ADVERTISEMENT

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ കഴി‍ഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രം ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരുന്നു. 'കീറ്റോ ഡയറ്റിന് ശേഷമുള്ള എന്‍റെ കൂട്ടുകാരന്‍' എന്ന അടിക്കുറുപ്പോടെ ഒരു അസ്ഥികൂടത്തിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജഡേജ പങ്കുവച്ചത്. ചിരിക്ക് വക നല്‍കിയ ചിത്രം കീറ്റോ ഡയറ്റിനെ പറ്റിയുള്ള ചില്ലറ ചര്‍ച്ചകള്‍ക്കും വേദിയായി. 

 

അമിത ഭാരം കുറച്ച് പെട്ടെന്ന് സ്ലിമ്മാകാന്‍ പലരും തിരഞ്ഞെടുക്കുന്ന കീറ്റോജനിക് ഡയറ്റ് ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ വലിയ സംവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അടുത്ത കാലത്ത് മാത്രമാണ് പ്രചാരം ലഭിച്ചതെങ്കിലും ഇത് ഒരു നൂറ്റാണ്ട് മുന്‍പ് തന്നെ നിലവിലുള്ള ഡയറ്റാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രമേഹത്തെ നിയന്ത്രിക്കാന്‍ 19-ാം നൂറ്റാണ്ട് മുതല്‍ക്ക് തന്നെ കീറ്റോ ഡയറ്റ് ഉപയോഗപ്പെടുത്തിയിരുന്നതായി ഹാര്‍വഡ് ടി. ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ചൂണ്ടിക്കാണിക്കുന്നു. 

 

1920ല്‍ കുട്ടികളിലെ ചുഴലി ദീനത്തിന് മരുന്നുകള്‍ ഫലിക്കാതെ വരുമ്പോൾ  പരീക്ഷിക്കാവുന്ന ഫലപ്രദ ചികിത്സയായി കീറ്റോ ഡയറ്റ് അവതരിപ്പിക്കപ്പെട്ടു. അര്‍ബുദം, പ്രമേഹം, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, മറവി രോഗമായ അല്‍സ്ഹൈമേഴ്സ് എന്നിവ ബാധിച്ചവരിലും പരിമിതമായ തോതില്‍ കീറ്റോ ഡയറ്റ് പരീക്ഷിക്കപ്പെടാറുണ്ടെന്ന് ഡയറ്റീഷന്‍മാര്‍ അഭിപ്രായപ്പെടുന്നു. 

 

കീറ്റോ ഡയറ്റിന്‍റെ പ്രത്യേകത

ശരീരം ഊര്‍ജ്ജത്തിനായി മുഖ്യമായും ആശ്രയിക്കുന്നത് ഗ്ലൂക്കോസിനെയാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസിന് പകരം ശേഖരിച്ച് വച്ച കൊഴുപ്പില്‍ നിന്നുള്ള കീറ്റോണുകളെ ഉപയോഗപ്പെടുത്താന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതാണ് കീറ്റോ ഡയറ്റ്.  കാര്‍ബോഹൈഡ്രേറ്റ് കാര്യമായി കഴിക്കാതെയാകുമ്പോൾ  3-4 ദിവസത്തിനുള്ളില്‍ ശരീരത്തിലെ ഗ്ലൂക്കോസ് തീരും. തുടര്‍ന്ന് ഊര്‍ജ്ജത്തിനായി ശരീരം പ്രോട്ടീനെയും കൊഴുപ്പിനെയും വിഘടിപ്പിക്കാന്‍ തുടങ്ങും. ഇങ്ങനെയാണ് വണ്ണം കുറഞ്ഞ് ഒരാള്‍ മെലിയാന്‍ തുടങ്ങുന്നത്. കാര്‍ബോഹൈഡ്രേറ്റിന് പകരം കൊഴുപ്പ് അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ പിന്തുടരുക. 

 

ഹ്രസ്വകാലത്തേക്ക് ഗുണപരമായ ചയാപചയ മാറ്റങ്ങള്‍ നല്‍കാന്‍ കീറ്റോ ഡയറ്റിന് സാധിച്ചേക്കാമെങ്കിലും ഉയര്‍ന്ന തോതിലുള്ള കൊഴുപ്പ് അടങ്ങിയ ഡയറ്റ് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് ഹാര്‍വഡ് ടി ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദീര്‍ഘകാലം കീറ്റോ ഡയറ്റ് തുടരുന്നവരില്‍ വൃക്കയില്‍ കല്ലുകള്‍, ഓസ്റ്റിയോപോറോസിസ്, യൂറിക് ആസിഡ് പ്രശ്നങ്ങള്‍ പോലുള്ളവയും പോഷണക്കുറവും ഉണ്ടാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

 

ചുഴലിദീനമല്ലാതെ മറ്റേതിനെങ്കിലും ദീര്‍ഘകാലത്തേക്ക് കീറ്റോ ഡയറ്റ് ഫലപ്രദമാണെന്നുള്ളതിന് തെളിവുകള്‍ ഇല്ലെന്ന് മയോ ക്ലിനിക്കിലെ വിദഗ്ധരും പറയുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം മലബന്ധം, തലവേദന, വായ്നാറ്റം പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം. ഉയര്‍ന്ന തോതില്‍ കൊഴുപ്പ് കഴിക്കുമ്പോൾ  ബൈലിന്‍റെ ഉത്പാദനം വര്‍ദ്ധിക്കുകയും ഇത് വയറ്റിളക്കത്തിന് കാരണമാകുകയും ചെയ്യും. നെയില്‍ പോളിഷ് റിമൂവറിന്‍റേത് മാതിരിയുള്ള മണമാണ് കീറ്റോ ഡയറ്റ് വായ്ക്ക് സമ്മാനിക്കുക. 

 

ഇക്കാരണങ്ങള്‍ കൊണ്ട് പരിമിതമായ അറിവ് വച്ച് കീറ്റോ ഡയറ്റിന് പിന്നാലെ പോകരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡോക്ടറെ സമീപിച്ച് മുന്‍കാല രോഗങ്ങളുടെയും ആരോഗ്യസ്ഥിതിയുടെയുമൊക്കെ അടിസ്ഥാനത്തില്‍ മാത്രമേ ഏതെങ്കിലും പ്രത്യേക ഡയറ്റ് പിന്തുടരാന്‍ ആരംഭിക്കാവൂ. 

English Summary : Ravindra Jadeja shares funny tweet about Keto Diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com