യുഎഇ ധീരസൈനികരുടെ സ്മരണയിൽ
Mail This Article
അബുദാബി ∙ യുഎഇയ്ക്ക് ഇന്നു സ്മാരക ദിനം. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികരുടെ സ്മരണയ്ക്കു മുന്നിൽ രാജ്യം പ്രണാമം അർപ്പിക്കും. 1971 നവംബർ 30ന് യുഎഇയുടെ ആദ്യ രക്തസാക്ഷിയായ സാലം സുഹൈൽ ബിൻ ഖാമിസിന്റെ സ്മരണാർഥമാണ് സ്മാരക ദിനമായി ആചരിക്കുന്നത്. അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന് സമീപത്തുള്ള വാഹത് അൽ കരാമ രക്തസാക്ഷി സ്മാരകത്തിൽ ഇന്നു ഭരണാധികാരികൾ പുഷ്പചക്രം അർപ്പിക്കും.
ധീരജവാന്മാരുടെ ത്യാഗങ്ങൾ തലമുറകൾക്ക് പ്രചോദനമാകുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. അവരുടെ ത്യാഗങ്ങളെയും ധീരതയെയും ഞങ്ങൾ അഭിമാനത്തോടെയും നന്ദിയോടെയും സ്മരിക്കുന്നു. ആ സംഭവങ്ങൾ കുട്ടികളുമായും പേരക്കുട്ടികളുമായും പങ്കിട്ട് ദേശസ്നേഹത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളാനും രാഷ്ട്രത്തിന്റെ ആഹ്വാനം നെഞ്ചേറ്റാനും പ്രാപ്തരാക്കും. ജവാന്മാരുടെ കുടുംബത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു.