ട്രംപിന്റെ വിമർശനത്തിനു പിന്നാലെ സെലൻസ്കിയെ പിന്തുണച്ച് ബ്രിട്ടൻ; യുദ്ധകാലത്ത് ഇലക്ഷൻ നടത്താത്തതിൽ തെറ്റില്ലെന്ന് സ്റ്റാമെർ

Mail This Article
ലണ്ടൻ ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഏകാധിപതിയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനത്തിനു പിന്നാലെ സെലൻസ്കിയെ പിന്തുണച്ച് ബ്രിട്ടൻ രംഗത്ത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയിൽ സെലൻസ്കിക്ക് എല്ലാ പിന്തുണയും തുടരുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാമെർ വ്യക്തമാക്കി.
ഇരു നേതാക്കളും തമ്മിൽ ബുധനാഴ്ച വൈകിട്ട് ടെലിഫോണിൽ സംസാരിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. യുദ്ധകാലത്ത് തിരഞ്ഞെടുപ്പു നടത്താത്ത നടപടിയെ ബ്രിട്ടൻ ന്യായീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടണും സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്ന കാര്യം അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
2022 മുതൽ യുദ്ധത്തിന്റെ പേരിൽ തിരഞ്ഞെടുപ്പു നടത്താതിരിക്കുന്ന സെലൻസ്കിയുടെ നടപടി മോശമാണെന്നായിരുന്നു ട്രംപിന്റെ വിമർശനം. റഷ്യ നൽകുന്ന തെറ്റായ വിവരങ്ങളിലൂടെയാണ് ട്രംപിന്റെ ജീവിതമെന്നായിരുന്നു ഇതിന് സെലൻസ്കിയുടെ മറുപടി. റഷ്യൻ നുണകളിൽ പ്രസിഡന്റ് വിശ്വസിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇലക്ഷൻ നടത്താത്തിൽ സെലൻസ്കിയെ പിന്തുണച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക എടുക്കുന്ന നയതന്ത്ര ഇടപെടലുകളെ ബ്രിട്ടൻ പിന്തുണച്ചു. റിയാദിൽ നടന്ന അമേരിക്ക- റഷ്യ മന്ത്രിതല ചർച്ചകൾക്കു പിന്നാലെയാണ് ട്രംപ് സെലൻസ്കിയെ കടന്നാക്രമിചത്. ബ്രിട്ടന് പുറമെ മറ്റു യൂറോപ്യൻ രാജ്യങ്ങൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണ് ലോകം.
നാലു വർഷത്തോളമായി നീളുന്ന യുദ്ധത്തിന് അമേരിക്ക ഇതുവരെ നൽകിയ സഹായത്തിനു പകരമായി യുക്രെയ്ന്റെ ധാധു വിഭവങ്ങളുടെ നിശ്ചിത ശതമാനം ഉടമസ്ഥാവകാശം നൽകണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ യുദ്ധത്തിന്റെ പേരിൽ രാജ്യത്തെ വിൽക്കില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാനാണ് മറ്റു രാജ്യങ്ങളുടെ സഹായം തേടിയതെന്നുമാണ് പ്രസിഡന്റ് സെലൻസ്കിയുടെ നിലപാട്.
മൂന്നു വർഷത്തിനിടെ യുക്രെയ്ന് 6700 കോടി ഡോളറിന്റെ ആയുധങ്ങളും 3100 കോടി ഡോളർ പണമായും അമേരിക്ക നൽകി. ഇതിനു പകരമാണ് സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ധാതു വിഭവങ്ങളുടെ ഉടമസ്ഥാവകാശം വേണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നത്. ഇതിനു വഴങ്ങാത്ത യുക്രെയ്ന്റെ നിലപാടാണ് അമേരിക്കയെ ഇപ്പോൾ ചൊടിപ്പിക്കുന്നത്.