കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ സംഗമം നടത്തി

Mail This Article
മനാമ ∙ കെഎംസിസി ബഹ്‌റൈൻ ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മത മൈത്രീ സംഗമവേദിയായി.പതിനായിരത്തിലധികം ആളുകൾ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താറിൽ പങ്കെടുത്തു. ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രൂ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്ഥാനപതി ഡോ. വിനോദ് ജേക്കബ് സംഗമം ഉദ്‌ഘാടനം ചെയ്തു.
ഈ ജനസാഗരം അത്ഭുതപ്പെടുത്തുന്നുവെന്ന് സ്ഥാനപതി അഭിപ്രായപ്പെട്ടു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം ഇഫ്താറുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായി. സ്വദേശി പ്രമുഖർ, ബഹ്‌റൈനിലെ പ്രവാസി കൂട്ടായ്‌മകളുടെ ഭാരവാഹികൾ, ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവർ ഇഫ്താറിന് എത്തിച്ചേർന്നിരുന്നു.
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുക്കമ്മാസ്, ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ അഹ്‌മദ് ലോറി, കേണൽ ഫൈസൽ അർജാൽ, സമസ്ത പ്രസിഡന്റ് ഫഖ്‌റുദീൻ തങ്ങൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ശാസ്ത്രി വിജയ് കുമാർ, ഫാ. സ്ലീവാ വട്ടുവേലി കോറെപ്പിസ്കോപ്പ, ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം, ജ്യൂസർ രൂപ്‍വാല (ലുലു ബഹ്‌റൈൻ), വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു.


കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും മുസ്തഫ കെ.പി. നന്ദിയും പറഞ്ഞു. അസ്ലം ഹുദവി ഖിറാഅത്ത് നടത്തി. കെഎംസിസി വനിതാ വിങ് നേതാക്കളും പ്രവർത്തകമാരും ഇഫ്താറിന്റെ വിജയത്തിനായി പ്രവർത്തിച്ചു.