മൂന്നാമത് സൗദി ദേശീയ ഗെയിംസിന് ഒക്ടോബർ 3ന് റിയാദിൽ കൊടി ഉയരും
Mail This Article
റിയാദ് ∙ സൗദി ആറേബ്യയിലെ മൂന്നാമത് ദേശീയ ഗെയിംസിന് ഒക്ടോബർ 3ന് റിയാദിൽ കൊടി ഉയരും. ഒക്ടോബർ 17 വരെ രണ്ടാഴ്ചക്കാലം നീളുന്ന ഏറ്റവും വലിയ കായികമേളയിൽ 9000ത്തിലേറെ കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. റിയാദ്, ബോളിവാർഡ് സിറ്റിയിലെ പ്രധാനവേദിയിൽ നടക്കുന്ന ഉദ്ഘാചന ചടങ്ങുകൾക്ക് അകമ്പടിയായി നിരവധി വിനോദ, സാംസ്കാരിക, സംഗീത പരിപാടികളും മറ്റുകൂട്ടാനെത്തും.
ഗായകരായ അർവ അൽ മുഹൈദിബ് (ദി സിറോ അർവ), അബ്ദുൽ വഹാബ് എന്നിവരുടെ സംഗീതപരിപാടിയാണ് ഉദ്ഘാടന വേദിയിൽ മുഖ്യ ആകർഷണം. ദേശീയ ഗെയിംസിൽ വിജയം നേടുന്ന താരങ്ങൾക്ക് വൻ തുകകളാണ് സമ്മാനമായി കാത്തിരിക്കുന്നത്.
∙ ദേശീയ ഗെയിംസ് സന്ദേശ ദീപശിഖാ പ്രയാണം തലസ്ഥാനത്തെത്തി
ദേശീയ ഗെയിംസിന്റെ പ്രചരണ സന്ദേശവുമായി രാജ്യത്താകെ പ്രയാണം നടത്തിയ ഗെയിംസ് ദീപശിഖ റാലി റിയാദിലെത്തിച്ചേർന്നു. 13 പ്രവിശ്യകളിലൂടെയും നടത്തിയ റാലിയെ നാടൊട്ടുക്ക് ആവേശപൂർവ്വം സ്വീകരിക്കാൻ കായികപ്രേമികളുടേയും നാനാതുറകളിലുള്ളവരുടെയും വൻ ജനാവലിയാണ് വിവിധ കേന്ദ്രങ്ങളിൽ കാത്തു നിന്നത്. വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്നേഹോഷ്മളമായ സ്വീകരണങ്ങളേറ്റ് വാങ്ങി ഈ മാസം 25ന് റിയാദിൽ തിരിച്ചെത്തി.
121 സൗദി കായികതാരങ്ങളും 440 ലധികം സന്നദ്ധപ്രവർത്തകരും അനുഗമിച്ച ദീപശിഖ റാലിക്ക് 71 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം നൽകിയത്. സൗദി സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ള 18 പ്രമുഖ വ്യക്തികൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ദീപശിഖക്ക് അഭിവാദ്യം അർപ്പിക്കാനെത്തിയിരുന്നു. തലസ്ഥാന നഗരിയിലെത്തിച്ചേർന്ന ദീപശിഖ പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ഗവർണറേറ്റ് പാലസിൽ ഏറ്റുവാങ്ങി. ഇത്തവണ 147 ക്ലബുകളെയും 25 പാരാലിംപിക് ക്ലബുകളെയും പ്രതിനിധീകരിച്ച് 9,000 ലധികം കായികതാരങ്ങളാണ് കളങ്ങളിലിറങ്ങുന്നത്.
‘വിഷൻ 2030’ലേക്കുള്ള യാത്രയിൽ വലിയ പങ്കാണ് ദേശീയ ഗെയിംസ് വഹിക്കുന്നതെന്ന് കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.
∙ വോളിബോൾ അടക്കമുള്ള ഇൻഡോർ ഇനങ്ങൾ ആരംഭിച്ചു
ദേശീയ ഗെയിംസിനു മുന്നോടിയായി ഇൻഡോർ ഇനങ്ങളുടെ മൽസരങ്ങൾ തുടങ്ങി. റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് ഒളിംപിക്സ് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിൽ നടന്ന വനിതാ വോളിബോൾ മത്സരം മൂന്ന് നിർണായക വിജയങ്ങളുമായി ഞായറാഴ്ച ആരംഭിച്ചു. തിങ്കളാഴ്ച പുരുഷന്മാരുടെ വോളിബോൾ മത്സരത്തിൽ മൂന്ന് മത്സരങ്ങളാണ് ക്രമീകരിച്ചിരുന്നത്.
∙ മൂന്നാം തവണയും ഷട്ടിൽ ബാഡ്മിന്റണിൽ സ്വർണ്ണപ്രതീക്ഷയുമായി മലയാളി താരം ഖദീജ നിസ
കഴിഞ്ഞ രണ്ടുവർഷമായി രാജ്യാന്തര ഷട്ടിൽ ബാഡ്മിൻറണിൽ മത്സരങ്ങളിൽ സൗദി അറേബ്യയ്ക്കായി ബാറ്റേന്തിയ മലയാളി ദേശീയ താരം കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസ ഇത്തവണയും കളത്തിലെത്തിറങ്ങുന്നു. കഴിഞ്ഞ രണ്ട് തവണത്തെ ദേശീയ ഗെയിംസിലും വനിതാവിഭാഗം സിംഗിൾസിൽ ചാംപ്യനായത് സൗദിയിൽ ജനിച്ചുവളർന്ന ഈ മലയാളി കായികതാരമാണ്.
2022ൽ ആദ്യ സൗദി ദേശീയ ഗെയിംസിൽ റിയാദ് സ്പോർട്സ് ക്ലബിനെ പ്രതിനിധീകരിച്ച് സ്വർണം നേടുമ്പോൾ 16 വയസുണ്ടായിരുന്ന ഈ കൊടുവള്ളിക്കാരി പ്ലസ് വൺ വിദ്യാർഥിനി തന്നേക്കാൾ മുതിർന്ന താരങ്ങൾക്കെതിരെ പൊരുതി വിജയിച്ചാണ് സമ്മാന തുകയായ 10 ലക്ഷം റിയാൽ നേടിയത്. കഴിഞ്ഞ വർഷത്തെ രണ്ടാം ദേശീയ ഗെയിംസിലും സ്വർണ്ണവിജയം നേടി ഖദീജ നിസ ചരിത്രം ആവർത്തിച്ചു. ഇത്തിഹാദ് ക്ലബിന്റെ ജഴ്സിയിലാണ് ഇത്തവണ ബാഡ്മിൻറൺ സീനിയർ സിംഗിൾസിൽ കോർട്ടിലെത്തുന്നത്.
ഒക്ടോബർ 3നാണ് ദേശീയ ഗെയിംസ് ആരംഭിക്കുന്നതെങ്കിലും ബാഡ്മിൻറൺ ഒന്നാം തീയതി ആരംഭിക്കും. ഖദീജ നിസയുടെ സീനിയേഴ്സ് വിഭാഗത്തിലെ ആദ്യ മത്സരം ഒക്ടോബർ ഒന്നിന് രാവിലെ ഒമ്പതിനാണ്. 4-ാം തീയതിയാണ് ഫൈനൽ നടക്കുന്നത്.ഖദീജ നിസ സൗദി അറേബ്യക്കായി കഴിഞ്ഞ വർഷം എട്ടിലധികം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് രണ്ട് സ്വർണമുൾപ്പെടെ 10 മെഡലുകൾ നേടിയിരുന്നു.
15 രാജ്യങ്ങൾ പങ്കെടുത്ത അറബ് ജൂനിയർ ആൻഡ് സീനിയർ ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ നേടി സിദിയുടെ പതാക ഉയർത്തിപ്പിടിച്ചു. ഈ പ്രകടനമാണ് ഖദീജയെ ഇത്തിഹാദ് ക്ലബ്ബിലെത്തിച്ചത്. റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഐടി എഞ്ചിനീയര്‍ കൂടത്തിങ്ങല്‍ അബ്ദുൽ ലത്തീഫിന്റെയും ഷാനിത ലത്തീഫിന്റെയും മകളാണ് ഖദീജ നിസ. റിയാദ് ന്യൂ മിഡിലീസ്റ്റ് ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിൽനിന്ന് പ്ലസ് ടു കഴിഞ്ഞ് കോഴിക്കോട് ദേവഗിരി കോളജിൽ സ്പോർട്സ് മാനേജ്‌മെൻറിൽ ഒന്നാം വർഷ ബിരുദ വിദ്യാര്‍ഥിനിയാണ്.