ഒളിപ്പിച്ചത് മാർബിൾ തൂണുകളിൽ; വൻതോതിൽ ലഹരി മരുന്നുമായി അബുദാബിയിൽ 2 പ്രവാസികൾ അറസ്റ്റിൽ

Mail This Article
അബുദാബി ∙ മാർബിൾ തൂണുകൾക്കുള്ളിൽ 184 കിലോ ഗ്രാം ലഹരിമരുന്ന് ഒളിപ്പിച്ച 2 ഏഷ്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. സീക്രട്ട് ഹൈഡ് ഔട്ട്സ് എന്ന പേരിൽ നടത്തിയ ഓപ്പറേഷനിലാണ് ഹാഷിഷുമായി പ്രതികളെ പിടികൂടിയത്. ലഹരിരുന്ന് വിതരണക്കാർക്കുള്ള വലിയ മുന്നറിയിപ്പാണിതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വിദേശരാജ്യം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഏഷ്യൻ പൗരൻ നിയന്ത്രിച്ചിരുന്ന ക്രിമിനൽ ശൃംഖല, നിയമവിരുദ്ധ ലഹരിമരുന്നുകൾ വിൽക്കുന്നതിനായി പ്രമോഷനൽ സന്ദേശങ്ങൾ അയയ്ക്കാൻ രാജ്യാന്തര ടെലിഫോൺ നമ്പറുകൾ ഉപയോഗിച്ചുവെന്ന് അബുദാബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ലഹരിമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രി. താഹെർ ഗരിബ് അൽ ദഹേരി പറഞ്ഞു.
കണ്ടുപിടിക്കാതിരിക്കാൻ ഒന്നിലേറെ ഇടങ്ങളിലായാണ് മാർബിൾ തൂണുകൾക്കുള്ളിൽ ഹാഷിഷ് ഒളിപ്പിച്ചത്. ലഹരി മരുന്ന് വിതരണത്തിനുള്ള ഇവരുടെ ശ്രമങ്ങൾ പൊലീസ് വിജയകരമായി തടയുകയും പിടികൂടിയവരെ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറുകയും ചെയ്തു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ അബുദാബി പൊലീസിന്റെ നൂതന സംവിധാനങ്ങൾ അൽ ദാഹിരി വിശദീകരിച്ചു.

ക്രിമിനൽ പദ്ധതികൾ കണ്ടെത്തുന്നതിന് പൊലീസ് അത്യാധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. ലഹരിമരുന്ന് കടത്തുകാർ, കള്ളക്കടത്തുകാർ, ഡീലർമാർ എന്നിവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പൊലീസ് സേനയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. ലഹരിമരുന്ന് പ്രചാരണവുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ 8002626 എന്ന നമ്പറിൽ അമാൻ സർവീസുമായി ബന്ധപ്പെടണമെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് നിർദേശിച്ചു.