ട്രംപിന്റെ ‘തലവേദന’; കൊളറാഡോയിലെ ചിത്രം 'മോശം', വിമർശിച്ച് യുഎസ് പ്രസിഡന്റ്

Mail This Article
ഹൂസ്റ്റൺ∙ "എന്റെ തല, എന്റെ ഫുൾഫിഗർ..." എന്ന പ്രസിദ്ധമായ ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇപ്പോൾ സ്വന്തം ഛായചിത്രത്തിന്റെ പേരിൽ ടെൻഷനിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊളറാഡോ സ്റ്റേറ്റ് ക്യാപ്പിറ്റളിൽ സ്ഥാപിച്ചിട്ടുള്ള തന്റെ ഛായാചിത്രത്തിൽ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഈ ചിത്രം 'മനഃപൂർവം നാശമാക്കിയതാണ്' എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
‘‘ഇതേ കലാകാരി മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രം മനോഹരമായി വരച്ചു. ആ ചിത്രം മനോഹരമായി കാണപ്പെടുന്നു. പക്ഷേ എന്റെ ചിത്രം എത്രമാത്രം മോശമാണ്. പ്രായമായതോടെ അവർക്ക് വരയ്ക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കണം ’’ ചിത്രകാരി സാറാ എ. ബോർഡ്മാനെക്കുറിച്ച് ട്രംപിന്റെ വിലയിരുത്തലാണിത്. ഇങ്ങനെയൊരു ചിത്രം വയ്ക്കുന്നതിനേക്കാൾ തന്റെ ചിത്രമില്ലാത്തതാണ് നല്ലതെന്നും ട്രംപ് പറയുന്നു. ഗവർണർ ജാരെഡ് പോളിസിനെയും ട്രംപ് ഇക്കാര്യത്തിൽ വിമർശിച്ചു
അതേസമയം, ട്രംപിന്റെ ഛായാചിത്രം ആദ്യം കമ്മീഷൻ ചെയ്തത് പോളിസോ പ്രസിഡന്റിന്റെ ഏതെങ്കിലും രാഷ്ട്രീയ എതിരാളിയോ അല്ല. വാസ്തവത്തിൽ അത് വർഷങ്ങളായി അവിടെയുണ്ട്. കൊളറാഡോ സ്റ്റേറ്റ് ക്യാപ്പിറ്റളിലെ ഛായാചിത്രങ്ങൾക്കുള്ള ധനസഹായം സാധാരണയായി സംസ്ഥാനത്തെ കലകളെ പിന്തുണയ്ക്കുന്ന കൊളറാഡോ സിറ്റിസൺസ് ഫോർ കൾച്ചർ എന്ന സംഘടന ശേഖരിക്കുന്ന സ്വകാര്യ സംഭാവനകളിൽ നിന്നാണ്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത്, അദ്ദേഹത്തിന്റെ ഒരു ഛായാചിത്രം കമ്മീഷൻ ചെയ്യുന്നതിന് ഈ ഗ്രൂപ്പിന് 10,000 ഡോളർ സമാഹരിക്കേണ്ടി വന്നു. എന്നാൽ 2018ൽ ഒരു സംഭാവന പോലും ലഭിച്ചില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് ജെയ് സെല്ലർ പറഞ്ഞു. ആ വർഷം ജൂലൈയിൽ, ട്രംപിന്റെ ഛായാചിത്രം തൂക്കിയിടാൻ ഉദ്ദേശിച്ചിരുന്ന ഒഴിഞ്ഞ സ്ഥലത്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ഒരു ഛായാചിത്രം ഒരാൾ നുഴഞ്ഞുകയറി സ്ഥാപിച്ചത് വിവാദമായിരുന്നു.
കൊളറാഡോ സ്പ്രിങ്സിൽ താമസിക്കുന്ന ബ്രിട്ടിഷ് വംശജയായ കലാകാരി സാറാ എ. ബോർഡ്മാനെയാണ് ഛായാചിത്രം വരയ്ക്കാൻ നിയോഗിച്ചത്. മുൻ പ്രസിഡന്റുമാരുടെ 43 ഛായാചിത്രങ്ങൾ വരച്ച ലോറൻസ് വില്യംസ് 2003ൽ അന്തരിച്ചതിന് ശേഷം, ബോർഡ്മാൻ ബരാക് ഒബാമയുടെ ഛായാചിത്രവും വരച്ചിട്ടുണ്ട്. വില്യംസിന്റെ ചിത്രങ്ങളുടെ ക്ലാസിക്കൽ റിയലിസ്റ്റ് ശൈലിയുമായി പൊരുത്തപ്പെടാൻ താൻ ശ്രമിച്ചതായും ക്യാപ്പിറ്റൾ ബിൽഡിങ് അഡ്വൈസറി കമ്മിറ്റി വോട്ട് ചെയ്ത് അംഗീകരിച്ച ഒരു ഫോട്ടോയെ അടിസ്ഥാനമാക്കിയുള്ള ട്രംപിന്റെ പെയിന്റിങ് പൂർത്തിയാക്കാൻ ഏകദേശം നാല് മാസമെടുത്തതായും അനാച്ഛാദന ചടങ്ങിൽ ബോർഡ്മാൻ പറഞ്ഞിരുന്നു.