സൈക്കിളിൽ നിന്ന് സ്പേസ് ഫ്ലൈറ്റിലേക്ക്, മലയാളത്തിന്റെ വിശ്വസഞ്ചാരി
Mail This Article
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രയിൽ യാദൃച്ഛികത അത്യപൂർവമായിരിക്കും. പോകേണ്ട സ്ഥലത്തെപ്പറ്റി വ്യക്തമായി പഠിച്ചും മുൻകൂട്ടി ആസൂത്രണം ചെയ്തുമാണ് അദ്ദേഹം സഞ്ചരിക്കുക. എന്നാൽ, ബഹിരാകാശയാത്രയ്ക്കുള്ള തുടക്കം ഒരു യാദൃച്ഛികതയിലായിരുന്നു.
ലോകത്തിലെ ഏതു മലയാളിക്കും അഭിമാനമാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന പേര്. മാന്ത്രിക വിഷ്വലുകളുടെ അകമ്പടിയില്ലാതെതന്നെ അദ്ദേഹത്തിന്റെ സംസാരം മലയാളി മടുപ്പില്ലാതെ കേട്ടിരിക്കുന്നതിലെ മാജിക് എന്താകാം? ലോകം കണ്ടതിന്റെ അനുഭവം അറിയുന്നതാകാം. പുതിയ ആശയങ്ങൾ മലയാളിക്കു പരിചയപ്പെടുത്തുന്നതുകൊണ്ടാകാം. ഭൂമിയെ അത്രമേൽ യാത്രാപാശം കൊണ്ടു ചുറ്റിവരിഞ്ഞിട്ടുണ്ട് കോട്ടയം ജില്ലയിലെ ഈ മരങ്ങാട്ടുപിള്ളിക്കാരൻ. വാഹനങ്ങളുമായി ഇത്രയും ഇടപഴകിയ സഞ്ചാരികൾ കുറവായിരിക്കും. എന്നാൽ അത്ര വലിയ വാഹനഭ്രമക്കാരനല്ല സന്തോഷ് ജോർജ് കുളങ്ങര.
സൈക്കിളിൽ തുടക്കം
''ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടികൾ എത്രയോ പഴയവയാണ്. പുതുതായി വാഹനം വാങ്ങിയിട്ട് കാലങ്ങളായി എന്നർഥം. വാങ്ങിയ വണ്ടികളെല്ലാം ഗാരിജിൽ കിടക്കുന്നുണ്ട്. വിറ്റാലും വലിയ വില കിട്ടില്ല, അതുകൊണ്ട് സൂക്ഷിക്കുന്നു. എല്ലാ വണ്ടികളും ഓടുന്ന കണ്ടീഷനിൽത്തന്നെയാണ്’’.
എന്റെ വാഹനങ്ങളിൽ ആദ്യത്തേത് ഒരു സൈക്കിൾ ആയിരുന്നു. പിതാവിന്റെ പ്രസ്സിലെ ആവശ്യത്തിനുവേണ്ടിയുള്ള സൈക്കിൾ ആയിരുന്നു അത്. ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹം ആ സൈക്കിൾ ഉപയോഗിച്ചോളാൻ പറഞ്ഞു. പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്തു ലഭിച്ച അവാന്റി ഗരെല്ലി എന്ന ഇറ്റാലിയൻ മോപ്പഡ് ആയിരുന്നു എന്റെ രണ്ടാമത്തെ വാഹനം. സൈക്കിൾ പോലെ ഡിസൈൻ ഉള്ള, 50 സിസി എൻജിൻ ഉള്ളത്. വഴിയിൽ ഇറക്കാതെ അവിടെയൊക്കെ ഉരുട്ടി നടക്കുമായിരുന്നു ആ മോപ്പഡ്.
മൂന്നാമത്തെ വാഹനം ലാംപി സ്കൂട്ടർ. കോളജിൽ പൊയ്ക്കൊണ്ടിരുന്നത് ലാംപിയിൽ ആണ്. കുടുംബത്തിൽ ജീപ്പ് ഉണ്ടായിരുന്നു. എങ്കിലും ഞാൻ ആദ്യമായി സ്വന്തമാക്കുന്നത് മാരുതി ഒമ്നി ആണ്. വിവാഹം കഴിക്കുമ്പോൾ ഒമ്നി ആയിരുന്നു ഉണ്ടായിരുന്നത്. ഞാനതിനെ ഭംഗിയായി പെയിന്റടിച്ച്, ഇന്റീരിയർ വർക്ക് ചെയ്ത് സീറ്റൊക്കെ മാറ്റി കൊണ്ടുനടന്നെങ്കിലും എൻജിൻ മാത്രം പഴയ സ്വഭാവം തുടർന്നു. അവൻ ഇടയ്ക്കിടയ്ക്ക് സ്റ്റാർട്ട് ആകാതിരിക്കും. വിവാഹശേഷം ഭാര്യവീട്ടിൽ പോകുമ്പോൾ പലപ്പോഴും സ്റ്റാർട്ട് ആകാതെ ആ ഒമ്നി എന്നെ നാണം കെടുത്തിയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് മാരുതി 800, മാരുതി സെൻ എന്നിങ്ങനെ കാറുകളായി. പിന്നീട് എസ്‌യുവികളായി വാഹനങ്ങൾ. ടൊയോട്ട ക്വാളിസ്, സാങ്യോങ് റെക്സ്റ്റൺ, ലെക്സസ് എൽഎക്സ് എന്നീ എസ്‌യുവികൾ യാത്രയുടെ ഭാഗമായി.
എസ്‌യുവികൾ
ടൊയോട്ട ക്വാളിസ് ഇപ്പോഴും പുത്തൻപോലെ സൂക്ഷിക്കുന്നു. നല്ല ഡ്രൈവിങ് കംഫർട്ട് ഉള്ള വാഹനമായിരുന്നു ക്വാളിസ്. ഹ്യുണ്ടേയ് ടെറാകാൻ എന്ന അപൂർവ എസ്‌യുവിയും ശേഖരത്തിലുണ്ട്. വലുപ്പമുള്ള എസ്‌യുവികൾ ആണ് ഇഷ്ടം. അവ നൽകുന്ന കംഫർട്ട് തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള കാരണം. യാത്രകളിലാണ് പല പദ്ധതികളും ചിന്തിക്കുന്നത്. മീറ്റിങ് നടത്തുന്നത്, ആളുകളുമായി ആശയവിനിമയം നടത്തുന്നത്. ബിസിനസ് സംബന്ധമായ യാത്രകളിൽ ഇഷ്ടം പോലെ സമയം കിട്ടും. പലപ്പോഴും ഉറക്കം പോലും വാഹനങ്ങളിലാണ്. ഈ യാത്രാസമയം ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ സുഖപ്രദമായ, സുരക്ഷിതമായി വീട്ടിൽ എത്തിക്കും എന്നുറപ്പു നൽകുന്ന എസ്‌യുവികൾ വേണം. ഒരു ഓഫിസ് എന്ന നിലയിലാണ് ഞാൻ വാഹനത്തെ കാണുന്നത്. സ്വന്തമായി ഡ്രൈവ് ചെയ്യാൻ റെക്സ്റ്റൺ എടുക്കും. അനായാസ ഡ്രൈവ് ആണ് റെക്സ്റ്റണിന്റെ മികവ്. ലെക്സസ് എൽഎക്സ് എസ്‌യുവിയുമായുള്ള യാത്രയിൽ ഡ്രൈവർ കൂടെയുണ്ടാകും. ചെറിയ വാഹനങ്ങളിൽനിന്നു വലിയ വാഹനങ്ങളിലേക്കാണ് ഞാൻ വളർന്നത്.
ആദ്യ തീവണ്ടിയാത്ര
യാത്ര ചെയ്യാൻ ഇഷ്ടമുള്ള കുടുംബമാണ് ഞങ്ങളുടേത്. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ടൂർ ഓഫർ എന്റെ പിതാവ് നൽകി. എറണാകുളത്തു കൊണ്ടുപോകാമെന്ന്. അതു വലിയ സംഭവമാണ്. കാരണം, എറണാകുളം ഞങ്ങൾ കണ്ടിട്ടില്ല. ബസ് കയറി പിതാവിന്റെ കൂടെ ആപ്പാഞ്ചിറയിലെ വൈക്കം റോഡ് സ്റ്റേഷനിൽ എത്തി. അവിടെനിന്ന് എറണാകുളം വരെ അരമണിക്കൂർ യാത്ര. അന്നു പ്ലാറ്റ്ഫോം ഒന്നുമില്ല. ട്രെയിനിൽ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ കയറും എന്ന വലിയ സംഘർഷം മനസ്സിലുണ്ടായിരുന്നു. ട്രെയിൻ വന്നു. ഞങ്ങളെയൊക്കെ എടുത്തിടുകയായിരുന്നു പിതാവ്, ട്രെയിനിലേക്ക്. അങ്ങനെ ഞങ്ങൾ മൂന്നു മക്കളും അച്ഛനും അമ്മയും എറണാകുളത്തേക്ക് ട്രെയിനിൽ യാത്ര ചെയ്തു.
ട്രെയിൻയാത്രയിലെ യാദൃച്ഛികതയാണ് ബഹിരാകാശയാത്രയ്ക്കു തിരി തെളിച്ചത്. ലണ്ടനിലെ ട്രെയിൻയാത്രകളിലൊന്നിൽ വച്ചാണ്, ആരോ ഉപേക്ഷിച്ചുപോയ ന്യൂസ് പേപ്പറിൽ ഹിരാകാശയാത്രയെപ്പറ്റി വായിക്കുന്നത്. അതുകണ്ട് വിർജിൻ ഗാലക്ടിക് കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടാണ് ബഹിരാകാശ ടൂറിസ്റ്റ് ആകാനൊരുങ്ങിയത്.
ആദ്യവിമാനയാത്ര
ആദ്യത്തെ ആകാശപ്പറക്കൽ എന്റെ സഞ്ചാര ആവശ്യത്തിനു വേണ്ടി ഉള്ളതായിരുന്നില്ല. അന്ന് പിതാവിന്റെ പ്രസ്സിനുള്ള ന്യൂസ് പ്രിന്റ് ബോംബെ പോർട്ടിൽ ആണ് ഇറങ്ങുന്നത്. ഒരിക്കൽ അവിടത്തെ ഏജന്റ് ഞങ്ങളെ വിളിച്ചു പറഞ്ഞു, ന്യൂസ് പ്രിന്റ് നനഞ്ഞിട്ടുണ്ട്. ആരെങ്കിലും വന്ന് ഇതൊന്നു പരിശോധിക്കണം. ഉപയോഗിക്കാൻ കഴിയുന്ന പേപ്പർ നോക്കിയെടുക്കാൻ ഒരാൾ ചെല്ലണം. ഞാൻ അന്ന് ഡിഗ്രി കഴിഞ്ഞുനിൽക്കുകയാണ്. പ്രസ്സിലെ എല്ലാ ജോലികളിലും മുഴുകിയിരുന്നതുകൊണ്ട് എനിക്ക് ഇതിനെക്കുറിച്ചൊക്കെ ധാരണയുണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചു വരാൻ പിതാവ് ദൗത്യമേൽപിച്ചു. ഇതിനായി വിമാനടിക്കറ്റുകൾ നൽകി. അങ്ങനെ ആദ്യമായി കൊച്ചിയിലെ പഴയ, നേവിയുടെ എയർപോർട്ടിൽനിന്നു ഞാൻ ആദ്യ വിമാനയാത്രയ്ക്കു തുടക്കം കുറിച്ചു.
ബഹിരാകാശത്തേക്ക്
വിർജിൻ ഗാലക്ടിക് എന്ന കമ്പനിയുടെ സ്വകാര്യ സ്പേസ് ഫ്ലൈറ്റിലെ യാത്രികനാകാനാണ് ഇപ്പോൾ ഒരുങ്ങുന്നത്. യൂണിറ്റി 22 എന്ന സ്പേസ് ഫ്ലൈറ്റ് ആദ്യയാത്ര നടത്തി വിജയകരമായി തിരിച്ചുവന്നു. വിർജിൻ ഗാലക്ടിക് കമ്പനിയുടെ സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൻ ഉൾപ്പെടെയുള്ളവരായിരുന്നു യാത്രികർ. ഞാൻ യാത്ര ചെയ്യുന്നത് എനിക്കു കാഴ്ച കാണാൻ മാത്രമല്ല. മറിച്ച് എല്ലാ മലയാളികൾക്കും വേണ്ടിയാണ്. ലോകസഞ്ചാരം, ബിസിനസ് യാത്രകൾ, സഫാരി ചാനലിന്റെ നടത്തിപ്പ്, ബഹിരാകാശയാത്രയ്ക്കുള്ള തയാറെടുപ്പുകൾ. ഇതിനെല്ലാം സമയം എങ്ങനെ കണ്ടെത്തുന്നു..
നമ്മുടെ കാര്യങ്ങൾ ചെയ്യാൻ നമ്മുടേതായ രീതിയിൽ ഒരു സിസ്റ്റം വികസിപ്പിച്ചെടുക്കുക. എല്ലാവരും ചെയ്യുന്നതുപോലെ ചെയ്താൽ സമയം ഫലവത്തായി ഉപയോഗിക്കാൻ കഴിയില്ല. ഉദാഹരണത്തിന്, ഒരു എപ്പിസോഡ് സഞ്ചാരം നാലു മണിക്കൂർ കൊണ്ട് എനിക്ക് എഡിറ്റ് ചെയ്യാൻ പറ്റും. അതിനു കാരണം ആ സ്ഥലങ്ങളുമായുള്ള എന്റെ പരിചയമാണ്. മറ്റ് എഡിറ്റേഴ്സിനെ ഏൽപിച്ചാൽ അതിൽ കൂടുതൽ സമയം എടുക്കും. എനിക്കു വേഗത്തിൽ ചെയ്യാൻ കഴിയുന്നതു ഞാൻ തന്നെ ചെയ്യും. മറ്റുള്ളവർക്ക് എന്നെക്കാൾ വേഗത്തിൽ ചെയ്യാൻ കഴിയുന്നത് അവരെക്കൊണ്ടു ചെയ്യിക്കും. ഇങ്ങനെ ജോലികൾ ക്രമീകരിക്കും.
ഓഫിസിൽവച്ചുമാത്രം ജോലി ചെയ്യുക എന്ന രീതി എനിക്കില്ല. വീട്ടിൽ വിഡിയോ എഡിറ്റ് ചെയ്യാം. യാത്രയിൽ മറ്റു കാര്യങ്ങൾ പ്ലാൻ ചെയ്യാം. സഞ്ചാരത്തിന്റെ ചിത്രീകരണത്തിന് മാസത്തിൽ അഞ്ചു ദിവസം മാത്രമേ ഞാൻ യാത്ര ചെയ്യൂ. ബാക്കി എല്ലാ ദിവസവും ഓഫിസിലുണ്ടാകും. ഞായറാഴ്ച അവധിദിവസമാണെന്ന് തോന്നാറില്ല.
കേരളം-റോഡ്-വികസനം
എല്ലാവർക്കും നല്ല വീതിയേറിയ റോഡ് ആവശ്യമാണ്. എന്നാൽ, വീതികൂട്ടൽ നമ്മുടെ പറമ്പിനടുത്തു വരുമ്പോഴാണ് പ്രശ്നം. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഭൂപ്രകൃതി കേരളത്തെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ജനസാന്ദ്രത കുറവാണ്. അതുകൊണ്ടുതന്നെ വീതിയേറിയ റോഡുകൾ നിർമിക്കാം. കേരളത്തിലും അതിനു കഴിയും. സ്ഥലമേറ്റെടുക്കുമ്പോൾ സമയബന്ധിതമായി നല്ല രീതിയിലുള്ള പ്രതിഫലം കിട്ടണം. ഇതിനായി കോടതി കയറിയിറങ്ങേണ്ടി വരുന്നതു മാറ്റണം. ഒരു ദു:ഖവുമില്ലാതെ സ്വന്തം സ്ഥലം വിട്ടുനൽകി ഇറങ്ങിപ്പോകാൻ പറ്റുന്ന തരത്തിലുള്ള തുക സർക്കാർ നൽകണം. അതിന് സർക്കാരിന് സമ്പത്തുണ്ടാകണം. സമ്പത്തു വേണമെങ്കിൽ വ്യവസായങ്ങൾ വരണം. വ്യവസായിയെ ശത്രുവായി കാണുന്ന രീതി മാറണം.
ചൈന ഉദാഹരണമായെടുക്കാം. ലോകം മുഴുവൻ ഉൽപന്നങ്ങൾ എത്തിക്കുന്നതിന് അവർ സ്വകാര്യസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നു. മലിനീകരണം ഇല്ലാത്ത ടൂറിസം-ഐടി രംഗത്ത് നമ്മൾ മുന്നേറണം. ഇല്ലെങ്കിൽ കാർ വാങ്ങി ഷെഡിൽ പാർക്ക് ചെയ്ത് നടന്നു പോകേണ്ട സ്ഥിതിയുണ്ടാകും.
ഇതേ ഭൂപ്രകൃതിയുള്ള തയ്‌വാൻ എങ്ങനെയാണു സമ്പന്നമായത് എന്നു പഠിക്കണം. ഇലക്ട്രോണിക് വ്യവസായമാണ് തയ്‌വാന്റെ നട്ടെല്ല്. നമ്മൾ ഉപയോഗിക്കുന്ന പല ഉൽപന്നങ്ങളും തയ്‌വാനിൽ നിർമിക്കുന്നവയാണ്. എന്തുകൊണ്ട് മെയ്ക്ക് ഇൻ ഇന്ത്യ എന്നോ കേരളം എന്നോ കാണുന്നില്ല? നമ്മുടെ നാട്ടിലേക്ക് നൂറു സംരംഭകർ വരുകയും സമ്പദ്‌വ്യവസ്ഥ വലുതാകുകയും വേണം.
ഫാസ്റ്റ്ട്രാക്ക് വായനക്കാരോടു പറയാനുള്ളത്
ലോകത്തിന്റെ അപ്പുറത്തുമുള്ള ലക്ഷ്യസ്ഥാനം കാണണം. നമ്മുടെ കുട്ടികൾക്ക് ചെറിയ ലക്ഷ്യങ്ങളേ ഉള്ളൂ. എന്റെ വിഡിയോയിലെ കമന്റ്സ് വായിക്കുമ്പോൾ അങ്ങനെയാണു തോന്നുന്നത്. അതിലെ നിസ്സാര കാര്യങ്ങൾ ആണ് അവരെ ആകർഷിക്കുന്നത്. അല്ലാതെ വീക്ഷണത്തെക്കുറിച്ചോ, വിഷയത്തിന്റെ ആഴത്തെക്കുറിച്ചോ ആളുകൾ ഒന്നും മനസ്സിലാക്കുന്നില്ല. ‘സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ’ എന്ന പരിപാടിയിൽ ഞാൻ വലിയൊരു കാര്യം അവതരിപ്പിക്കുമ്പോഴും അതിനിടയിൽ ഒരു തമാശ പറഞ്ഞാൽ അതു മാത്രമാണു പലരും ആസ്വദിക്കുന്നത് എന്നു തോന്നാറുണ്ട്. തമാശയ്ക്കപ്പുറം നമ്മൾ എത്തിച്ചേരേണ്ട വലിയൊരു ലക്ഷ്യസ്ഥാനമുണ്ട്. ലോകം ഓർത്തുവയ്ക്കുന്ന എന്തെങ്കിലും ഒരു സംഭാവന നൽകിയാകണം ഭൂമുഖത്തുനിന്ന് നമ്മൾ പോകേണ്ടത്.
നൂറോ ഇരുനൂറോ വർഷം മുൻപ് ജീവിച്ചിരുന്ന എത്ര പേരെ നമ്മൾ ഓർക്കുന്നുണ്ട്? മാർത്താണ്ഡവർമ, പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാർ, പെരുന്തച്ചൻ ഇങ്ങനെ കുറച്ചു പേരുകൾ മാത്രം. എന്തുകൊണ്ട് അന്നത്തെ കാലത്തു ജീവിച്ചിരുന്ന മറ്റു മനുഷ്യരെ ഓർക്കുന്നില്ല? ഓർമിക്കപ്പെടുന്നവർ അസാധാരണവും സാഹസികവുമായ കാര്യങ്ങൾ ചെയ്തു എന്നതു കൊണ്ടല്ലേ, ചിരഞ്ജീവികളായത്? വരും തലമുറ ഓർത്തിരിക്കുന്ന എന്തെങ്കിലും ചെയ്യാൻ നമുക്കു കഴിയണം. കഴിയും.
നല്ലൊരു കള്ളനുപോലും പേരുണ്ടാക്കിയശേഷം മരിക്കാൻ കഴിയും എന്നതിന് ഉദാഹരണമുണ്ട് നമ്മുടെ മുന്നിൽ- കായംകുളം കൊച്ചുണ്ണി. ഏതു മേഖലയിൽ പ്രവർത്തിച്ചാലും നാളെ ലോകം ഓർത്തിരിക്കേണ്ട ഒരാൾ ആകണം നമ്മൾ. ആകസ്മികമായി ആകുകയല്ല വേണ്ടത്.അതിനു വേണ്ടി പ്രയത്നിക്കണം. ട്രോളുകൾ വായിച്ചു ജീവിതം തള്ളിനീക്കുക എന്നതിനപ്പുറം നമ്മളെ ട്രോൾ ചെയ്യുന്ന അവസ്ഥയിലേക്ക് ഉയരുക എന്നതാകട്ടെ ഇനിയുള്ള ലക്ഷ്യം.
ബഹിരാകാശയാത്രയുടെ ചരിത്രം
രണ്ടു ശക്തികൾ തമ്മിലുള്ള ശീതയുദ്ധമാണ് ബഹിരാകാശയാത്രയ്ക്കു ചൂടുപിടിപ്പിച്ചത്. പഴയ യുഎസ്എസ് ആറും (സോവിയറ്റ് യൂണിയൻ) അമേരിക്കയും ശീതയുദ്ധത്തിന്റെ കാലത്ത് ബഹിരാകാശയാത്രയ്ക്കായി മത്സരബുദ്ധിയോടെ പരീക്ഷണങ്ങൾ നടത്തി.
∙ 1957 October 4 സോവിയറ്റ് യൂണിയൻ സ്പുട്നിക് എന്ന ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപിച്ചു.
∙ 1957 November 3, ലെയ്ക എന്ന നായയെ ബഹിരാകാശത്ത് എത്തിച്ച് സോവിയറ്റ് യൂണിയൻ അമേരിക്കയെ ഞെട്ടിച്ചു.
∙ 1959 ൽ ആദ്യ മനുഷ്യനിർമിത പദാർഥം ചന്ദ്രനിലെത്തി- ലൂണ 2 എന്ന പേടകം
∙ April 12, 1961, ബഹിരാകാശത്ത് ആദ്യത്തെ മനുഷ്യൻ- യൂറി ഗഗാറിൻ എന്ന റഷ്യക്കാരൻ എത്തി.പിന്നീട് ആദ്യ ബഹിരാകാശ നടത്തം, വാലന്റീന തെരഷ്കോവ എന്ന വനിതയെ ബഹിരാകാശത്ത് എത്തിക്കൽ എന്നിവ കൂടി നടത്തി റഷ്യ മേൽക്കൈ നേടി.
∙ 1969, on Apollo 11 നീൽ ആംസ്ട്രോങ്ങിനെ ചന്ദ്രനിൽ ഇറക്കി അമേരിക്ക ലോകത്തെ വിസ്മയിപ്പിച്ചു.
∙ 1971 ൽ ആദ്യത്തെ സ്പേസ് സ്റ്റേഷൻ- സോവിയറ്റ് സാല്യൂട്ട് 1 ഭൂമിയെ ചുറ്റാൻ തുടങ്ങി.
∙ അമേരിക്ക സ്കൈലാബ് സ്പേസ് സ്റ്റേഷൻ വിജയകരമായി ഒരുക്കി. ഇതാണ് ആദ്യത്തെ ഓർബിറ്റൽ ലബോറട്ടറി.
ബഹിരാകാശ ടൂറിസം നാൾവഴികൾ
രണ്ടുതരം ബഹിരാകാശ ടൂറിസമുണ്ട്.
1) ഓർബിറ്റൽ സ്പേസ് ടൂറിസം ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ (ISS) എന്ന ബഹിരാകാശത്തെ സ്ഥിരതാവളത്തിലേക്ക് സഞ്ചാരികളെ എത്തിച്ച് താമസിപ്പിക്കുന്ന രീതിയാണിത്. 2001 ൽ അമേരിക്കൻ വ്യവസായി ഡെന്നിസ് ടിറ്റോ ആദ്യമായി പണം മുടക്കി ബഹിരാകാശയാത്ര നടത്തി. റഷ്യൻ ഏജൻസികൾ വഴിയായിരുന്നു ഡെന്നിസ് ടിറ്റോയുടെ യാത്ര. റഷ്യയുടെ മിർ സ്പേസ് സ്റ്റേഷന്റെ നടത്തിപ്പിനുള്ള പണം കണ്ടെത്താൻ ചുമതലക്കാരായ മിർകോർപ് ആണ് ബഹിരാകാശ ടൂറിസം തുടങ്ങുന്നത്. ഒരാഴ്ച ഡെന്നിസ് ടിറ്റോ ഐഎസ്എസിൽ താമസിച്ചു ഭൂമിയെ ഭ്രമണം ചെയ്തു.
2) സബ് ഓർബിറ്റൽ സ്പേസ് ടൂറിസം
ഭൂമിയിൽനിന്ന് ഏതാണ് നൂറു കിലോമീറ്റർ ഉയരത്തിൽ യാത്രികരെ എത്തിക്കുകയും തിരിച്ചിറക്കുകയും ചെയ്യുന്നതാണ് സബ് ഒാർബിറ്റൽ സ്പേസ് ടൂറിസം. ഇതിനായി പുനരുപയോഗിക്കാനാകുന്ന സ്പേസ് ക്രാഫ്റ്റ് നിർമിക്കാൻ ഒരു മത്സരം എക്സ് പ്രൈസ് ഫൗണ്ടേഷൻ സംഘടിപ്പിച്ചു. അതിൽ വിർജിൻ ഗാലക്ടിക് വിജയിച്ചു. സ്പേസ്ഷിപ് വൺ എന്ന മോഡൽ ആയിരുന്നു ആദ്യത്തെ ഫ്ലൈറ്റ്. സ്പേസ്ഷിപ് ടു ആണ് ഇപ്പോഴത്തെ ഫ്ലൈറ്റ്. ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള സ്പേസ്പോർട്ട് അമേരിക്കയിലാണ്. അവിടെനിന്നാണ് സന്തോഷ് ജോർജ് കുളങ്ങര, ആർനോൾഡ് ഷ്വാർസ്നൈഗർ തുടങ്ങിയവരെയും കൊണ്ടു സ്പേസ്ഷിപ് ടു കുതിച്ചുയരുക.
ലാൻഡ്റോവർ
ലാൻഡ്റോവർ ആണ് വിർജിൻ ഗാലക്ടിക് സ്പേസ് ടൂറിസം പ്രോജക്ടിന്റെ ഓട്ടമോട്ടീവ് പാർട്നർ. പരീക്ഷണങ്ങളിലും പറക്കലിലും യാത്രികരെ കൊണ്ടുപോകാനും മറ്റുമാണ് ലാൻഡ്റോവർ വാഹനങ്ങൾ ഉപയോഗിക്കുക. റേഞ്ച് റോവറിന്റെ ഒരു അസ്ട്രോനട്ട് എഡിഷൻ പുറത്തിറക്കിയിട്ടുണ്ട്. വിർജിൻ ഗാലക്ടിക് അസ്ട്രോണമിക് കമ്യൂണിറ്റിയിൽപെട്ട ബഹിരാകാശയാത്രികർക്കു മാത്രമേ ഈ റേഞ്ച് റോവർ സ്വന്തമാക്കാനാകൂ. ഇന്റീരിയറിൽ പുതുമകളേറെയുണ്ട്. അസ്ട്രോനട്ട് എഡിഷൻ ബാഡ്ജ്, വിർജിൻ ഗാലക്ടിക് കമ്പനിയുടെ ഡിഎൻഎ ഓഫ് ഫ്ലൈറ്റ് ലോഗോ എന്നിവ ഉള്ളിൽ മുദ്രണം ചെയ്തിട്ടുണ്ട്. സ്പേസ് ഷിപ്പിന്റെ പല ഘടകങ്ങളും ഉള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറോ ഗ്രാവിറ്റി നിറം എന്നാണ് പെയിന്റിന് കമ്പനി നൽകുന്ന പേര്. അനന്തകോടി നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നതാണ് ഈ പെയിന്റിങ്. പ്ലഗ് ഇൻ ഹൈബ്രിഡ് 404 hp എൻജിൻ അസ്ട്രോനട്ട് എഡിഷന് ലഭ്യമാകും.
English Summary: Santhosh George Kulangara, India’s first space tourist