മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഭർത്താവിന് പരോളില്ലാത്ത ജീവപര്യന്തം തടവ്
Mail This Article
മയാമി (യുഎസ്) ∙ മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ്– മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയിയെ (27) കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യുവിന് (നെവിൻ–34) പരോളില്ലാത്ത ജീവപര്യന്തം ജയിൽ ശിക്ഷയാണ് അമേരിക്കയിലെ കോടതി വിധിച്ചിരിക്കുന്നത്. കൊലയ്ക്കു ശേഷം സ്വയം കുത്തി മുറിവേൽപിച്ചു ജീവനൊടുക്കാൻ ഫിലിപ് മാത്യു ശ്രമിച്ചിരുന്നു.
2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെ ജോലിക്കു ശേഷം മെറിൻ മടങ്ങുമ്പോൾ അമേരിക്കൻ സമയം രാവിലെ 8.30 ന് (ഇന്ത്യൻ സമയം വൈകിട്ട് 6) ആണു കൃത്യം നടത്തിയത്. കാർ പാർക്കിങ്ങിൽ കാത്തുനിന്ന ഫിലിപ് മെറിനെ 17 തവണ കുത്തി. താഴെ വീണ മെറിന്റെ ദേഹത്തു കാർ കയറ്റിയിറക്കിയെന്നു ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഫിലിപ്പും മെറിനും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു.
ഫിലിപ്പിനെ പേടിച്ച് കോറൽ സ്പ്രിങ്സ് ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ ജോലി വിട്ട് മറ്റൊരിടത്തേക്കു മാറാനിരിക്കുകയായിരുന്നു മെറിൻ. ബ്രൊവാഡ് ആശുപത്രിയിലെ ജോലിയിലെ അവസാന ദിവസമായിരുന്നു കൊലപാതകം നടന്നത്. മിഷിഗനിലെ വിക്സനിൽ ജോലി ചെയ്യുന്ന ഫിലിപ്പ് കോറൽ സ്പ്രിങ്ങിൽ വന്ന് ഹോട്ടലിൽ മുറിയെടുത്തു. മെറിൻ ജോലി കഴിഞ്ഞിറങ്ങുന്ന സമയത്തു മുന്നിലെത്തുകയായിരുന്നു.
നേരത്തേ നാട്ടിൽ വച്ച് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. പിന്നീട് മെറിനെയും കുഞ്ഞിനെയും കൂട്ടാതെ ഫിലിപ് യുഎസിലേക്കു മടങ്ങി. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ആക്കിയ ശേഷമാണ് മെറിൻ തിരിച്ചു പോയത്.