സൗദി വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക്
Mail This Article
റിയാദ് ∙ വിജയകരമായി ബദൽ സംവിധാനങ്ങളിലൂടെ സൗദിയിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് എത്തിയതായി അധികൃതർ. സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തനങ്ങളെ ബാധിച്ച റിയാദ് കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ട്, ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട്, ദമാം കിങ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട്, രണ്ടാമത്തെ എയർപോർട്ട് ക്ലസ്റ്ററിലെ വിമാനത്താവളങ്ങൾ എന്നിവ സാധാരണ നില കൈവരിച്ചതായി എയർപോർട്ട് ഹോൾഡിങ് കമ്പനി അറിയിച്ചു.
യാത്രക്കാർ തങ്ങളുടെ വിമാനകമ്പനികളുമായി ബന്ധപ്പെട്ട് യാത്ര സംബന്ധിച്ച് കൃത്യത വരുത്തണമെന്നും അഭ്യർഥിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപേ ഷെഡ്യൂൾ അറിയിപ്പുകളെ പറ്റി അറിയുവാനും ശ്രദ്ധിക്കേണ്ടതാണ്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ച യാത്രക്കാരുടെ അവകാശങ്ങളുടെ പട്ടിക അവലോകനം ചെയ്യണമെന്നും അറിയിച്ചു.
റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ 5 ലെയും, രാജ്യാന്തര ടെർമിനൽ 3ലെയും പ്രവർത്തനങ്ങൾ വിമാനകമ്പനികളുമായി സഹകരിച്ച് ഇതര സംവിധാനങ്ങളിലൂടെ സാധാരണ നിലയിലേക്കെത്തിയതായി സൂചിപ്പിച്ചു.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ കാത്തിരിപ്പ് ഇടങ്ങളിൽ യാത്രക്കാരെ സഹായിക്കാനും വഴികാട്ടാനും കുടിവള്ള വിതരണമടക്കമുളള സേവനങ്ങൾ നൽകാനും വിമാനത്താവളത്തിൽ ധാരാളം ഉദ്യോഗസ്ഥരെ രംഗത്തെത്തിച്ചിരുന്നു. പൗരന്മാർക്കും താമസക്കാർക്കും സർക്കാർ സേവനങ്ങൾ നൽകുന്നതിന് ഹോസ്റ്റു ചെയ്യുന്ന സർക്കാർ സംവിധാനങ്ങള്‍ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ മിക്ക ഏജൻസികളെയും ബാധിച്ച സാങ്കേതിക തകരാർ ബാധിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു.