ഖത്തറിലെ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരം; വർക്ക് റസിഡൻസി വീസയിലേക്ക് മാറാൻ ഇ സേവനം

Mail This Article
ദോഹ∙ ഖത്തറിലെ പ്രവാസി താമസക്കാർക്ക് ഫാമിലി റസിഡൻസിയിൽ നിന്ന് വർക്ക് റസിഡൻസി വീസയിലേക്ക് മാറാനുള്ള ഇ-സേവനത്തിന് തുടക്കമായി. തൊഴിൽ മന്ത്രാലയമാണ് പുതിയ ഇ-സേവനം പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് വിദേശങ്ങളിൽ നിന്ന് റിക്രൂട്മെന്റ് നടത്താതെ ഖത്തറിൽ താമസിക്കുന്നവരെ തന്നെ ജോലിയിൽ നിയമിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതാണ് പുതിയ സേവനം. സാമ്പത്തികവും സമയവും ലാഭിക്കാം എന്നതാണ് നേട്ടം.

ഖത്തറിലെ പ്രവാസികളായ തൊഴിൽ അന്വേഷകർക്ക് കൂടുതൽ തൊഴിൽ അവസരങ്ങളും പ്രദാനം ചെയ്യും. പ്രാദേശിക തൊഴിൽ വിപണിയിൽ സജീവമാകാനും കഴിയും. ഖത്തർ ഡവലപ്‌മെന്റ് ബാങ്കുമായി ചേർന്ന് തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ ഇ-സേവനം പ്രഖ്യാപിച്ചത്. വർക്ക് വീസയിലെ തൊഴിൽ ഭേദഗതിക്കുള്ള അപേക്ഷ, തൊഴിൽ കരാറിന്റെ അറ്റസ്റ്റേഷൻ എന്നീ 2 സേവനങ്ങളുടെ വിശദ വിവരങ്ങളും അധികൃതർ ഉടൻ നൽകും. നിലവിൽ 25 ഇ-സേവനങ്ങളാണ് മന്ത്രാലയത്തിനുള്ളത്.