മദ്യം കഴിക്കാത്തതിനാലുള്ള ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ വീട്ടില്‍ ചെയ്യാവുന്ന 7 കാര്യങ്ങൾ

Mail This Article
സ്ഥിരമായി അമിത അളവിൽ മദ്യം കഴിക്കുന്നവർക്ക് അതു മുടങ്ങുന്നത് കോവിഡിനേക്കാള്‍ വലിയ പ്രശ്നമായി മാറാമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഏതാനും പേര്‍ ഇതിനകം പിന്‍മാറ്റലക്ഷണങ്ങളെ തുടര്‍ന്ന് ഡീ അഡിക്‌ഷന്‍ സെന്‍ററുകളിലേക്ക് എത്തുകയും ചെയ്തു. കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും പല വീട്ടമ്മമാർക്കും അല്‍പം ആശ്വാസത്തിനുള്ള വക കൂടിയാണ് ബവ്റിജസ് ഷോപ്പുകളും ബാറുകളും കള്ളുഷാപ്പുമൊക്കെ പൂട്ടിയത്. പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ ഭര്‍ത്താവ് വീട്ടില്‍ തന്നെയുണ്ട്, പോരാത്തതിനു മദ്യപാനവുമില്ല. ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം സമയം ചിലവഴിക്കാന്‍ ഭര്‍ത്താവിനെ ഇങ്ങനെ, ഇത്രയും ദിവസം പച്ചയ്ക്കു കിട്ടുന്നതും പല വീടുകളിലും ആദ്യം.
എന്നാല്‍ പതിവായി മദ്യപിച്ചിരുന്ന, മദ്യം ഒഴിവാക്കാന്‍ പറ്റാതിരുന്ന പലര്‍ക്കും അതു കിട്ടാതായത് ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളിലേക്കും നയിക്കുന്നുണ്ട്. മദ്യത്തിന് അടിമയായവർക്ക് പെട്ടെന്ന് മദ്യം നിര്‍ത്തുമ്പോഴോ കിട്ടാതാവുമ്പോഴോ ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങളാണ് പിന്‍മാറ്റലക്ഷണങ്ങള്‍ അഥവാ വിത്ഡ്രാവല്‍ സിംപ്റ്റംസ്. പതിവായി മദ്യപിക്കാത്ത, അമിത മദ്യപാന ശീലമില്ലാത്ത ഒരാള്‍ക്ക് സാധാരണ നിലയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ല.
ഒരാള്‍ എത്രമാത്രം മദ്യത്തിന് അടിമപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാവുക. ഉറക്കക്കുറവ്, കൈ വിറയല്‍, ഉത്കണ്ഠ, വിശപ്പുകുറവ്, അമിതവിയര്‍പ്പ്, ഓക്കാനം, തലവേദന, വിഷാദം, ക്ഷീണം, മൂഡ് മാറ്റം എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങള്‍. സാധാരണനിലയില്‍ മദ്യം കഴിക്കാനാകാതെ വന്ന് എട്ടുമണിക്കൂറിനു ശേഷമായിരിക്കും ഇവ കണ്ടുതുടങ്ങുക.
എന്നാല്‍ അപൂര്‍വം ചിലരില്‍ പിന്‍മാറ്റലക്ഷണങ്ങള്‍ അതി തീവ്രമായി മാരകമാവാം. 45 വയസ്സിനു മുകളില്‍ കൂടുതല്‍ പ്രായമുള്ള തീവ്ര മദ്യപാനികളിലാണ് ഡെലീരിയം ട്രെമെന്‍സ് (ഡിടി) എന്ന ഗുരുതരാവസ്ഥ സാധാരണ ഉണ്ടാവുക. ഇത്തരക്കാരില്‍ പലരിലും മദ്യം നിര്‍ത്തുന്നതിനു പിന്നാലെ അപസ്മാര ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം. ഹൃദയമിടിപ്പോ രക്തസമ്മര്‍ദമോ അസാധാരണമാം വിധം കൂടുകയും ചെയ്യാം. അപൂര്‍വമായി ഡെലീരിയം ട്രെമെന്‍സ് മരണത്തിലേക്കും നയിക്കാം. എന്നാല്‍ ഭൂരിഭാഗം പേരിലും പിന്‍മാറ്റപ്രശ്നങ്ങള്‍ വലിയ അപകടകാരിയല്ല. പക്ഷേ അതുണ്ടാക്കുന്ന അസ്വസ്ഥതയും പ്രശ്നങ്ങളും മറികടക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങളുണ്ട്.
1. തിരിച്ചറിയുക
മദ്യം കഴിക്കാനാകാതെ വരുന്ന ആദ്യ ദിനങ്ങളില്‍ തന്നെയുണ്ടാകുന്ന കൈവിറയല്‍ മുതല്‍ മാനസികാസ്വസ്ഥതകള്‍ വരെ പിന്‍മാറ്റ ലക്ഷണങ്ങളാണെന്ന് മനസ്സിലാക്കുക എന്നത് പ്രധാനമാണ്. സാധാരണനിലയില്‍ മൂന്നു മുതല്‍ അഞ്ചു വരെ ദിവസത്തിലധികം ഈ ലക്ഷണങ്ങള്‍ നീണ്ടിനില്‍ക്കാറില്ല. തുടര്‍ന്നും മദ്യപിക്കുന്നവരില്‍ അടുത്ത തവണ കൂടുതല്‍ തീവ്രമായ വിത്ഡ്രോവല്‍ സിംപ്റ്റംസ് കാണിച്ചെന്നു വരും. അതിനാല്‍ തന്‍റെ മദ്യപാനം പരിധിക്കു മുകളിലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ഒരു സുവര്‍ണാവസരമാണിത്. മദ്യപാനം എന്നേക്കുമായി അവസാനിപ്പിക്കാനുള്ള ഒരു അവസരം കൂടിയായി ഈ കോവിഡ് ഒഴിവുകാലത്തെ പ്രയോജനപ്പെടുത്താം.
2. വേണ്ടത്ര ശുദ്ധജലം കുടിക്കുക
പിന്‍മാറ്റ പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് വെള്ളം. അമിത മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം വേണ്ടത്ര ശുദ്ധജലം കുടിക്കുന്നതിലൂടെ ഒഴിവാക്കാനാകും. തലേദിവസം രാവിലെ മദ്യപിച്ചിട്ടുണ്ടെങ്കില്‍ രാവിലെതന്നെ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഇത് വിത്ഡ്രോവല്‍ സിംപ്റ്റംസിന്‍റെ ഭാഗമായുള്ള ക്ഷീണം, ചിന്താക്കുഴപ്പം എന്നിവ കുറയ്ക്കും
3. ഇലക്ട്രോലൈറ്റ്
ശരീരത്തിലെ പ്രധാന പോഷകങ്ങളായ കാല്‍സ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയവയുടെ കുറവുമൂലം പേശിവലിവ്, ശരീരഭാഗങ്ങളില്‍ മരവിപ്പ്, ജന്നി തുടങ്ങിയ പിന്‍മാറ്റ ലക്ഷണങ്ങളുണ്ടവാം. അത് ഒഴിവാക്കാൻ അത്തരം പോഷകങ്ങളടങ്ങിയ ഇലക്ട്രോലൈറ്റ് പാനീയങ്ങളോ ജ്യൂസോ കുടിക്കുക.
4. സമീകൃതാഹാരം
പിന്‍മാറ്റസംബന്ധമായ, ക്ഷീണമുള്‍പ്പെടയുള്ള ശാരീരിക പ്രശ്നങ്ങളെ മറികടക്കാന്‍ ശരീരം കരുത്തു നേടേണ്ടതുണ്ട്. ഇതിനായി പോഷക സമൃദ്ധമായ സമീകൃത ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.
5. കുളിക്കാം
കുളിക്കുന്നത് മദ്യം ശരീരത്തിലുണ്ടാക്കിയ മാറ്റങ്ങളെ പരിഹരിക്കാന്‍ ഉപകരിക്കില്ലെങ്കിലും ശരീരവും മനസ്സും റിലാക്സാവാന്‍ ഉപകരിക്കും. അമിതമായി ചൂടുള്ളതോ അമിതമായി തണുത്തതോ ആയ വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തില്‍ അപകടകരമായ താപനില വ്യതിയാനം വരുത്താം. ഇളം ചൂടുവെള്ളത്തിലുള്ള കുളിയാണ് ഉത്തമം.
6. ദീര്‍ഘ ശ്വസനം
പിന്‍മാറ്റ ലക്ഷണങ്ങളുള്ള സമയത്ത് ബോധപൂര്‍വം ദീര്‍ഘമായി ശ്വസിക്കാന്‍ ശ്രമിക്കുന്നത് ഹൃദയനിരക്കിലെ വര്‍ധനവ്, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ലക്ഷണങ്ങളെ വേഗത്തില്‍ ലഘൂകരിക്കും.
7. യോഗ, മെഡിറ്റേഷന്‍
യോഗ, മെഡിറ്റേഷന്‍ എന്നിവയും വിവിധ തരം സ്ട്രെച്ചിങ് വ്യായാമങ്ങളും പിന്‍മാറ്റ ലക്ഷണങ്ങളെ വേഗം മറികടക്കാന്‍ സഹായിക്കും.
ഈ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നത്, മദ്യം ലഭിക്കാത്തതുകൊണ്ടുള്ള പിന്‍മാറ്റലക്ഷണങ്ങളെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കും
(ഹെല്‍ത് ജേണലിസ്റ്റും പോസിറ്റീവ് സൈക്കോളജിസ്റ്റുമാണ് ലേഖകൻ)