ചൂട് പാനീയം വീണ് ജനനേന്ദ്രിയത്തിന് തകരാറും രൂപഭേദവും; സ്റ്റാർബക്‌സിനോട് 434.78 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

Mail This Article
കലിഫോർണിയ ∙ ചൂടുള്ള പാനീയം ദേഹത്ത് വീണ് പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്ക് 50 ദശലക്ഷം ഡോളർ (ഏകദേശം 434.78 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ സ്റ്റാർബക്‌സിനോട് കലിഫോർണിയയിലെ ജൂറി ഉത്തരവിട്ടു. 2020 ഫെബ്രുവരി 8ന് ലൊസാഞ്ചലസിലെ സ്റ്റാർബക്‌സ് ഡ്രൈവ്-ത്രൂവിൽ നിന്ന് ഓർഡർ എടുക്കുമ്പോഴാണ് സംഭവം. മൈക്കിൾ ഗാർസിയ എന്ന ഡെലിവറി ഡ്രൈവറിനാണ് പൊള്ളലേറ്റത്.
മൂന്ന് പാനീയങ്ങൾ അടങ്ങിയ കാരിയറാണ് സ്റ്റാർബക്‌സ് ജീവനക്കാർ ഗാർസിയക്ക് കൈമാറിയത്. എന്നാൽ അതിലൊരു പാനീയത്തിന്റെ ലിഡ് ശരിയായി ഉറപ്പിച്ചിരുന്നില്ല. അത് മറിഞ്ഞ് ഗാർസിയയുടെ മടിയിലേക്ക് വീണാണ് അപകടമുണ്ടായതെന്ന് അഭിഭാഷകൻ മൈക്കിൾ പാർക്കർ പറഞ്ഞു. ഇതേതുടർന്ന് ഗാർസിയക്ക് പൊള്ളലും ജനനേന്ദ്രിയത്തിന് തകരാറും രൂപഭേദവും സംഭവിച്ചതായി കോടതി കണ്ടെത്തി. ശാരീരികമായും മാനസികമായും തകർന്ന ഗാർസിയയുടെ ജീവിതനിലവാരത്തെ ഇത് സാരമായി ബാധിച്ചു. ശാരീരിക വേദന, മാനസിക ബുദ്ധിമുട്ട്, ദീർഘകാല വൈകല്യം എന്നിവ കണക്കിലെടുത്താണ് ജൂറി ഗാർസിയക്ക് അനുകൂലമായി വിധി പറഞ്ഞത്.
വിധിയോട് വിയോജിക്കുന്നെന്നും അപ്പീൽ നൽകുമെന്നും സ്റ്റാർബക്‌സ് അറിയിച്ചു. ഗാർസിയയോട് സഹതാപമുണ്ട്, എന്നാൽ ഈ സംഭവത്തിൽ ഞങ്ങൾ തെറ്റുകാരാണെന്ന ജൂറിയുടെ തീരുമാനത്തോട് വിയോജിക്കുന്നു. നഷ്ടപരിഹാരം തുക വളരെ കൂടുതലാണെന്നും കരുതുന്നു. ചൂടുള്ള പാനീയങ്ങൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ സ്റ്റോറുകളിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കൈകാര്യം ചെയ്യുന്നതെന്ന് സ്റ്റാർബക്‌സ് വക്താവ് ജാസി ആൻഡേഴ്സൺ അറിയിച്ചു.
‘‘സ്റ്റാർബക്‌സിന്റെ അനാസ്ഥ കാരണം മൈക്കിൾ ഗാർസിയയുടെ ജീവിതം എന്നെന്നേക്കുമായി മാറി. അദ്ദേഹം അനുഭവിച്ച ദുരന്തം പണം കൊണ്ട് പരിഹരിക്കാനാവില്ല, എന്നാൽ ഉപഭോക്തൃ സുരക്ഷയെ അവഗണിച്ചതിനും ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിനും സ്റ്റാർബക്‌സിനെ ഉത്തരവാദിത്തപ്പെടുത്തുന്നതിനുള്ള നിർണായകമായ ചുവടുവയ്പ്പാണ് ഈ ഉത്തരവ്’’– ഗാർസിയയുടെ അഭിഭാഷകനും ട്രയൽ ലോയേഴ്‌സ് ഫോർ ജസ്റ്റിസിന്റെ സഹസ്ഥാപകനുമായ നിക്ക് റോളി പറഞ്ഞു.
വിചാരണയ്ക്ക് മുൻപ് സ്റ്റാർബക്‌സ് ഒത്തുതീർപ്പ് വാഗ്ദാനങ്ങൾ നടത്തിയിരുന്നു. ആദ്യം 3 ദശലക്ഷം ഡോളറും പിന്നീട് 30 ദശലക്ഷം ഡോളറും വാഗ്ദാനം ചെയ്തു. സ്റ്റാർബക്‌സ് മാപ്പ് പറയുകയും നയങ്ങൾ പരിഷ്കരിക്കുകയും ഉപഭോക്താക്കൾക്ക് ചൂടുള്ള പാനീയങ്ങൾ കൈമാറുന്നതിന് മുമ്പ് ഇരട്ടി പരിശോധന നടത്താൻ സ്റ്റോറുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്താൽ ഒത്തുതീർപ്പിന് തയ്യാറായിരുന്നുവെന്ന് ഗാർസിയ പറഞ്ഞു. എന്നാൽ സ്റ്റാർബക്‌സ് ഈ വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കേസ് വിചാരണയിലേക്ക് നീങ്ങിയത്.