‘ഡ്രോൺ, നിർമിത ബുദ്ധി’ ; സൗദി നിർമിത ലൂസിഡ് ഇലക്ട്രിക് വാഹനം സൗദി പൊലീസിനും

Mail This Article
റിയാദ് ∙ ഡ്രോൺ, നിർമിത ബുദ്ധി സാങ്കേതിക വിദ്യകളുള്ള സൗദി നിർമിത ലൂസിഡ് ഇലക്ട്രിക് വാഹനം സൗദി പോലീസിനും. റിയാദിൽ ആരംഭിച്ച വേൾഡ് ഡിഫൻസ് ഷോയിൽ ഇത് പ്രദർശിപ്പിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന് അനുസൃതമായാണ് പുതിയ വാഹനം വരുന്നതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വക്താവ് കേണൽ മൻസൂർ അൽ ശുക്ര പറഞ്ഞു. ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വെച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. സൗദിയിലെ തെരുവുകളിൽ ഇനി സുരക്ഷ പട്രോളിംഗിനായി ഈ അതിവേഗ ഇലക്ട്രിക് കാറുകളാകും ഉപയോഗിക്കുക.
കഴിഞ്ഞ നവംബറിൽ അൽ ഉല റോയൽ കമ്മീഷനും ലൂസിഡ് മോട്ടോഴ്സ് 30 ഇലക്ട്രിക് കാറുകൾ കൈമാറിയിരുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ലൂസിഡ് മോട്ടോഴ്സുമായുണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലാണ് കാറുകളുടെ കൈമാറ്റം. ജിദ്ദക്ക് സമീപം റാബിഖിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്‍റെ പങ്കാളിത്തത്തോടെ ലൂസിഡ് മോട്ടോഴ്‌സിന്‍റെ ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി പ്രവർത്തിക്കുന്നത്.