‘പണമില്ലാ ചികിൽസ’ മറന്നേക്കൂ; സന്ദർശക വീസ ഇൻഷുറൻസ് എല്ലാ രോഗങ്ങൾക്കുമില്ല

Mail This Article
ദുബായ് ∙ സന്ദർശക, ടൂറിസ്റ്റ് വീസയുടെ ഒപ്പമുള്ള ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ. ജീവൻ അപകടത്തിലാകുന്ന അത്യാഹിതങ്ങൾക്ക് മാത്രമാണ് ഈ ഇൻഷുറൻസ് ഉപകാരപ്പെടുക. പനി, ജലദോഷം, ചുമ പോലുള്ള രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല.
ഗുരുതരമല്ലാത്ത രോഗങ്ങളുമായി ആശുപത്രികളിൽ പോകുന്നവർ പണം നൽകണം. ഇൻഷുറൻസ് ഉണ്ടെന്നതിന്റെ പേരിൽ ‘പണമില്ലാ ചികിൽസ’ ലഭിക്കില്ലെന്നും അസോസിയേഷൻ അറിയിച്ചു.
ഹ്രസ്വകാല വീസക്കാർക്ക് 50 ദിർഹം മുതൽ ഇൻഷുറൻസ് ലഭിക്കും. എന്നാൽ, ഇത് അത്യാഹിതങ്ങൾക്ക് മാത്രമാണ് പരിഗണിക്കുക. യുഎഇയിൽ താമസിക്കുന്ന പ്രവാസികൾ മാത്രമാണ് വിവിധ തരത്തിലുള്ള ഇൻഷൂറൻസ് പാക്കേജുകളുടെ പരിധിയിൽ വരിക. സന്ദർശകർക്ക് സൗജന്യ ചികിൽസയ്ക്ക് ഉയർന്ന പാക്കേജുകൾ എടുക്കേണ്ടി വരും. ഒരു മാസത്തെ യാത്രയ്ക്ക് 600 ദിർഹം മുതലുള്ള ഉയർന്ന ഇൻഷുറൻസ് എടുക്കാൻ ആരും താൽപര്യപ്പെടാറില്ല. എന്നാൽ, പനി പോലുള്ള രോഗങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടെന്ന ധാരണയിൽ ക്ലിനിക്കുകളിൽ പോവുകയും പണം നൽകേണ്ടി വരുമ്പോൾ തർക്കങ്ങൾ ഉണ്ടാവുന്നതും സാധാരണമാണ്. ഈ സാഹചര്യത്തിലാണ് എല്ലാ രോഗങ്ങൾക്കും ഇത്തരം ഇൻഷുറൻസ് ബാധകമല്ലെന്ന് അറിയിപ്പ് നൽകിയത്. പ്രായമായ മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. വിട്ടുമാറാത്ത രോഗങ്ങളുമായി ഹ്രസ്വ വീസയിൽ വരുന്നവർക്കു അടിയന്തര ഘട്ടങ്ങളിലെ ചികിത്സ മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിൽ ആർക്കുംപ്രത്യേക പരിഗണനയില്ല.
നിശ്ചിത വീസ കാലം കഴിഞ്ഞാൽ രാജ്യം വിടുന്നവരായതുകൊണ്ടാണ് ഹ്രസ്വ വീസക്കാർക്ക് ഇൻഷൂറൻസിന് പരിധി നിശ്ചയിക്കുന്നത്. രക്തസമ്മർദം, പ്രമേഹം ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല. ഓരോ സന്ദർശനത്തിനും 40 ഡോളറെങ്കിലും ചികിൽസാ ഫീസായി നൽകേണ്ടി വരും. മരുന്നിന്റെ ചെലവ് വേറെയും നൽകണം.