ഷാര്‍ജയിൽ കുട്ടികൾക്കായി വായനോത്സവം; മേയ് മൂന്നു മുതൽ 14 വരെ
Mail This Article
ഷാർജ∙ പുസ്തകങ്ങളെ അടുത്തറിയാൻ ഷാർജയിൽ കുട്ടികള്‍ക്കായി വായനോത്സവം (എസ്‌സിആർഎഫ്). മേയ് മൂന്നു മുതൽ 14 വരെ ഷാർജ എക്സ്പോ സെന്‍ററിൽ വായനോത്സവം നടക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ പ്രസാധകർ, എഴുത്തുകാർ, കവികൾ, ചിത്രകാരന്മാർ, പ്രഭാഷകർ സംബന്ധിക്കും. ശിൽപശാലകൾ, തത്സമയ ഷോകൾ എന്നിവ ഉൾപ്പടെ ആവേശം വിതറുന്ന പരിപാടികള്‍ 12 ദിവസവും ഉണ്ടാകും.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും അദ്ദേഹത്തിന്റെ പത്നി സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ (എസ്‌സിഎഫ്‌എ) ചെയർപേഴ്‌സണുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ മാർഗനിർദേശങ്ങളോടെയാണ് എസ്‌സിആർഎഫ് സംഘടിപ്പിക്കുന്നതെന്ന് എസ്‌ബിഎ ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു.
കുട്ടികളുടെ പുസ്തക പ്രസാധകർ, എഴുത്തുകാർ, കലാകാരന്മാർ എന്നിവർക്കുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോം എന്ന നിലയിൽ വായനോത്സവം അതിന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ബാലസാഹിത്യത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രമം തുടരുമെന്നും കുട്ടികൾക്കും യുവാക്കൾക്കും സർഗാത്മക കഴിവുകൾ സ്വതന്ത്രമായി വളർത്താന്‍ അനുവദിക്കുന്ന പരിപാടികൾ, ഷോകൾ, ശിൽപശാലകൾ എന്നിവ 14-ാം പതിപ്പിന്റെ പ്രത്യേകതകളാണെന്നും ജനറൽ കോ ഓർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.
English Summary : reading festival for children in sharjah.