണ്ടതുണ്ട് എന്ന ധാരണ വേണം. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡ് ഉപയോഗിക്കുന്നുണ്ട്. ആ ബോധ്യം ഡ്രൈവ് ചെയ്യുന്നവർക്കുണ്ടാകണം.
∙വിദേശ സംസ്കാരം പാരിസിൽ തിയറ്റർ പഠിക്കാൻ
പോകുന്നതിനു മുൻപും വിദേശത്തൊക്കെ പെർഫോം ചെയ്യാൻ പോയിട്ടുണ്ട്. അവിടെ ഒരുപാട് തെരുവു കലാകാരന്മാർ ഉണ്ട്. അവരൊക്കെ വളരെയധികം ടാലന്റ് ഉള്ളവരാണ്. തെരുവിൽ പാടുന്നവരും ചിത്രം വരയ്ക്കുന്നവരും നൃത്തം ചെയ്യുന്നവരും വളരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ, നമ്മുടെ നാട്ടിലെ പ്രഫഷനൽ കലാകാരന്മാരെക്കാൾ മികവുറ്റവരാണ് അവർ.
∙ഇഷ്ടം, ആഗ്രഹങ്ങൾ
ഇഷ്ട ഭക്ഷണം സൂഷിയാണ്. ജാപ്പനീസ് ഫുഡ്. കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്ന് ജപ്പാനാണ്. ഈജിപ്റ്റ്, ടർക്കി, ഗ്രീസ്, തെക്കേ അമേരിക്കൻ രാജ്യങ്ങളും ഇഷ്ടം.∙ യാത്ര പോകുന്ന സ്ത്രീകളോട് സ്ത്രീകൾ യാത്ര ചെയ്തു കാണുമ്പോൾ വലിയ സന്തോഷമാണ്. ഇന്നത്തെക്കാലത്തെ സ്ത്രീകൾ കുറച്ചെങ്കിലും അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചു യാത്ര ചെയ്യാൻ എന്തെങ്കിലും വഴി കണ്ടെത്തുന്നുണ്ട്. നമ്മുടെ രാജ്യത്ത് കാർ ഓടിക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വം ടൂവീലർ ഓടിക്കുമ്പോൾ ഇല്ല. ഏതു സമയത്ത് ഓടിക്കുമ്പോഴും വല്ലാത്തൊരു സെക്യൂരിറ്റി കാർ ഓടിക്കുമ്പോൾ തോന്നിയിട്ടുണ്ട്. ഞാൻ വിചാരിക്കാറുണ്ട്, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും സ്വന്തമായി കാർ ഉണ്ടെങ്കിൽ എന്ത് അടിപൊളിയായിരിക്കും! വായുമലിനീകരണം കണക്കിലെടുക്കുമ്പോൾ അതത്ര നല്ലതല്ലെങ്കിലും.
∙ മൈത്രേയനും ജയശ്രീയേച്ചിയും
യാത്രകൾ ഇഷ്ടമുള്ള ആളാണ് അച്ഛൻ മൈത്രേയൻ. അമ്മ ജയശ്രീയേച്ചിക്ക് ഇടയ്ക്കൊക്കെ സഞ്ചാരിയാകാനാണു താൽപര്യം. എനിക്കാണ് ഏറ്റവും മടി. കുട്ടിക്കാലത്ത് ഞങ്ങൾ ഒരുമിച്ചു യാത്രചെയ്ത രസകരമായ ഓർമകൾ ഉണ്ട്. എവിടെയെങ്കിലും പോകുമ്പോൾ ബസ് കിട്ടിയില്ലെങ്കിൽ ലോറിയിലൊക്കെ കയറി പോയിട്ടുണ്ട്. എല്ലാവരുടെയും കൂടെ യാത്ര ചെയ്യാൻ പറ്റാറില്ല. കൂടെ യാത്ര ചെയ്യുന്നവരുമായി ഒരു ‘സിങ്ക്’ വേണം. എങ്കിലേ ആസ്വദിക്കാൻ പറ്റൂ.
∙പുതിയ പ്രോജക്ടുകൾ
നാടകാഭിനയത്തിലൂടെയാണു സിനിമയിലെത്തുന്നത്. ഹിന്ദിയിൽ രണ്ട് വെബ് സീരീസുകൾ പുറത്തിറങ്ങാനുണ്ട്. ഹിന്ദി, മലയാളം സിനിമകളുടെ റിലീസ് അടുത്തുതന്നെ ഉണ്ടാകും. രണ്ടു സിനിമകളുടെ ഷൂട്ടിങ് പൂർത്തിയായി. 2020 ലെ മികച്ച നടിക്കുള്ള അവാർഡ് നേടിത്തന്ന ‘ബിരിയാണി’യിലെ ഖദീജ വ്യത്യസ്ത കഥാപാത്രമാണ്. നിലപാടുകളാണു കനിയെന്ന വ്യക്തിയെ വ്യത്യസ്തയാക്കുന്നത്. അതു സിനിമകളിൽ കാണാം. ജീവിതത്തിലും.
English Summary: Kani Kusruti About Driving