ADVERTISEMENT

അബുദാബി∙ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓൺലൈൻ/മൊബൈൽ ആപ്ലിക്കേഷൻ (ഫിൻടെക് കമ്പനികൾ) പണമിടപാട് വ്യാപകമായത്  പരമ്പരാഗത എക്സ്ചേഞ്ചുകൾക്ക് വെല്ലുവിളിയാകുന്നു. ഓൺലൈൻ ഇടപാടിലൂടെ മികച്ച നിരക്ക് ലഭിക്കുന്നതിനാൽ കൂടുതൽ പേരും മൊബൈൽ ആപ്പുകളെ ആശ്രയിക്കുന്നതാണ് എക്സ്ചേഞ്ചുകളെ കാര്യമായി ബാധിച്ചത്. 

ഇതുമൂലം പല ധനവിനിമയ ശൃംഖലകളും ശാഖകളുടെ എണ്ണം കുറച്ചു. പിടിച്ചുനിൽക്കാൻ വലിയ കമ്പനികൾ മൊബൈൽ ആപ്പ് ഇടപാടിലേക്കു മാറുകയാണ്.

ലോകത്ത് എവിടെയിരുന്നും ഏതു സമയത്തും ആപ്പ് വഴി മെച്ചപ്പെട്ട നിരക്കിൽ പണം അയയ്ക്കാം എന്നതാണ് മൊബൈൽ ആപ്പിന്റെ ആകർഷണം. 

വേഗം പണമെത്തും, സർവീസ് ചാർജും കുറവ് 
പെട്ടെന്ന് പണം നാട്ടിലെത്തുന്നതിനു പുറമെ കുറഞ്ഞ സേവന നിരക്കാണ് ഇവർ ഈടാക്കുന്നത്. സാധാരണ എക്സ്ചേഞ്ചുകൾ ഒരു ഇടപാടിന് 23 ദിർഹം സർവീസ് ചാർജ് ഈടാക്കുമ്പോൾ മൊബൈൽ ആപ്പ് വഴി 8 മുതൽ 15 ദിർഹം മാത്രമാണ് ഈടാക്കുന്നത്.

ഇന്നലെ എക്സ്ചേഞ്ചുകളിലെ നിരക്ക് ഒരു ദിർഹത്തിന് 22.79 രൂപ ആയിരുന്നു. എന്നാൽ ഇത്തിസലാത്തിന്റെ ഇ ആൻഡ് ആപ്പിൽ 22.85 രൂപ ലഭിച്ചു. സർവീസ് ചാർജ് 15 ദിർഹവും. എത്ര തുകയും ഈ നിരക്കിൽ അയയ്ക്കാം. ബോട്ടിമിൽ 50,000 രൂപയ്ക്ക് താഴെ അയയ്ക്കുന്നവർക്ക് 8 ദിർഹം മാത്രമാണ് സർവീസ് ചാർജ്. അയച്ച ഉടൻ തന്നെ പണം അക്കൗണ്ടിൽ ക്രെഡിറ്റാകും. 

മുൻ കാലങ്ങളിൽ അവധി ദിവസങ്ങളിലോ ജോലി സമയം കഴിഞ്ഞ ശേഷമോ ആണ് പലരും പണം അയയ്ക്കാൻ എക്സ്ചേഞ്ചുകളെ ആശ്രയിച്ചിരുന്നത്. എന്നാൽ ഡിജിറ്റൽ യുഗത്തിൽ എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും പണം അയയ്ക്കാം. 

കൂടാതെ ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കുകളിലും ഡിജിറ്റൽ ബാങ്കിങ് സംവിധാനമുള്ളതിനാൽ സ്വന്തം അക്കൗണ്ടിലേക്ക് പണം അയച്ച ശേഷം ആവശ്യക്കാർക്ക് സൗജന്യമായി ഓൺലൈൻ ട്രാൻസ്ഫർ (5 പേർക്ക്) ചെയ്യുന്നതിനാൽ ആ നിലയ്ക്കും ഇടപാട് കുറഞ്ഞതായി എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു. 

അതേസമയം ഡിജിറ്റൽ ഇടപാടിൽ പണം ലഭിച്ചില്ലെങ്കിൽ പരാതിപ്പെടാൻ സാധിക്കില്ലെന്നും എക്സ്ചേഞ്ച് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

English Summary:

The proliferation of online/mobile application (Fintech companies) remittances is challenging traditional exchanges.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com