ഈദുൽ ഫിതർ ആഘോഷങ്ങൾ ഒരുങ്ങി തബൂക്ക്

Mail This Article
തബൂക്ക് ∙ ഈദുൽ ഫിത്ർ അടുത്തെത്തിയതോടെ തബൂക്ക് മേഖല ആഘോഷത്തിരക്കിലാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകൾ മാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും നിറഞ്ഞിരിക്കുന്നു. വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സ്വർണം, മധുരപലഹാരങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയ്ക്ക് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും നൽകുന്നുണ്ട്.
അവധിക്കാലത്തിന്റെ സന്തോഷം തേടുന്ന കുടുംബങ്ങളെ ഈ കാഴ്ചകൾ ആകർഷിക്കുന്നു. നഗരത്തിലെ തെരുവുകൾ സജീവമാണ്. പ്രത്യേകിച്ചും വാണിജ്യകേന്ദ്രങ്ങളിലും മാളുകളിലും ജനപ്രിയ മാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കടകളിൽ രാത്രി വൈകുവോളം ആളുകൾ എത്തുന്നു. പ്രഭാത പ്രാർഥനയ്ക്ക് ശേഷവും കച്ചവടം പുനരാരംഭിക്കുകയും അടുത്ത പ്രഭാതം വരെ തുടരുകയും ചെയ്യുന്നു.
റമസാൻ മാസത്തിന്റെ അവസാന ദിവസങ്ങളിൽ തബൂക്കിലെ വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈദിനായുള്ള ആവശ്യങ്ങൾ നിറവേറ്റാൻ വ്യാപാരികൾ കിണഞ്ഞു പരിശ്രമിക്കുമ്പോൾ ഇവിടം ഒരു നിർത്താതെയുള്ള കച്ചവട സ്ഥലമായി മാറുന്നു. നഗരം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഉത്സവ പ്രതീതി ജനങ്ങളിൽ ഷോപ്പിങ് ചെയ്യാനുള്ള താൽപര്യം വർധിപ്പിക്കുന്നു.

ഇവിടെ ആളുകളെ ആകർഷിക്കുന്നത് കേവലം പ്രമോഷനൽ ഓഫറുകൾ മാത്രമല്ല, കുട്ടികൾക്കായുള്ള പുതിയ വസ്ത്രങ്ങളും, സമ്മാനങ്ങളും, വീടിന്റെ അലങ്കാര വസ്തുക്കളും ഈദ് ആഘോഷിക്കാനുള്ള ആഗ്രഹവുമാണ്.