കിങ് ഫൈസൽ യൂണിവേഴ്സിറ്റിയും ഇറാം പവര്‍ ഇലക്ട്രോണിക്സും തമ്മിൽ സഹകരണത്തിന് ധാരണ

Mail This Article
ദമാം ∙ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ കിങ് ഫൈസൽ യൂണിവേഴ്സിറ്റി (എൻജിനീയറിങ് കോളജ്)യും ഇന്ത്യൻ മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള ഇറാം പവർ ഇലക്ട്രോണിക്സ് കമ്പനിയും തമ്മിൽ ദീർഘകാല സഹകരണ ധാരണാപത്രം ഒപ്പുവച്ചു. യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന ചടങ്ങിൽ അൽഹസ ഗവർണർ സൗദ് ബിൻ തലാൽ രാജകുമാരൻ, കിങ് ഫൈസൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഒഹാലി, ഇറാം ഹോൾഡിങ്‌സ് പ്രതിനിധി സിഎംഡി ഡോ. സിദ്ദീഖ് അഹമ്മദ്, ഇറാം ഇലക്ട്രോണിക് ഡയറക്ടർ സത്താം അൽ ഉമൈരി എന്നിവർ ഒപ്പുവച്ചു.
വിവിധ മേഖലകളിൽ സ്വന്തം വ്യവസ്ഥകൾക്കും ലഭ്യമായ വിഭവങ്ങൾക്കും അനുസൃതമായി ഇരുപക്ഷവും സംയുക്തമായി സഹകരിക്കുന്നതിന് ധാരണാപത്രം വഴിയൊരുക്കുന്നു. ഇറാം പവർ ഇലക്ട്രിക് കമ്പനിയിൽ ലഭ്യമായ സാങ്കേതിക, മാനുഷിക വിഭവങ്ങൾ വിദ്യാർഥികളുടെ വിവിധ പ്രോജക്ടുകൾക്കായി ഉപയോഗിക്കുന്നതിന് ഫാക്കൽറ്റി അംഗങ്ങൾക്കും വിദ്യാർഥികൾക്കും അവസരങ്ങൾ നൽകും.
അതോടൊപ്പം കോളജ് വിദ്യാർഥികൾക്കും ബിരുദധാരികൾക്കും പരിശീലനം നൽകുന്നതിനും കമ്പനി മുന്നോട്ടുവരും. പ്രദർശനങ്ങൾ, പരിപാടികൾ, സമ്മേളനങ്ങൾ തുടങ്ങിയവയിൽ പരസ്പരം സഹകരിക്കും. അതോടൊപ്പം വ്യവസായം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിന് നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് പഠിക്കാൻ ശാസ്ത്ര പഠന സന്ദർശനങ്ങൾ സംഘടിപ്പിക്കുക തുടങ്ങി മറ്റ് നിരവധി മേഖലകളിലും കിങ് ഫൈസൽ യൂണിവേഴ്സിറ്റിയും ഇറാം പവർ ഇലക്ട്രോണിക്സ് കമ്പനിയും പരസ്പരം സഹകരിക്കും. വിവിധ സൗദി യൂണിവേഴ്സിറ്റികളിലെ ബിരുദ വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകുന്നതിനുള്ള അവസരം മുൻകാലങ്ങളിലും ഇറാം പവർ ഇലക്ട്രോണിക്സ് കമ്പനിക്ക് ലഭിച്ചിരുന്നു.