ഈദ് നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും ഒരുക്കങ്ങൾ തകൃതി; തയാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രി

Mail This Article
റിയാദ് ∙ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലും ഈദ് ഗാഹുകളിലുമുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ്. അറ്റകുറ്റപണികളും മുന്നൊരുക്കങ്ങളും യഥാസമയം പൂർത്തിയാക്കണമെന്നുൾപ്പെടെയുള്ള നിർദേശങ്ങൾ സംബന്ധിച്ച് മന്ത്രാലയത്തിന്റെ എല്ലാ ശാഖകൾക്കും സർക്കുലർ അയച്ചിട്ടുണ്ട്.
പെരുന്നാൾ നമസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന പള്ളികളുടെ നേതൃത്വങ്ങളോട് വിശ്വാസികൾക്ക് സൗകര്യപ്രദമായി ഈദ് നമസ്കാരം നിർവഹിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും പള്ളികൾക്ക് പുറമെ നമസ്കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്ന മൈതാനങ്ങളിലെ സജ്ജീകരണങ്ങളും പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്.
ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച്, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഈദ് പ്രാർഥനകൾ നടത്താനും നിർദ്ദേശിച്ചു. മഴ പെയ്താൽ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മതപരവും ശാന്തവുമായ അന്തരീക്ഷത്തിൽ പെരുന്നാൾ നമസ്കാരം സുഗമമായി നടത്തണമെന്നും സർക്കുലറിൽ പറയുന്നു. ഈദ് നമസ്കാരത്തിനായി രാജ്യത്തുടനീളമായി നിശ്ചിത എണ്ണം പള്ളികളും ഈദ്ഗാഹുകളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.