ദേശീയ കോട്ട മുതൽ ഇത്തിഹാദ് റെയിൽ വരെ, വികസനവും പൈതൃകവും സമന്വയിപ്പിച്ച ഡിസൈൻ; യുഎഇയിൽ ഇനി നൂറിന്റെ 'പെടയ്ക്കണ' പുത്തൻ നോട്ട്

Mail This Article
അബുദാബി∙ യുഎഇയിൽ നൂറിന്റെ 'പെടപെടയ്ക്കുന്ന' പുതിയ നോട്ട്. യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ)ആണ് 100 ദിർഹത്തിന്റെ പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിയത്. പോളിമർ കൊണ്ടാണ് റോസ് നിറത്തിലുള്ള ഈ കറൻസി നിർമിച്ചിരിക്കുന്നത്. നൂതന ഡിസൈനുകളും വിപുലമായ സുരക്ഷാ സവിശേഷതകളും ഇതിന്റെ പ്രത്യേകത.
നിലവിലെ 100 ദിർഹം നോട്ടിനൊപ്പം പുതിയ ബാങ്ക് നോട്ടും ഇന്ന് മുതൽ ലഭ്യമായി തുടങ്ങി. നിയമം അനുസരിച്ച് മൂല്യം ഉറപ്പുനൽകുന്ന നിലവിലുള്ള പേപ്പർ, പോളിമർ നോട്ടുകൾക്കൊപ്പം പുതിയ നോട്ടുകളുടെ സുഗമമായ സ്വീകാര്യത ഉറപ്പാക്കാൻ എല്ലാ ബാങ്കുകളും എക്സ്ചേഞ്ച് ഹൗസുകളും അവരുടെ ക്യാഷ് ഡെപോസിറ്റ് മെഷീനുകളും എണ്ണൽ ഉപകരണങ്ങളും പ്രോഗ്രാം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
∙ഉമ്മുൽഖുവൈൻ ദേശീയ കോട്ട മുതൽ ഇത്തിഹാദ് റെയിൽ വരെ
പുതിയ ബാങ്ക് നോട്ടിന്റെ മുൻവശത്ത് ഭൂതകാലത്തെ വർത്തമാനവുമായി ബന്ധിപ്പിക്കുന്ന ദേശീയ ആകർഷണമായ ഉമ്മുൽ ഖുവൈൻ നാഷനൽ ഫോർട്ട് ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നും പ്രധാന ഷിപ്പിങ്, സമുദ്ര ഗതാഗത കേന്ദ്രവുമായ ഫുജൈറ തുറമുഖവും ആലേഖനം ചെയ്തിട്ടുണ്ട്.
ഏഴ് എമിറേറ്റുകളെയും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിലും ഇതിൽ ഉൾപ്പെടുന്നു. സംയോജിത അടിസ്ഥാന സൗകര്യങ്ങളിലൂടെയും ലോജിസ്റ്റിക്സിലൂടെയും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും സുസ്ഥിര സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിലും ഇത്തിഹാദ് റെയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
സിബിയുഎഇയുടെ ദേശീയ കറൻസി പദ്ധതിയുടെ മൂന്നാമത്തെ ഭാഗമാണ് പുതിയ 100 ദിർഹത്തിന്റെ ബാങ്ക് നോട്ട്. ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള സാമ്പത്തിക, വാണിജ്യ കേന്ദ്രമായി മാറുന്നതിനുള്ള രാജ്യത്തിന്റെ യാത്രയെ ചിത്രീകരിക്കുന്ന സാംസ്കാരികവും വികസനപരവുമായ ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന യുഎഇയുടെ വിജയഗാഥയുടെ ചരിത്രത്തിലൂന്നിയാണ് ഇതിന്റെ രൂപകൽപന.

ഉപയോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും കള്ളപ്പണത്തെ ചെറുക്കുന്നതിനും സ്പാർക്ക് ഫ്ലോ ഡൈമൻഷനുകൾ, കൈനെഗ്രാം കളറുകൾ എന്നറിയപ്പെടുന്ന മൾട്ടി-കളർ സെക്യൂരിറ്റി ചിപ് എന്നിവ പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള വിപുലമായ സുരക്ഷാ സവിശേഷതകൾ നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പോളിമർ ബാങ്ക് നോട്ടുകൾ പരമ്പരാഗത പേപ്പർ നോട്ടുകളേക്കാൾ ഈടുനിൽക്കുന്നതും സുസ്ഥിരവുമാണ്. അന്ധർക്കും കാഴ്ച വൈകല്യമുള്ളവർക്കും ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്നതിന് ബ്രെയിൽ ചിഹ്നങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ളതാണ് ബാങ്ക് നോട്ടുകൾ. അടുത്തിടെ, 2023, 2025 വർഷങ്ങളിലെ ഹൈ സെക്യൂരിറ്റി പ്രിന്റിങ് ഇഎംഇഎ കോൺഫറൻസിൽ സവിശേഷമായ ഡിസൈനുകൾ, സാങ്കേതിക മികവുകൾ, നൂതന സുരക്ഷാ സവിശേഷതകൾ എന്നിവ ഉൾക്കൊള്ളുന്ന 500 ദിർഹം, 1,000 ദിർഹം പോളിമർ ബാങ്ക് നോട്ടുകൾക്ക് 'മികച്ച പുതിയ ബാങ്ക് നോട്ട്' അവാർഡ് സിബിയുഎഇ നേടിയിരുന്നു.