15.5 കോടി ഫോളോവേഴ്സ്, സമൂഹമാധ്യമം വഴി ഏറ്റവും കൂടുതൽ പണം വാരുന്ന 20കാരി; പക്ഷേ ചാർലി ഇത് എങ്ങനെ സഹിക്കും?

Mail This Article
ഹൂസ്റ്റൺ ∙ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമൂഹമാധ്യമമായ ടിക് ടോക് യുഎസിൽ പ്രവർത്തനരഹിതമായി. ടിക്ടോക്കിന്റെ നിരോധനം സാധുതപ്പെടുത്തി യുഎസ് പാസാക്കിയ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപായിരുന്നു ടിക് ടോക്കിന്റെ ഈ നടപടി. ഇതോടെ ഒരു ചോദ്യമുയരുന്നുണ്ട്. ടിക് ടോക്കെങ്ങാനും പോയാൽ ചാർലി ഡി അമേലിയോ എന്തു ചെയ്യും? ലോകത്തെ ഏറ്റവും വലിയ ടിക് ടോക് താരമാണു ചാർലി. ഈ സമൂഹമാധ്യമം വഴി ഏറ്റവും കൂടുതൽ പണം വാരുന്നയാളാണു 20 കാരിയായി ചാർലി.
15.5 കോടി ഫോളോവേഴ്സാണ് ഇവർക്ക്. മികച്ച നർത്തകി, സംരംഭക, എഴുത്തുകാരി തുടങ്ങി പല മേഖലകളിലേക്ക് ചാർലി തന്റെ കഴിവുകൾ വികസിപ്പിച്ചിട്ടുണ്ട്. ചില സീരീസുകളിലും ഷോകളിലുമൊക്കെ അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും വിമർശകരും ഇവർക്ക് കുറവല്ല. ചാർലിയുടെ ഉള്ളടക്കം അത്ര മേന്മയൊന്നുമില്ലാത്തതാണെന്നു പലരും വിമർശനം ഉയർത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ലോക്ഡൗണിൽ വീട്ടിൽ ഇരിക്കാതെ ബഹാമസിൽ വെക്കേഷനു പോയതും ഇവർക്കെതിരെ പ്രതിഷേധമുയർത്തിയ സംഭവങ്ങളാണ്.
മറ്റൊരു സമൂഹമാധ്യമ താരമായ കോൾ കേൽ ഹഡ്സനുമായി പ്രണയത്തിലായിരുന്നു ചാർലി. എന്നാൽ ഈ ബന്ധം തകർന്നതിനെത്തുടർന്ന് അമേരിക്കൻ ഗായകനായ ലണ്ടൻ ബേക്കറുമായി പ്രണയത്തിലായി. 17 കോടി അമേരിക്കക്കാരാണു ടിക് ടോക് ഉപയോഗിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണു ടിക് ടോക്കിന്റെ ഉടമകൾ. ഇതുവരെ ഒരു വലിയ സമൂഹമാധ്യമത്തെ യുഎസ് നിരോധിച്ചിട്ടില്ല. യുഎസും ചൈനയും തമ്മിലുള്ള ബന്ധത്തിലും നീക്കം വിള്ളൽ വീഴ്ത്തിയേക്കുമെന്ന് വിലയിരുത്തലുണ്ട്. യുഎസ് നീക്കത്തെ ചൈനീസ് എംബസി വിമർശിച്ചിരുന്നു.

ബൈറ്റ് ഡാൻസിന്റെ ലൈഫ്സ്റ്റൈൽ ആപ്പായ ലെമൺ8, വിഡിയോ എഡിറ്റിങ് ആപ്പായ ക്യാപ്കട്ട് എന്നിവയും ലഭ്യമല്ലാതെയായി. ദേശീയ സുരക്ഷ മുൻനിർത്തി ടിക് ടോക് ചൈനയിലെ മാതൃകമ്പനിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നാണു യുഎസ് നിലപാട് ടിക് ടോക് പ്രവർത്തനരഹിതമായതോടെ റെഡ്നോട്ട് എന്ന മറ്റൊരു ആപ്പിന് ആരാധകർ ഏറിയിട്ടുണ്ട്. tiktokrefugee എന്ന ടാഗിൽ ധാരാളം ഉപയോക്താക്കൾ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ സ്ഥാനമേറ്റാലുടൻ ടിക്ടോക്കിന്റെ വിലക്കിൽ ഇളവ് വരുത്തുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം ടിക് ടോക് ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തു.