കേരള നാടൻ, ഷാപ്പ് രുചി ന്യൂയോർക്കിലുണ്ട്; രുചിയിടമായി കേരളത്തിന്റെ ‘ചട്ടി’

Mail This Article
ന്യൂയോർക്കിൽ, ടൈംസ് സ്ക്വയറിൽ നിന്നു നടക്കാവുന്ന ദൂരത്തിൽ കേരളത്തിന്റെ തനിനാടൻ രുചികളൊരുക്കി ‘ചട്ടി’ ഭക്ഷണശാല തുറന്നിരിക്കുകയാണു പാലാ സ്വദേശി റെജി മാത്യു. റെജിയുടെ ‘കപ്പ ചക്ക കാന്താരി’ ഫുഡ് ചെയിന്റെ ഭാഗമായി തുറന്ന ഈ രുചിയിടം ഹിറ്റ്. മലയാളികൾ മാത്രമല്ല, ന്യൂയോർക്കിലെ ഇന്ത്യക്കാരും വിദേശികളും ഈ രുചി ആസ്വദിക്കുന്നു.
ബെംഗളൂരുവിലും ചെന്നൈയിലും കേരളരുചി വിളമ്പിയ റെജി കേരളത്തിലെ മുന്നൂറോളം വീടുകളിലെ അമ്മച്ചിമാരെ സന്ദർശിച്ചാണ് തന്റെ രുചികൾ രൂപപ്പെടുത്തിയെടുത്തതെന്നു പറയുന്നു. കേരളത്തിലെ കള്ളുഷാപ്പുകളിലെ രുചിരഹസ്യവും കൂട്ടിചേർത്തപ്പോൾ സംഗതി ഹിറ്റ്.
വോഡ്ക, റം ഇവയിൽ തേങ്ങയും വാഴപ്പഴവുമൊക്കെ ഉപയോഗിച്ചുള്ള എലഫന്റ് വിസ്പറർ കോക്ടൈൽ പാനീയങ്ങളും രുചിക്കൊപ്പം വിളമ്പുന്നു. ഉരുളികളിലും ചട്ടികളിലുമൊക്കെ വിളമ്പുന്ന ഭക്ഷണവും കേരളത്തിൽ നിന്നെത്തിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയും വിദേശികൾക്കു പ്രിയമായി. പിടി–കോഴി, വട്ടയപ്പം, മപ്പാസ്, അപ്പം, പുട്ട്, ചെമ്മീൻ റോസ്റ്റ്, ഷാപ്പ് ബീഫ് ഫ്രൈ എന്നൊക്കെ പറഞ്ഞു പഠിക്കുകയാണിപ്പോൾ അവർ.