ഐഎസ്‌സി യുത്ത് ഫെസ്റ്റിവലിന് ഇന്നു തുടക്കം

Mail This Article
അബുദാബി ∙ ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‌സി) സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന യുത്ത് ഫെസ്റ്റിവലിന് ഇന്നു തുടക്കം. 21 ഇനങ്ങളിൽ 3 ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ വിവിധ എമിറേറ്റുകളിൽനിന്ന് അറനൂറോളം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐഎസ്‌സിയിലെ 5 വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, ഒഡീസി, ഉപകരണ സംഗീതം, അഭിനയം, പ്രച്ഛന്ന വേഷം, സിനിമ ഗാനം, ലളിതഗാനം, ഡ്രോയിങ്, പെയിന്റിങ് തുടങ്ങിയ ഇനങ്ങളിൽ 3 മുതല്‍ 18 വയസ്സു വരെയുള്ള വിദ്യാർഥികൾ മത്സരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന കലാകാരനും കലാകാരിക്കും ഐഎസ്‌സി പ്രതിഭ, ഐഎസ്‌സി തിലക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന സ്‌കൂളുകള്‍ക്കും സമ്മാനമുണ്ട്.
ഇന്നു വൈകിട്ട് നാലിനാണ് ഔപചാരിക ഉദ്ഘാടനം. രാത്രി 11 വരെ മത്സരങ്ങൾ തുടരും. ശനി, ഞായർ ദിവസങ്ങളിൽ മത്സരം രാവിലെ 9ന് ആരംഭിക്കും. സമ്മാന ദാനം ഫെബ്രുവരി രണ്ടിന്. ഐ.എസ്.സി പ്രസിഡന്റ് ജയറാം റായ്, ജനറൽ സെക്രട്ടറി രാജേഷ് എസ്.നായർ, ട്രഷറർ ദിനേശ് പൊതുവാൾ, സാഹിത്യ വിഭാഗം സെക്രട്ടറി നാസർ തമ്പി, ഭവൻസ് സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ് ബാലകൃഷ്ണൻ, ഹാരോൾഡ് മെമ്മോറിയൽ ഇനിഷ്യേറ്റിവ് സ്ഥാപകൻ റോബിൻസൺ മൈക്കിൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.