യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായി യുഎസ് വോട്ട് ചെയ്തു

Mail This Article
ന്യൂയോർക്ക്∙യുക്രെയ്ൻ യുദ്ധത്തിന് റഷ്യയെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരെ തിങ്കളാഴ്ച യുഎസ് വോട്ട് ചെയ്തു. യുഎൻ പൊതുസഭയിൽ 93 രാജ്യങ്ങൾ അനുകൂലമായും 18 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തപ്പോൾ 65 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുക്രെയ്നിന്റെ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത 18 രാജ്യങ്ങളിൽ റഷ്യ, യുഎസ് , ഇസ്രയേൽ, ഹംഗറി, ഹെയ്തി, നിക്കരാഗ്വ, നൈജർ എന്നിവ ഉൾപ്പെടുന്നു.
റഷ്യയെ പിൻവലിക്കണം, സമാധനം പുലരണം, റഷ്യയുടെ യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദിത്തം ആവശ്യപ്പെട്ടുംയുക്രെയ്ൻ അവതരിപ്പിച്ച മൂന്ന് പേജുള്ള പ്രമേയത്തോടെയാണ് ഐക്യരാഷ്ട്രസഭയിലെ മുഖാമുഖം ആരംഭിച്ചത്. റഷ്യൻ സൈന്യം യുക്രെയ്നിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ യുഎസ് എതിർത്തു. എന്നാല്‍, സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം തുറന്നുകാട്ടിക്കൊണ്ട്, കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന മറ്റൊരു പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അംഗീകാരം ലഭിച്ചു.
യുഎസും അതിന്റെ ദീർഘകാല യൂറോപ്യൻ സഖ്യകക്ഷികളും തമ്മിൽ യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റുമുട്ടൽ തിങ്കളാഴ്ച യുഎൻ പൊതുസഭയിൽ അരങ്ങേറി. ജനറൽ അസംബ്ലിയിലും സുരക്ഷാ കൗൺസിലിലും, യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ എതിർ ക്യാംപുകളിൽ നിന്നതും ശ്രദ്ധേയമായിരുന്നു. റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തിന് മൂന്ന് വർഷം പൂർത്തിയാകുന്നതിനിടെ, യുഎസ് വിദേശ നയത്തിലെ മാറ്റം വ്യക്തമാക്കുന്നതാണ് ഈ വോട്ടെടുപ്പ്.
യുഎസിന്റെ പ്രമേയം മൂന്ന് ചെറിയ ഖണ്ഡികകൾ മാത്രമാണായിരുന്നു. അതിൽ റഷ്യയുടെ ആക്രമണത്തെ പരാമർശിച്ചിട്ടില്ല. "സംഘർഷത്തിന് വേഗത്തിൽ ഒരു അന്ത്യം കുറിക്കാനും യുക്രെയ്‌നും റഷ്യയും തമ്മിൽ ശാശ്വത സമാധാനം സ്ഥാപിക്കാനും യുഎസ് അഭ്യർഥിക്കുന്നു" എന്നായിരുന്നു പ്രമേയത്തിൽ പറഞ്ഞത്.