ADVERTISEMENT

ക്വലാലംപൂർ ∙ മലേഷ്യയിലേക്ക് കയറി വരൂ, പ്രാദേശിക സമൂഹത്തോടൊപ്പം നമുക്ക് 'ബുക്കാ പുആസ' ആസ്വദിക്കാം. ബുക്കാ പുആസ മറ്റൊന്നുമല്ല, നമ്മുടെ ഇഫ്താർ അഥവാ നോമ്പ് തുറ തന്നെ. റമസാൻ ബസാറുകൾ സന്ദർശിക്കാനും തറാവീഹ് പ്രാർഥനകൾ നടത്താനുമൊക്കെയായി ഒട്ടേറെ ടൂറിസ്റ്റുകളാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിലെത്തുന്നത്. ഇവിടുത്തെ  പ്രധാന ടൂറിസ്റ്റ് നഗരങ്ങളിലെ പള്ളികളും കൺവൻഷൻ സെന്ററുകളും വിപുലമായ ഇഫ്താർ വിരുന്നിനായി ഒരുങ്ങുന്നതും റമസാനിൽ കാണേണ്ട കാഴ്ച തന്നെ.

മുസ്‌ലിം രാജ്യമാണെങ്കിലും ടൂറിസ്റ്റുകളുടെ ആഗമനം കണക്കിലെടുത്ത് നോമ്പ് കാലങ്ങളിൽ റസ്റ്ററന്റുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് പ്രത്യേകിച്ച് വിലക്കുകളൊന്നുമില്ല. എന്നാൽ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുൾപ്പെടെയുള്ള വിശ്വാസികൾക്ക് നോമ്പ് തുറയുടെ ഒരുക്കങ്ങൾക്കായി ജോലി അവസാനിക്കുന്നതിന് അരമണിക്കൂർ മുൻപ് വീട്ടിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്.

2024 ജനുവരി മുതൽ നവംബർ വരെ, 4.82 ദശലക്ഷം  വിനോദസഞ്ചാരികൾ മലേഷ്യ സന്ദർശിച്ചു എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. അവരിൽ ഭൂരിഭാഗവും ഇന്തോനീഷ്യ, ബ്രൂണൈ, പാക്കിസ്ഥാൻ, സൗദി അറേബ്യ, കസക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

∙ വർണദീപങ്ങളിൽ കുളിച്ച് പള്ളികൾ, റമസാൻ ചന്തകളുമൊരുങ്ങി
റമസാനാകുന്നതോടെ മലേഷ്യയിൽ പള്ളികളൾ വർണദീപങ്ങളാൽ അലങ്കരിക്കപ്പെട്ട് പുണ്യമാസത്തിനെ വരവേൽക്കാൻ തയാറാകുന്നു. വ്രതമാരംഭിക്കുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുൻപുതന്നെ ഓരോ തെരുവിലും പ്രത്യേകം സജ്ജമാക്കിയ റമസാൻ ചന്തകൾക്കായി കൂടാരങ്ങൾ കെട്ടിത്തുടങ്ങും. മധുര പലഹാരങ്ങളടക്കമുള്ള ലഘു വിഭവങ്ങൾ പാകം ചെയ്ത് വിൽപന നടത്താൻ തെരുവുകൾ കയ്യടക്കി തലയുയർത്തി നിൽക്കുന്ന കൂടാരങ്ങൾ കാണാൻ പ്രത്യേക ചന്തമാണ്‌. 

'അസർ' നമസ്‌കാരശേഷം റമസാൻ സ്റ്റാളുകളിലെ അടുപ്പുകളിൽ നിന്നുമുയരുന്ന രുചിയാർന്ന പുക വ്രതമാസ ചന്തകൾക്ക് മുകളിൽ ഉയരുന്നതോടെ ജാതിഭേദമന്യേ വിഭവങ്ങൾ വാങ്ങാനുള്ള ജനത്തിരക്കാണ്. വ്യത്യസ്തമാർന്ന വിഭവങ്ങളുടെ സ്വാദറിയാനെത്തുന്നവരുടെ തിടുക്കം കൊണ്ട് മഗിരിബി(പ്രദോഷം)ന് മുൻപ് തന്നെ മിക്ക സ്റ്റാളുകളും കാലിയാകും. ഗ്രാമീണ പ്രദേശങ്ങളിലെ ചന്തകളാണെങ്കിൽ പോലും റമസാൻ വിഭവങ്ങൾ വിൽപന നടത്താൻ സർക്കാരിൽ നിന്ന് പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ട്.

ഓരോ സ്റ്റാളിനും അധികാരികൾ നൽകുന്ന റജിസ്റ്റർ നമ്പറിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നത്. സുരക്ഷയുറപ്പിക്കാൻ വ്യാപാരത്തെ ബുദ്ധിമുട്ടിക്കാത്ത വിധം ഭക്ഷ്യവകുപ്പിന്റെ സാംപിൾ പരിശോധനകളുമുണ്ടാകും.

മലേഷ്യയിലെ നോമ്പുതുറ വിഭവങ്ങൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മലേഷ്യയിലെ നോമ്പുതുറ വിഭവങ്ങൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും ഇഫ്താർ
വ്രതാരംഭം മുതൽ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലുമെല്ലാം വിഭവ സമൃദ്ധമായ ഇഫ്‌താർ വിരുന്നുകളുണ്ടാകും. കേരളീയർ സാധാരണയായി നോമ്പ് തുറക്കുമ്പോൾ ലഘുഭക്ഷണം കഴിക്കുകയാണ് പതിവെങ്കിൽ, മലേഷ്യക്കാർ അവരുടെ പ്രധാന ഭക്ഷണമായ ‘നാസി’ അഥവാ ചോറ് തന്നെയാണ് ഈ സമയത്തും കഴിക്കുക. ചോറ് കൊണ്ടുണ്ടാക്കിയ വിവിധയിനം വിഭവങ്ങളും റമസാൻ സ്റ്റാളുകളിലെ പ്രത്യേകതയാണ്.

അവയോടൊപ്പം ഇറച്ചിയും മീനും വിവിധയിനം പച്ചക്കറി വിഭവങ്ങളും മറ്റു പലഹാരങ്ങളുമൊക്കെ ചേർത്താണ് സാധാരണയായി മലേഷ്യക്കാരുടെ നോമ്പുതുറ. മൽസ്യ മാംസാദികളുടെ വിഭവങ്ങളെല്ലാം ചന്തകളിൽ നിന്നും വാങ്ങാം. മീൻ പൊള്ളിച്ചതും ഇറച്ചി വറുത്തതുമൊക്കെ വ്യത്യസ്തമായ രുചിക്കൂട്ടോടെ വേർതിരിച്ചാണ് വില്പന നടത്തുന്നത്. പ്രധാന തെരുവ് വിഭവമായ ആട്, കോഴി ഇറച്ചികളുടെ 'സാത്തെ' മാത്രം ലഭിക്കുന്ന സ്റ്റാളുകളുമുണ്ടാകും. നീണ്ട മെനുവിൽ ചൂടാവുന്ന സൂപ്പ് കടകൾക്കും കുറവില്ല. ശീതളപാനീയങ്ങളാണെങ്കിൽ മഴവില്ല് കണക്കെ എല്ലാ കളറിലും വിൽപനയ്ക്കുണ്ടാകും.

∙ ഖുർആൻ പാരായണങ്ങളാൽ അന്തരീക്ഷം മുഖരിതം
മനോഹരമായ ഖുർആൻ പാരായണങ്ങളാണ് മലേഷ്യയിലെ മറ്റൊരു സവിശേഷത. നോമ്പ് മാസമാവുന്നതോടെ മനസ്സിനെ ആത്മീയ നിർവൃതിയിലേക്ക് നയിക്കുന്ന  ഖുർആൻ പാരായണം വലുതും ചെറുതുമായ എല്ലാ പള്ളികളിൽ നിന്നും കേൾക്കാം. റമസാൻ നാളുകളിൽ 'ഇശാ' (രാത്രി) നമസ്സ്കാരത്തിന് ശേഷം അന്തിയുറങ്ങാൻ മിക്ക പള്ളികളിലും സൗകര്യമുണ്ടാകും.

റമസാനോടനുബന്ധിച്ച് വീടുകളിലേക്കുള്ള വിരുന്നുകൾ പൊതുവെ ശവ്വാൽ മാസത്തിലാണ് സംഘടിപ്പിക്കുന്നത്. റമസാനെ വരവേൽക്കുന്ന പ്രിയ സൗഹൃദങ്ങളുടെ ഇഫ്താർ വിരുന്നുകളുമുണ്ടാകാറുണ്ട്. അവയിൽ ഭൂരിഭാഗവും പരസ്‌പര സാഹോദര്യത്തിന്റെ ഉറവിടങ്ങളായ മലേഷ്യൻ പൗരന്മാരടക്കമുള്ള സുഹൃത്തുക്കളുടെ വീടുകളിലേയും വിവിധ സന്നദ്ധ സംഘടനകളുടേയും വിരുന്നുകളായിരിക്കും.

∙ 'ഹരി റായ' ഓപൺ ഹൗസ് സജീവം
മലേഷ്യൻ പൗരന്മാർ അവരവരുടെ ബന്ധുമിത്രാദികൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സംഘടിപ്പിക്കുന്ന പാരമ്പര്യ വിരുന്നാണ് ഉത്സവദിനമെന്ന് അർഥം വരുന്ന 'ഹരി റായ' ഓപൺ ഹൗസ് എന്നറിയപ്പെടുന്നത്. ആതിഥ്യം കാണിക്കാനും ഭക്ഷണം പങ്കിടാനും സമൂഹബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള അവസരമായിട്ടാണ് മലേഷ്യക്കാർ ഈ വിരുന്നിനെ കാണുന്നത്.

ഇതര മതസ്ഥരടക്കമുള്ള സൗഹൃദങ്ങൾ ഈ വിരുന്നുകളിൽ പങ്കാളികളാവും. ഇത് കേരളത്തിൽ സംഘടിപ്പിക്കുന്ന പെരുന്നാൾ വിരുന്നിന് സമാനമാണെങ്കിലും ഇത്തരം വിരുന്നുകൾ പെരുന്നാളിന് ശേഷം ഒരു മാസത്തോളം നീണ്ട് നിൽക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 

∙ ആഘോഷമായി മലയാളി സമൂഹനോമ്പുതുറകൾ
വിവിധ മലയാളി സംഘടനകൾ മലേഷ്യയിലുടനീളം നേതൃത്വം നൽകുന്ന ഇഫ്താർ വിരുന്നുകളും ശ്രദ്ധേയമാണ്. മധുരപലഹാരങ്ങളടക്കം കേരളാ വിഭവങ്ങൾ കൂടി നിരത്തിക്കൊണ്ടാണ് മലയാളികളുടെ സമൂഹ നോമ്പുതുറ. റമസാൻ അവസാനിച്ചാലും മലേഷ്യയിലെ തെരുവുകളിൽ റമസാൻ പലഹാരങ്ങളുടെ രുചിമേളങ്ങൾ അവസാനിക്കാറില്ല. പെരുന്നാളിന് ശേഷം  "ക്വയി റയാ" അഥവാ ഉത്സവ പലഹാരങ്ങളുടെ  കാലമാണ്. നോമ്പോർമകൾ നുകരാൻ ഇവിടുത്തുകാർ ഇത്തരം 'ക്വയി റയ'യുടെ പൊതികൾ വാങ്ങി പരസ്‌പരം കൈമാറുന്നതും മലേഷ്യയിലെ ഒരു നാട്ടുനടപ്പാണ്.

English Summary:

Malaysia promotes tourism during Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com