നിശാക്ലബിൽ പരിപാടി അവതരിപ്പിക്കുന്നതിന് ഡിജെ സന്യാസിക്ക് വിലക്കുമായി സിംഗപ്പൂർ
Mail This Article
സിംഗപ്പൂർ∙ ബുദ്ധമത വിശ്വാസവും ജീവിത ഉപദേശവും പഠിപ്പിക്കുന്ന പാരമ്പര്യേതര ദക്ഷിണ കൊറിയൻ സന്യാസിയായ ന്യൂജീൻസ് നിം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന യൗൺ സുങ്-ഹോയെ സിംഗപ്പൂരിൽ ഡിജെ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കി. ഇന്ന് സിംഗപ്പൂർ ആഭ്യന്തര മന്ത്രിയാണ് സന്യാസിയെ വിലക്കിയ വിവരം അറിയിച്ചത്. യൗൺ സുങ്-ഹോ ഒരു മുൻ ഹാസ്യനടനും സംഗീതജ്ഞനുമാണ്.
ദക്ഷിണ കൊറിയൻ യുവാക്കൾക്കിടയിൽ ബുദ്ധമതത്തിന്‍റെ ജനപ്രീതി പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, ചിലപ്പോൾ വിവാദപരമായ രീതിയിലാണ് അദ്ദേഹം ഇത് ചെയ്യുന്നത്. മതസൗഹാർദ്ദത്തിന് ഹാനികരമെന്ന് കരുതുന്ന സംസാരത്തെയോ പ്രവൃത്തികളെയോ നിയന്ത്രിക്കുന്ന സിംഗപ്പൂരിലെ നിയമങ്ങൾക്കനുസരിച്ചാണ് യൗൺ സുങ്-ഹോയെ വിലക്കിയത്.
സിംഗപ്പൂരിലെ ഒരു നിശാക്ലബിൽ അദ്ദേഹം പരിപാടി അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ പരിപാടിയെയാണ് സർക്കാർ തടഞ്ഞത്. വിലക്ക് യൗൺ സുങ്-ഹോയുടെ അനുയായികൾക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മതസൗഹാർദ്ദത്തിന് ഭീഷണിയാകുന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് ഇദ്ദേഹം നടത്തുന്നതെന്ന് സിംഗപ്പൂർ സർക്കാർ കരുതുന്നു. പൊലീസ് നിർദ്ദേശ പ്രകാരമാണ് നിശാക്ലബ് ഉടമകൾ പരിപാടി റദ്ദാക്കിയെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. ഈ നീക്കത്തെ സിംഗപ്പൂരിലെ ബുദ്ധമത സമൂഹം സ്വാഗതം ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ ഈ മാസമാദ്യം ന്യൂജീൻസ് പ്രകടനം നടത്തിയിരുന്നു. എന്നാൽ രണ്ടാമതെ നടത്താൻ തീരുമാനിച്ചിരുന്ന ന്യൂജീൻസ് നിമിന്‍റെ പ്രകടനം, പ്രാദേശിക ബുദ്ധമതക്കാരുടെ പരാതിയെ തുടർന്ന് റദ്ദാക്കിയിരുന്നു. അതേസമയം, ദക്ഷിണ കൊറിയയിൽ ന്യൂജീൻസ് നിമിന് ആരാധകരുടെയും ബുദ്ധമത നേതാക്കളുടെയും പിന്തുണയുണ്ട്.