ADVERTISEMENT

അബുദാബി∙ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുമായിരുന്നു സംഭാഷണം. 

തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിലേറെ മേഖലകളിലായി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. റഷ്യക്കും യുക്രൈനും ഇടയിൽ തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിന് യുഎഇ സമീപ മാസങ്ങളിൽ നടത്തിയ വിജയകരമായ മധ്യസ്ഥ ശ്രമങ്ങൾക്ക് ഷെയ്‌ഖ് മുഹമ്മദിനോട് പുട്ടിൻ നന്ദി അറിയിച്ചു. ഇതിൽ ഏറ്റവും അവസാനത്തെ ഇടപെടൽ മാർച്ച് ആദ്യമായിരുന്നു. ഈ സംരംഭത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതിന് റഷ്യൻ സർക്കാരിനോട് ഷെയ്‌ഖ് മുഹമ്മദ് നന്ദി പറഞ്ഞു. 

ഈ സുപ്രധാന മാനുഷിക ഉദ്യമത്തിൽ യുഎഇയുടെ ശ്രമങ്ങൾ തുടരുന്നതിനുള്ള പ്രതിബദ്ധതയും പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം സാധ്യമാക്കുന്നതിനൊപ്പം അതിന്റെ മാനുഷിക ആഘാതം ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതായും പറഞ്ഞു. പരസ്പര ആശങ്കയുള്ള ഒട്ടേറെ പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ലോകമെമ്പാടും സമാധാനവും സ്ഥിരതയും പിന്തുണയ്ക്കുന്നതിലും സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള സമാധാനപരമായ പരിഹാരങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലും യുഎഇയുടെ സ്ഥിരമായ സമീപനം ഷെയ്‌ഖ് മുഹമ്മദ് ആവർത്തിച്ചു വ്യക്തമാക്കി. 

ഈ മാസം 19ന് റഷ്യയും യുക്രെയ്നും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതിലുള്ള വിജയം യുഎഇ പ്രഖ്യാപിച്ചു. ഇരുവശത്തുനിന്നും 175 തടവുകാർ വീതം ആകെ 350 പേരെയാണ് മോചിപ്പിച്ചത്. ഇതോടെ യുഎഇയുടെ 13 മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ എണ്ണം 3,233 ആയി.

English Summary:

Putin calls Sheikh Mohammed; Discusses Prisoner Exchange with Ukraine.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com