പ്രശ്നം ഭക്ഷണം തന്നെ; ഇനി എന്ത് കഴിക്കും ?

Mail This Article
ഭക്ഷണം കഴിക്കാനും കഴിപ്പിക്കാനുമുള്ളതാണ്. എത്രയുണ്ടെങ്കിലും ഒരുഘട്ടം കഴിഞ്ഞാൽ മതിയെന്നു പറയുന്നതും ഭക്ഷണത്തോടു തന്നെയാണ്. എന്നാൽ, പണത്തോടും സ്വർണത്തോടുമൊന്നും ആ നിലപാട് സ്വീകരിക്കാറില്ല. എന്നാൽ, പണവും സ്വർണവും സ്വത്തുമെല്ലാം ഭക്ഷണത്തിനു വേണ്ടിയാണെന്നതു മറ്റൊരു സത്യം.
അരിപ്രശ്നമാണ് മനുഷ്യന്റെ അടിസ്ഥാന പ്രശ്നം. എന്തും ഏതും ചെന്ന് എത്തി നിൽക്കുന്നത് ഭക്ഷണത്തിനു മുൻപിലാണ്. എത്ര വലിയ പ്രശ്നവും ചെന്നവസാനിക്കുന്നത് തീൻമേശയുടെ ചുറ്റുമായിരിക്കും.
ഭക്ഷണം, അതിനു പകരം മറ്റൊന്നില്ല. ഒരുകാലത്ത് ഭക്ഷണം കിട്ടാനില്ലാത്തതാണ് പ്രശ്നമെങ്കിൽ, ഇന്ന് ഭക്ഷണം എത്ര കഴിക്കണം എന്നതാണ് പ്രശ്നം. എങ്ങനെ കഴിക്കണം എപ്പോൾ കഴിക്കണം, എന്തു കഴിക്കണം? സമൂഹ മാധ്യമങ്ങളിലെ വിഡിയോകളിൽ ഇപ്പോൾ ഡോക്ടർമാരുടെ അതിപ്രസരമാണ്. രാവിലെ എഴുന്നേറ്റു പല്ലു തേക്കുന്നവരാണോ നിങ്ങൾ, രാവിലെ എപ്പോഴാണ് ഭക്ഷണം കഴിക്കുന്നത്, പശുവിൻ പാലു കുടിക്കാമോ? ആവിയിൽ വെന്ത ഭക്ഷണമാണോ എണ്ണയിൽ വറുത്ത ഭക്ഷണമാണോ നല്ലത്? അങ്ങനെ എന്തെല്ലാം ചോദ്യങ്ങളാണ് രാവിലെ തന്നെ നേരിടുന്നത്.

രാവിലെ എഴുന്നേറ്റു പല്ലുതേച്ചാൽ, വായിലെ നല്ല ബാക്ടീരിയകൾ അന്തരിച്ചു പോകുമെന്നും അതുവഴി നഷ്ടമാകുന്നതു ജീവിതം തന്നെയാണെന്നും കേട്ടാൽ ആരാണ് ബ്രഷ് താഴെ വയ്ക്കാത്തത്. ഈ പറയുന്ന ഇവൻ ആരെടാ എന്നു നമ്മൾ ചോദിക്കാതിരിക്കാൻ, വെള്ള കോട്ടും കഴുത്തിൽ സ്റ്റെതസ്കോപ്പും വയ്ക്കും. ചായ കുടിക്കുമ്പോൾ തൊണ്ട പൊള്ളാറുണ്ടോ? തിളച്ച ചായ ഊതിയാണോ കുടിക്കുന്നത്. ചിക്കനിലെ ചാർക്കോൾ കാൻസർ വരുത്തുമോ? കപ്പയ്ക്കുള്ളിലെ സയനേഡ് കഴിച്ചു നിങ്ങൾ മരിച്ചിട്ടുണ്ടോ? വെളുത്തുള്ളിയിൽ തേൻ ചേർത്തു മഞ്ഞളിൽ മുക്കി കഴിച്ച് കോവിഡ് പോയവരാണോ നിങ്ങൾ? – അങ്ങനെ എന്തെല്ലാം ചോദ്യങ്ങൾ എന്തെല്ലാം അറിവുകൾ. മെഡിക്കൽ സയൻസ് ഇവരുടെ മുന്നിൽ തോറ്റു തുന്നം പാടി നിൽക്കും. ഇത്രയേറെ മെഡിക്കൽ സീറ്റുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നോ എന്നു തോന്നി പോകും സമൂഹ മാധ്യമങ്ങളിലെ ഡോക്ടർമാരുടെ എണ്ണം കണ്ടാൽ.
പറഞ്ഞു വന്നത്, ഭക്ഷണത്തെക്കുറിച്ചാണ്. വായ്ക്കു രുചിയായി കഴിക്കാനിരിക്കുമ്പോഴാണ്, ഈ സർവജ്ഞപീഠക്കാരുടെ അറിവു വിളമ്പൽ. എന്നാൽ, പിന്നെ ഒന്നും വിളമ്പേണ്ടെന്നു പറയേണ്ടി വരും. ചോറു കഴിച്ചാൽ, കാർബ്, ഇറച്ചി കഴിച്ചാൽ ഫാറ്റ്, മുട്ട കഴിച്ചാൽ പ്രോട്ടീൻ ഇതിലെന്തു കഴിക്കണം അരിക്ഷാമം നേരിട്ടപ്പോൾ മരച്ചീനിയും പിന്നെ, വിദേശത്തു നിന്ന് ഇറക്കിയ മക്രോണിയും ചോളപ്പൊടിയും ഒക്കെയായിരുന്നു ഒരുകാലത്ത് ആഹാരം. പട്ടിണി മാറിയപ്പോൾ, ആഹാരത്തിന്റെ രൂപവും ഭാവവും മാറി.
പണ്ടൊക്കെ കുടവയറും തടവി, കോലായിലിരിക്കുന്ന കാരാണവർ തറവാട്ടിലെ അന്തസ്സായിരുന്നു. കിട്ടുന്നതെന്തും വാരിവലിച്ചു തിന്നുന്ന കാലമല്ല ഇനിയുള്ളതെന്ന് ഉറപ്പാണ്. ഭക്ഷണം വളരെ സെലക്ടീവാകും. ശരീരത്തിന് ആവശ്യമുള്ളത് മാത്രം ഭക്ഷിക്കുക. സ്വന്തം ശരീരത്തിന്റെ ആകാര വടിവിലുള്ള ആകുലത, മുൻപെങ്ങും ഇല്ലാത്ത വിധം വർധിച്ചു കഴിഞ്ഞു.
ഇനി വേണ്ടതെന്തോ അതു കഴിക്കുക. ഭക്ഷണമുണ്ടാക്കൽ നിർബന്ധിത സേവനമായിരിക്കില്ല, ഇനി. ആവശ്യമുള്ളവർക്ക് ഉണ്ടാക്കാം, അല്ലാത്തവർക്ക് ഉള്ളത് കഴിക്കാം. അതായത്, മനുഷ്യന്റെ ഭക്ഷണ പ്രശ്നം ഒരുകാലത്തും തീരില്ലെന്നു സാരം. ഇല്ലാത്ത കാലത്തു നിന്ന് ഉള്ള കാലത്ത് എത്തിയെങ്കിലും ഭക്ഷണം ഇന്നും പ്രശ്നം തന്നെയാണ്. ഓരോ പരിഹാരവും പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.