ഇനിയില്ല ഇളവ്; കത്തിക്കയറി മോട്ടർ ഇൻഷുറൻസ് പ്രീമിയം
Mail This Article
അബുദാബി ∙ യുഎഇയിൽ മോട്ടർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയർന്നു. കോവിഡ്കാലത്ത് നൽകിയ 50% ഇളവ് എടുത്തുമാറ്റുകയും പ്രീമിയം കൂട്ടുകയും ചെയ്തതോടെ ഫുൾ കവർ ഇൻഷുറൻസിന് 500 മുതൽ 800 ദിർഹം വരെയാണ് കൂടിയത്.
തേർഡ് പാർട്ടി ഇൻഷുറൻസിനുള്ള തുക 400ൽ നിന്ന് 630 ആയി. എസ്‌യുവിക്ക് തുക 520ൽ നിന്ന് 840 ദിർഹമായി. ഏജൻസി റിപ്പയറുള്ള പുതിയ, ആഡംബര വാഹനങ്ങൾക്ക് 4000 ദിർഹത്തിന് മുകളിലാകും ഇൻഷുറൻസ് പ്രീമിയം. എസ്‍യുവി വാഹന പ്രീമിയം (നോൺ ഏജൻസി റിപ്പയർ) 2000 ദിർഹം വരെയായി വർധിച്ചു. വിവിധ മോഡൽ കാറുകൾക്ക് 780ൽ നിന്ന് 1600 വരെയായി പോളിസി തുക ഉയർന്നു.
മത്സരത്തിന്റെ ഭാഗമായി ചില സ്ഥാപനങ്ങൾ 20% വരെ ഡിസ്കൗണ്ട് നൽകുന്നുണ്ടെങ്കിലും വാറ്റ് ഉൾപ്പെടെ കാറുകൾക്ക് കുറഞ്ഞത് 1144 മുതൽ 1694 ദിർഹം വരെ നൽകേണ്ടി വരും. ഏജൻസി റിപ്പയർ ആണെങ്കിൽ നിരക്ക് 2000 കടക്കും. കഴിഞ്ഞ കാലങ്ങളിൽ അപകട ക്ലെയിം ഇല്ലാതെ ഒരേ ഇൻഷുറൻസ് കമ്പനിയിൽ പുതുക്കാനെത്തുന്നവർക്ക് നേരിയ ഇളവ് ലഭിച്ചേക്കും.കാറുകൾക്ക് 2023 തുടക്കത്തിൽ ഒരു ഇൻഷുറൻസ് കമ്പനി ഈടാക്കിയിരുന്നത് ശരാശരി 750 ദിർഹമാണ്. ഏതാനും മാസം പിന്നിട്ടപ്പോൾ നിരക്ക് 900 ആയി.
വർഷാവസാനത്തോടെ നിരക്ക് 1100 ദിർഹമായി. ഈ വർഷം അത് 1300 ദിർഹമാക്കി. 12 മാസത്തിനിടെ 550 ദിർഹമാണ് ഒരു കമ്പനി കാർ ഇൻഷുറൻസിൽ കൂട്ടിയത്. എസ്‍യുവിക്കും ആനുപാതിക വർധനയുണ്ട്. ഈ മാസം തുടക്കത്തിൽ നൽകിയ ക്വട്ടേഷൻ നിരക്കിൽനിന്ന് 15 ദിവസത്തിനിടെ 200 ദിർഹത്തോളം വർധിപ്പിച്ച കമ്പനിയുമുണ്ട്. മാനദണ്ഡം പാലിക്കാതെ നിരക്ക് വർധിപ്പിക്കുന്നത് വലയ്ക്കുന്നതായി വാഹന ഉടമകൾ പറയുന്നു.
∙ വീണ്ടും നിരക്ക് വർധനയ്ക്ക് സാധ്യത
2 മാസം കഴിയുമ്പോൾ നിരക്ക് ഇനിയും കൂടുമെന്നാണ് സൂചന. ഇൻഷുറൻസ് അതോറിറ്റി നിശ്ചയിക്കുന്ന നിരക്കിൽ ഡിസ്കൗണ്ട് നൽകേണ്ടതില്ലെന്ന തീരുമാനം വരുന്നതോടെ വീണ്ടും നിരക്ക് കൂടും. ഇൻഷുറൻസ്, വാഹന റജിസ്ട്രേഷൻ, പാസിങ്, സർവീസ് എന്നിവയ്‌യെല്ലാം കൂടി വർഷത്തിൽ 5000 ദിർഹമെങ്കിലും അധികം കണ്ടെത്തേണ്ടിവരും. ഇന്ധന വിലയും ഒരുവർഷത്തിനിടെ കൂടി. നിത്യോപയോഗ സാധനങ്ങൾ, സ്കൂൾ ഫീസ്, ബസ് ഫീസ്, കെട്ടിട വാടക തുടങ്ങി എല്ലാ രംഗത്തും വിലവർധന പ്രകടമാണ്.