'കടൽത്തീരത്ത് പ്രണയബദ്ധരായി ഡോണൾഡ് ട്രംപും കമലാ ഹാരിസും'; ഇത്ര 'ഡീപ്പോ' ലോകം!
Mail This Article
കടൽത്തീരത്തു കൂടി പ്രണയബദ്ധരായി നടന്നു നീങ്ങുന്ന ഡോണൾഡ് ട്രംപും കമലാ ഹാരിസും. പരസ്പരം കടിച്ചുകീറാൻ വെമ്പി നിൽക്കുന്ന ഇവർക്കിടയിൽ ഇങ്ങനെയൊരു അന്തർധാര ആരും സ്വപ്നത്തിൽ പോലും കരുതുന്നില്ല. എന്നിട്ടും ഇതെങ്ങനെ സാധിച്ചെന്നു ചോദിച്ചാൽ, അതിന് ഒരുത്തരമേയുള്ള നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ഡീപ് ഫെയ്ക്ക്. ആവേശം സിനിമയിലെ ഇല്യൂമിനാറ്റി ഗാനം അതിമനോഹരമായി പാടുന്ന നരേന്ദ്ര മോദിയും പിണറായി വിജയനും. ഇവർക്ക് ഇങ്ങനെ ഒരു കഴിവുണ്ടോ എന്നു പോലും ചിന്തിച്ചു പോകുന്നത്ര പെർഫെക്‌ഷൻ. അതിനും ഉത്തരം ഒന്നേയുള്ള ഡീപ് ഫെയ്ക്ക്.
കോഴിക്കോട്ട് വിരമിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലെ പണം അടിച്ചുമാറ്റാൻ ഉപയോഗിച്ചത് അടുത്ത സുഹൃത്തിന്റെ മുഖത്തോടു കൂടിയുള്ള വാട്സാപ് വിഡിയോ കോൾ. അതും ഡീപ് ഫെയ്ക്ക്. എന്താണീ ഡീപ് ഫെയ്ക്? എന്താണിതിന്റെ ഉദ്ദേശം? നിർമിത ബുദ്ധി അഥവ ‘എഐ’ ശാസ്ത്ര – സാങ്കേതിക ലോകത്തിനു സംഭാവന ചെയ്തതാണ് ഡീപ് ഫെയ്ക്ക് എന്ന തട്ടിപ്പു സൂത്രം. ഈ സാങ്കേതിക വിദ്യ ഇന്ന് ലോകത്തിനാകെ വെല്ലുവിളിയാണ്. എന്തും ആഴത്തിലറിയണമെന്ന് പറയുമെങ്കിലും തട്ടിപ്പിന് ഇത്രയും ആഴം വേണ്ടായിരുന്നെന്നാണ് ശാസ്ത്ര ലോകം ഇപ്പോൾ ചിന്തിക്കുന്നത്.
ഡീപ് ഫെയ്ക്ക് ഉപയോഗിച്ചുള്ള ചിത്രങ്ങളും വിഡിയോകളും രേഖകളുമൊക്കെ നിർമിക്കാൻ നിമിഷങ്ങൾ മതി. എന്നാൽ, ഇതിനു തടയിടാനുള്ള സാങ്കേതിക വിദ്യകൾ ഇനിയും നിർമിച്ചിട്ടില്ല. ലോകം നേരിടുന്ന വെല്ലുവിളികളിൽ ഡീപ് ഫെയ്ക്ക് അതിപ്രധാനമാണെന്നാണ് കഴിഞ്ഞ ദിവസം ഷാർജയിൽ ചേർന്ന രാജ്യാന്തര സർക്കാർതല ആശയവിനിമയ ഫോറത്തിന്റെ വിലയിരുത്തൽ.
ഒരു സാങ്കേതിക വിദ്യ വെല്ലുവിളി സൃഷ്ടിച്ചു ലോകത്തിനു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നത് ഇത് ആദ്യമായിരിക്കും. ഡീപ് ഫെയ്ക്കിനെ എങ്ങനെ മറികടക്കുമെന്നു തലപുകയ്ക്കുകയാണ് ശാസ്ത്ര ലോകം. സോഷ്യൽ മീഡിയകളിൽ വെരിഫിക്കേഷൻ ടിക്കറ്റുകൾ നൽകുന്നതു പോലെ, യഥാർഥ മനുഷ്യരുടെ പ്രൊഫൈലും ഡീപ് ഫെയ്ക്ക് പ്രൊഫൈലും വേർതിരിച്ചറിയാനുള്ള സാങ്കേതിക വിദ്യകൾ വേണമെന്നാണ് ഷാർജ കമ്യൂണിക്കേഷൻ ഫോറം ആവശ്യപ്പെട്ടത്.
ഡീപ് ഫെയ്ക്കിനെ വേർതിരിച്ചറിയാൻ മാർഗമില്ലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് ജനങ്ങൾ അകലും. സത്യത്തിന്റെയും മിഥ്യയുടെയും അതിർവരമ്പുകൾ കണ്ടെത്താനാകാതെ ജനം കുഴയും. അതിന്റെ അടുത്ത വെല്ലുവിളി നേരിടുക ഭരണകൂടമാകും. ജനങ്ങളെയും ഭരണ സംവിധാനത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന മാധ്യമങ്ങൾ ഇല്ലാതായാൽ, അടുത്ത ഘട്ടത്തിൽ ഭരണകൂടം തന്നെ ഇല്ലാതാകും. ജനങ്ങൾക്ക് ഭരണസംവിധാനത്തോടു തന്നെ വിശ്വാസമില്ലാതായാൽ അരാജകത്വത്തിലേക്കു കാര്യങ്ങൾ നീങ്ങും. ഡീപ് ഫെയ്ക്ക് ജനാധിപത്യ സംവിധാനത്തെ ആകെ പിടിച്ചുലയ്ക്കുമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത സാങ്കേതിക വിദഗ്ധർ ആശങ്കപ്പെടുന്നത്.
ബാങ്കിങ് ഇടപാടുകളെയും ആരോഗ്യ സംവിധാനങ്ങളെയും അട്ടിമറിക്കാനും ഡീപ് ഫെയ്ക്കിന് സാധിക്കും. ഒരു രാഷ്ട്രത്തലവന്റേതായി ഏതു തീരുമാനവും ഡീപ് ഫെയ്ക്ക് വിഡിയോകളായി നാളെ വരാം. അതിനെ നിഷേധിക്കും മുൻപേ രാജ്യം അതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടു തുടങ്ങിയിരിക്കും. സാങ്കേതിക വിദ്യ വളരെ ലളിതമായി ജനങ്ങൾക്ക് ലഭ്യമായി എന്നതാണ് ഡീപ്പ് ഫെയ്ക്കിനെ ഇത്ര പേടിയോടെ ശാസ്ത്ര ലോകം കാണുന്നതിനു കാരണം.
അതിനെ ചെറുക്കാനുള്ള ആയുധങ്ങൾ ഇന്റർനെറ്റ് നിർമിച്ചു തുടങ്ങും മുൻപേ, ഡീപ് ഫെയ്ക്ക് ജൈത്ര യാത്ര തുടങ്ങിക്കഴിഞ്ഞു. നാളെ ഇതിന്റെ വലയിൽ നമ്മളും വീഴാം. ലോകത്തെ ബോധവൽക്കരിക്കുക മാത്രമാണ് ഇപ്പോൾ മുന്നിലുള്ള മാർഗം. അടുത്തിരിക്കുന്നത് നമ്മുടെ സുഹൃത്ത് തന്നെയാണെന്ന് ഉരച്ചു നോക്കിയോ ഉരുക്കി നോക്കിയോ മനസിലാക്കുക, അല്ലെങ്കിൽ തട്ടിപ്പിന്റെ ആഴങ്ങളിൽ നമ്മൾ ചെന്നു വീഴും. ജാഗ്രതൈ!!