ബോട്ട് യാത്രയ്ക്ക് പുറപ്പെട്ട ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; അപകടകാരണം ദുരൂഹം
Mail This Article
ടൊറന്‍റോ ∙ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ ബോട്ട് യാത്രയ്ക്ക് പുറപ്പെട്ട ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രിട്ടിഷ് വനിത സാറാ പാക്ക് വുഡ് (54), കനേഡിയൻ പൗരൻ ബ്രെറ്റ് ക്ലിബർ (70) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ലൈഫ് ബോട്ടിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. ഇവർ സഞ്ചരിച്ച ബോട്ട് കാണാതായി. നോവ സ്കോട്ടിയയില്‍ നിന്ന് പോര്‍ച്ചുഗലിലെ അസോറസ് ദ്വീപസമൂഹത്തിലേക്കാണ് ഇവര്‍ 'തെറോസ്' എന്ന 13 മീറ്റര്‍ നീളമുള്ള പരിസ്ഥിതി സൗഹൃദ ബോട്ടിൽ യാത്ര തിരിച്ചത്.
ജൂണ്‍ 18 നാണ് ഇവരെ കാണാതായത്. ഏകദേശം 21 ദിവസമെടുക്കുന്ന യാത്രയ്ക്കായിട്ടാണ് ദമ്പതികൾ ഒരുങ്ങിയിരുന്നത്.അറ്റ്ലാന്റിക്കിന്റെ മധ്യഭാഗത്തുള്ള പോർച്ചുഗലിലെ ദ്വീപുകളുടെ ശേഖരമായ അസോറസിലേക്കായിരുന്നു യാത്ര. ജൂൺ 11 ന് നോവ സ്കോട്ടിയയിൽ നിന്നും സ്വന്തം ബോട്ടിലായിരുന്നു ഇവർ യാത്ര തിരിച്ചത്. ക്ലൈബറിയുടെ മകൻ ജയിംസാണ് മരണ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അപകടകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു. ചരക്ക് കപ്പൽ ബോട്ടിൽ ഇടിച്ചതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കനേഡിയൻ കോസ്റ്റ്ഗാർഡും സൈനിക വിമാനവും തിരച്ചിൽ നടത്തി, എന്നാൽ ബോട്ടിന്റെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.